SignIn
Kerala Kaumudi Online
Saturday, 19 September 2026 2.09 AM IST

പാർട്ടി പേരും ചിഹ്നവും പോയി; മമതയ്‌ക്ക് കനത്ത തിരിച്ചടി, പാർട്ടി സ്ഥാനാർത്ഥി പിന്മാറി

d

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് ഒന്നിനു പിന്നാലെ ഒന്നായി തിരിച്ചടി. പാർട്ടി ചിഹ്നവും പേരും തിരഞ്ഞെടുപ്പ്. കമ്മിഷൻ മരവിപ്പിച്ചതിന് പിന്നാലെ നന്ദിഗ്രാമം ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി സഞ്ചിത പ്രധാൻ ദേ നാടകീയമായി പിന്മാറി. പകരം കോൺഗ്രസ് സ്ഥാനാർത്ഥി മിലാൻ പ്രധാന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകൾക്കകം ഒരു കൊലക്കേസിൽ അദ്ദേഹത്തെ അറസ്റ്ര് ചെയ്‌തു.

നന്ദിഗ്രാം കൂടാതെ രെജിനഗർ നിയമസഭാ സീറ്റിലും ഒക്ടോബർ 6ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതിനിടെയാണ് തൃണമൂൽ കോൺഗ്രസിന്റെ 'പൂക്കളും പുല്ലും' ചിഹ്നവും, ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് പാർട്ടി എന്ന പേരും മരവിപ്പിച്ചത്. പകരം തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത് 'ഫുട്ബാൾ കളിക്കാരൻ' എന്ന ചിഹ്നവും 'മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്' എന്ന പേരും. അരുപ് റായിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് 'കവർ' ചിഹ്നവും, 'ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്' എന്ന പേരും കമ്മിഷൻ നൽകി.

തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നം മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെ കോൺഗ്രസ് വിമർശിച്ചു. ആദ്യം ശിവസേന,പിന്നീട് എൻ.സി.പി,ഇപ്പോൾ തൃണമൂൽ കോൺഗ്രസെന്ന് രാഹുൽഗാന്ധി പ്രതികരിച്ചു. പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ നൽകിയ സമ്മാനമാണിതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പരിഹസിച്ചു.

മൂന്നാം മുന്നണി നീക്കം?

കഴിഞ്ഞദിവസം ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി, മമത ബാനർജിയെ സന്ദ‌ർശിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി. മൂന്നാം മുന്നണി രൂപീകരണ നീക്കമാണോ ഇതെന്ന ചർച്ചകളാണ് നടക്കുന്നത്. അതേസമയം, കൊൽക്കത്തയിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയപ്പോൾ മമതയെ കാണുക മാത്രമാണുണ്ടായതെന്ന് കനിമൊഴിയോടടുത്ത വൃത്തങ്ങൾ പറയുന്നു. ശിവസേന ഉദ്ദവ് വിഭാഗം നേതാവ് ഉദ്ദവ് താക്കറെ, എൻ.സി.പി ശരദ് വിഭാഗം നേതാവ് ശരദ് പവാർ തുടങ്ങിയവരെ അടുത്തിടെ കനിമൊഴി കണ്ടിരുന്നു. തമിഴ്നാട്ടിലെ ടി.വി.കെ സർക്കാരിന് കോൺഗ്രസ് പിന്തുണ നൽകിയതിന് പിന്നാലെയാണ് ഡി.എം.കെ നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, MAMATA BANERJEE, TMC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360