SignIn
Kerala Kaumudi Online
Friday, 30 October 2026 1.15 AM IST

'കർഷകരെ സഹായിക്കണം': പാൽ വില എട്ട് രൂപയായി വർദ്ധിപ്പിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

dk-shivakumar
നന്ദിനി പാൽ, മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബംഗളൂരു: നന്ദിനി പാലിന്റെ വില ലിറ്ററിന് എട്ട് രൂപ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പാലിന്റെ ഉത്പാദനച്ചെലവും ഗതാഗതച്ചെലവും കൂടിയ സാഹചര്യത്തിൽ കർഷകർക്ക് നഷ്ടം ഒഴിവാക്കാനാണ് വില വർദ്ധിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ബസ് യാത്രാനിരക്കും വരുംദിവസങ്ങളിൽ വർദ്ധിപ്പിച്ചേക്കുമെന്ന് മുഖ്യമന്ത്രി സൂചന നൽകി.

പാൽവില വർദ്ധിപ്പിക്കാൻ വ്യാഴാഴ്ച ചേർന്ന കർണാടക മന്ത്രിസഭയാണ് തീരുമാനമെടുത്തത്. ലിറ്ററിന് എട്ട് രൂപയിൽ ഏഴ് രൂപ കർഷകർക്ക് ലഭിക്കും. ശേഷിക്കുന്ന ഒരു രൂപ കർണാടക മിൽക്ക് ഫെഡറേഷനാണ് (കെ.എം.എഫ്) ലഭിക്കുക. നവംബർ ഒന്നുമുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. കെ.എം.എഫിന്റെ ഉത്പന്നങ്ങളാണ് നന്ദിനി എന്ന ബ്രാൻഡിൽ വിപണിയിലെത്തുന്നത്. പാൽവില വർദ്ധിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ രണ്ടുവർഷമായി ഉയരുന്നുണ്ടെന്ന് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ശിവകുമാർ പറഞ്ഞു. കർഷകരുടെ താത്പര്യം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വില വർദ്ധനവ് ഉപഭോക്താക്കൾക്ക് അധികഭാരമേൽപ്പിക്കില്ലേയെന്ന ചോദ്യത്തിന്, കർഷകരുടെ താത്പര്യവും പരിഗണിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 'കർഷകരുണ്ടെങ്കിലേ നമുക്ക് പാൽ കുടിക്കാനാകൂ. അല്ലെങ്കിൽ പാൽ ലഭിക്കുമോ?' അദ്ദേഹം ചോദിച്ചു. പാലിന്റെ പാക്കിംഗിനുപയോഗിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലയും ഡീസൽ, പെട്രോൾ എന്നിവയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്. ഇത് ഗതാഗതച്ചെലവ് ഉയരാൻ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലിറ്ററിന് 12 മുതൽ 15 രൂപവരെ കൂട്ടണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും എല്ലാവരുമായും ചർച്ച ചെയ്ത ശേഷമാണ് എട്ട് രൂപയായി വില ഉയർത്തിയതെന്ന് ശിവകുമാർ പറഞ്ഞു.

അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ പാലിന് വില കുറവാണെന്നും ഇതുമൂലം പാൽ മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്ന സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ വിലയുടെ ആനുകൂല്യം മുതലെടുത്ത് ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പാൽ കൊണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സംസ്ഥാനത്ത് ബസ് നിരക്കും വർദ്ധിപ്പിച്ചേക്കുമെന്ന സൂചനയും മുഖ്യമന്ത്രി നൽകി. ഗതാഗത കോർപ്പറേഷനുകൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഡീസൽ വാങ്ങാൻ പോലും പണമില്ലാത്ത സാഹചര്യമുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്നതിനാൽ ഗതാഗത വകുപ്പിന്റെ സാമ്പത്തിക ബാധ്യത വർദ്ധിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ നിരക്ക് വർദ്ധനവുമായി സംബന്ധിച്ച് തീരുമാനമെടുക്കാൻ ഗതാഗത വകുപ്പിനോട് നിർദേശിച്ചിട്ടുണ്ടെന്നും ശിവകുമാർ വ്യക്തമാക്കി.

English Summary

Karnataka Chief Minister D.K. Shivakumar justified an 8-rupee per liter hike in Nandini milk prices, effective November 1. The decision aims to compensate farmers for increased production and transportation costs, ensuring their sustainability. Seven rupees will go to farmers, one to KMF. Shivakumar also hinted at a potential bus fare increase due to transport corporations' financial struggles.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DK SHIVAKUMAR, KARNATAKA CM, LATESTNEWS, NATIONALNEWS, BUS CHARGE HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360