
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ തുടർച്ചയായി പുതിയ പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിൽ കപ്പൽ നിർമ്മാണ ശാല സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു, 100 കോടി ഡോളർ (ഏകദേശം 10000 കോടി രൂപ) നിക്ഷേപിക്കാനുള്ള പദ്ധതിക്ക് ടാറ്റ ഗ്രൂപ്പ് അനുമതി തേടിയതായി വി.ഡി. സതീശൻ പറഞ്ഞു.
ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ടാറ്റയുടെ നിർദ്ദേശം സർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്നും ഒരു മാസത്തിനുള്ളിൽ അന്തിമ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ സ്ഥലം സർക്കാർ വിട്ടുനൽകുമെന്നും മുഖ്യമന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി.
കപ്പൽ നിർമ്മാണ മേഖലയിലേക്ക് ആദ്യമായാണ് ടാറ്റ ഗ്രൂപ്പ് കടക്കുന്നത്. വിഴിഞ്ഞത്തെയും കൊച്ചിയിലെയും തുറമുഖങ്ങൾക്ക് സമീപം കപ്പൽ നിർമ്മാണം, അനുബന്ധ സേവനങ്ങൾ എന്നിവയ്ക്ക് കേരളം പദ്ധതി ആവിഷ്കരിക്കുന്നുണ്ട്. കൂടുതൽ തുറമുഖങ്ങൾ നിർമ്മിക്കാനും തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് പുതിയ സമുദ്ര പാത പദ്ധതി കേരളം ലക്ഷ്യമിടുന്ന വേളയിലാണ് കപ്പൽ നിർമ്മാണ ശാലയുമായി ടാറ്റ വരുന്നത്. അതേസമയം ഇക്കാര്യത്തിൽ ടാറ്റയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
അതിനിടെ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പിന്റെ ഓഹരിയിൽ ഒരുഭാഗം ആഗോളകപ്പൽ കമ്പനിയായ എം.എസ്.സിക്ക് വിറ്റുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അദാനിയും എം.എസ്.സിയും തമ്മിലുള്ള കരാർ നിലവിൽ സർക്കാരിന്റെ പരിഗണനയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |