ചെന്നൈ: റെയില്‍വേ സ്റ്റേഷനില്‍ വനിതാ ടിടിഇയും വിദ്യാര്‍ത്ഥിനിയും തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. ചെന്നൈയിലെ എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ എത്തിയ നിയമ വിദ്യാര്‍ത്ഥിനിയോട് ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. പ്ലാറ്റ്‌ഫോമില്‍ വിദ്യാര്‍ത്ഥിനിയെ കണ്ട ടിടിഇ പരിശോധനയുടെ ഭാഗമായി ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ താന്‍ യാത്ര ചെയ്യാനോ ട്രെയിനില്‍ കയറാനോ വന്നതല്ല എന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മറുപടി.
എന്നാല്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് കാണിക്കണം എന്നായി ടിടിഇയുടെ ആവശ്യം. പ്ലാറ്റ്‌ഫോം ടിക്കറ്റും കൈവശമില്ലെന്ന് വിദ്യാര്‍ത്ഥിനി മറുപടി നല്‍കിയപ്പോള്‍ ഓഫീസിലേക്ക് വരണം എന്നായി ടിടിഇ. പിഴ ചുമത്തുന്നതിന് മുന്നോടിയായിട്ടാണ് ഓഫീസിലേക്ക് വരാന്‍ ആവശ്യപ്പെട്ടത് എന്നാണ് ഉദ്യോഗസ്ഥ നല്‍കുന്ന വിശദീകരണം. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു.
കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ ടിടിഇ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പെണ്‍കുട്ടി ആരോപിച്ചു. ഫോണ്‍ പിടിച്ചു വാങ്ങുന്നതിനിടെ വിദ്യാര്‍ത്ഥിനി ടിടിഇയുടെ മുഖത്തടിച്ചു. പ്രകോപിതയായ ടിടിഇ തിരിച്ചും മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ മറ്റൊരു ജീവനക്കാരിയും വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചു. എഗ്മോര്‍ പൊലീസ് സ്ഥലത്തെത്തി ഇരുവര്‍ക്കുമെതിരെ കേസെടുത്തു. സംഭവത്തില്‍ സിസിടിവി ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ച് നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |