
ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ത്യയില്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും മഴയുടെ അളവില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജൂണ്‍ നാലിനും 15നും ഇടയില്‍ സാധാരണ ലഭിക്കേണ്ട മഴ ലഭിച്ചിട്ടില്ല. സാധാരണഗതിയില്‍ ലഭിക്കേണ്ട 53.7 മില്ലിമീറ്റര്‍ മഴയുടെ സ്ഥാനത്ത് 19.2 മില്ലീമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്.
ഇന്ത്യയില്‍ ലഭിക്കേണ്ട മഴയുടെ ആകെ അളവില്‍ നിന്ന് 64 ശതമാനം കുറവാണ് ഉണ്ടായത്. ജൂണ്‍ 15ന് കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം പകര്‍ത്തിയ ചിത്രങ്ങളില്‍ മണ്‍സൂണിന്റെ കുറവ് കൂടുതല്‍ വ്യക്തമാണ്. സജീവമായ കാലവര്‍ഷത്തില്‍ സാധാരണ കാണാറുള്ള വിപുലമായ മേഘാവരണത്തിന് പകരം, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെയും മദ്ധ്യ ഇന്ത്യയുടെയും ഭൂരിഭാഗം പ്രദേശങ്ങളും അസാധാരണമാംവിധം മേഘങ്ങളുടെ അഭാവമാണുള്ളത്.
ഹിമാലയന്‍ പ്രദേശം, വടക്കുകിഴക്കന്‍ ഇന്ത്യ, ഇന്‍ഡോ-ഗംഗാ സമതലത്തിന് വടക്കുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് കാര്യമായി മേഘങ്ങളുള്ളത്. അതുപോലൈ തന്നെ അറബിക്കടല്‍ വഴിയുള്ള കാലവര്‍ഷവും ദുര്‍ബലമാണ്. കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മദ്ധ്യ ഇന്ത്യ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയിരുന്നുവെങ്കിലും മഴ ദുര്‍ബലമായിരുന്നു. ഈ ആഴ്ച അവസാനത്തോടെ അന്തരീക്ഷത്തില്‍ മാറ്റം വരുന്നതോടെ മഴ ക്രമേണ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |