SignIn
Kerala Kaumudi Online
Friday, 30 October 2026 2.26 AM IST

എം.എൽ.സി തിരഞ്ഞെടുപ്പ്, ബാലറ്റ് പേപ്പറും രക്ഷിച്ചില്ല, പ്രതിരോധത്തിൽ കോൺഗ്രസ്

d

ന്യൂഡൽഹി: ഇലക്‌‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടക്കുന്നുവെന്നും ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെടുന്ന കോൺഗ്രസിന് നാല് സംസ്ഥാനങ്ങളിലെ എം.എൽ.സി തിരഞ്ഞെടുപ്പ് ഫലങ്ങൾ തിരിച്ചടിയായി. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ ബി.ജെ.പിക്കും കേന്ദ്രസർക്കാരിനും ലഭിച്ച ആയുധവുമായി.

യു.പി, ബീഹാർ, മഹാരാഷ്‌ട്ര, കർണാടക സംസ്ഥാനങ്ങളിലെ 28 എം.എൽ.സി സീറ്റുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന തിരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. മൊത്തം 12 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്.

2014 മുതലുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിജയം നേടുന്നത് വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാട്ടിയാണെന്ന കോൺഗ്രസ് ആരോപണമാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്. എന്നാൽ, ബിരുദധാരികളും അദ്ധ്യാപകരുമടക്കം മണ്ഡലത്തിലെ ഒരു വിഭാഗം ആളുകൾ മാത്രം പങ്കെടുക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ജനവിധിയായി വിലയിരുത്താനാകില്ലെന്ന് കോൺഗ്രസ് വാദിക്കുന്നു.

കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിൽ ഒരു സിറ്റിംഗ് സീറ്റ് അടക്കം നാലു സീറ്റുകളിലാണ് തോൽവി നേരിട്ടത്. കൈവശമിരുന്ന ബംഗളൂരു

അദ്ധ്യാപക സീറ്റിൽ എൻ.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.എസിനോട് തോറ്റത് പ്രഹരമായി. സിദ്ധരാമയ്യയെ മാറ്റി മുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാറിനെതിരെ പാർട്ടിയിൽ വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. 2028ൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെയാണ് തിരിച്ചടി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ സ്വദേശവും ആർ.എസ്.എസ് ആസ്ഥാനവുമായ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ബിരുദ സീറ്റ് നിലനിറുത്തിയത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. സിറ്റിംഗ് എം.എൽ.സി അഭിജിത് വാഞ്ചാരി ബി.ജെ.പി സ്ഥാനാർത്ഥിയെ തോല്പിച്ചു. മഹാരാഷ്ട്രയിലെ അഞ്ചു സീറ്റിൽ ഒന്നുമാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്.

യു.പിയിൽ 6 സീറ്റിൽ

ബി.ജെ.പി

അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ 11 സീറ്റിൽ ആറിൽ ബി.ജെ.പിയും അഞ്ചിൽ സമാജ്‌വാദി പാർട്ടിയുമാണ് ജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലെ അദ്ധ്യാപക സീറ്റ് നിലനിറുത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സമാജ്‌വാദി പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നു. എട്ട് സീറ്റിൽ തിരഞ്ഞെടുപ്പ് നടന്ന ബീഹാറിൽ ബി.ജെ.പി മൂന്നിടത്തും ജെ.ഡി.യു, ആർ.ജെ.ഡി, ജൻസുരാജ് പാർട്ടികൾ ഒന്നുവീതവും രണ്ടിടത്ത് സ്വതന്ത്രരും ജയിച്ചു. ജൻസുരാജ് കന്നി വിജയം നേടിയതാണ് ബീഹാറിലെ പ്രത്യേകത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360