SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.06 PM IST

ദളപതിയുടെ കന്നി വിജയം സംവിധായകൻ നേരത്തെ പ്രവചിച്ചോ? കൈയടിച്ച് ആരാധകർ 

vijay-tvk

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിൽ തന്നെ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് വിജയ് കാഴ്ചവയ്ക്കുന്നത്. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും (പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്) വിജയ് ലീഡ് ചെയ്തു. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം വെള്ളിത്തിരയിൽ നിന്ന് ഭരണസിംഹാസനത്തിലേക്ക് നടന്നു കയറുന്ന തമിഴകത്തിന്റെ പ്രിയതാരമായി വിജയ് മാറുകയാണ്. ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും കോട്ടകൾ തകർത്ത് ടിവികെ നേടിയ വിജയം പുതിയ രാഷ്ട്രീയ യുഗത്തിന്റെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. ടിവികെ പ്രവർത്തകരും ആരാധകരും ആഘോഷം തുടങ്ങിക്കഴിഞ്ഞു. സിനിമാ ലോകത്തുനിന്നും താരത്തിന് അഭിനന്ദന പ്രവാഹമാണ്.

ഇപ്പോഴിതാ 2024-ൽ പുറത്തിറങ്ങിയ വെങ്കട്ട് പ്രഭു സംവിധാനം ചെയ്‌ത 'ദി ഗോട്ട്' എന്ന സിനിമയിൽ ഒരു കാറിന്റെ നമ്പർ പ്ലേറ്റാണ് ചർച്ചയാകുന്നത്. തന്റെ മുഖ്യമന്ത്രി പദം താരം രണ്ടു വർഷം മുൻപേ പ്രവചിച്ചിരുന്നോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ചിത്രത്തിൽ വിജയ് ഉപയോഗിക്കുന്ന മാരുതി ഫ്രോങ്ക്സ് കാറിന്റെ നമ്പർ 'TN07CM2026' എന്നായിരുന്നു. ഇതിലെ 'CM 2026' എന്നത് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് മുഖ്യമന്ത്രിയാകുമെന്നതിന്റെ കൃത്യമായ സൂചനയായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. അന്നും ഇതുമായി ബന്ധപ്പെട്ട് പല ചർച്ചകളും നടന്നിരുന്നു.

ഇതിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം സംവിധായകൻ വെങ്കട്ട് പ്രഭുവിന്റെ പ്രതികരണമാണ്. താരത്തിന്റെ ഫോട്ടോ ടിവികെ പതാകയിൽ ആലേഖനം ചെയ്ത വീഡിയോ പങ്കുവച്ചായിരുന്നു The Greatest of All Time എന്ന അടിക്കുറിപ്പോടെ വിജയ്‌ക്ക് പ്രശംസ അറിയിച്ചത്. ഇതോടെ ആരാധകർ വെങ്കട്ട് പ്രഭുവിനെ 'തമിഴ്നാടിന്റെ നൊസ്ട്രഡാമസ്' എന്ന് വിശേഷിപ്പിച്ചതും ചർച്ചയായി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സിനിമയിൽ കാണിച്ചിരുന്ന പ്രവചനങ്ങളൊക്കെ സത്യമായെന്നാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. യുവ വോട്ടർമാരുടെ വലിയ പിന്തുണയാണ് വിജയിയുടെ മുന്നേറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

A post shared by Cinema Express (@xpresscinema)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, TVKPARTY, VIJAYAM, GOAT, LATETSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360