SignIn
Kerala Kaumudi Online
Monday, 02 November 2026 1.11 AM IST

രാഹുലിന്  യോഗം മോക് പാർലമെന്റ്, ഒരിക്കലും  പ്രധാനമന്ത്രിയാവില്ലെന്ന് അമിത് ഷാ

READ ENGLISH VERSION
shah

ന്യൂഡൽഹി: പ്രധാനമന്ത്രിയാകണമെന്ന രാഹുൽ ഗാന്ധിയുടെ മോഹം പൂ‌വണിയാകാൻ പോകുന്നില്ലെന്നും ​ജീവിതകാലം മുഴുവൻ മോക് പാർലമെന്റിൽ ഇരിക്കാനാണ് യോഗമെന്നും പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോക് പാർലമെന്റ് നടത്തി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്‌തതായി പ്രഖ്യാപിച്ച 'ഇന്ത്യ' സഖ്യത്തിന്റെ നടപടിയെയും വിമ‌ർശിച്ചു.

മകൻ പ്രധാനമന്ത്രിയാകണമെന്നാണ് സോണിയ ഗാന്ധിയുടെ സ്വപ്‌നം. അതു നടക്കാത്തതിനാൽ കണ്ടെത്തിയ പുതിയ മാർഗമാണ് മോക് പാർലമെന്റ്. ജീവിതകാലം മുഴുവൻ ആ മോക് പാർലമെന്റിൽ തന്നെ ഇരുന്നോളൂ. 15 വർഷമായി കോൺഗ്രസ് പരാജയപ്പെടുകയാണ്. അടുത്ത മൂന്നു പൊതു തിരഞ്ഞെടുപ്പുകളിലും വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ടി വരും. ചണ്ഡിഗറിൽ 258 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ‌്ത ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ.

സിഖ് വികാരം വ്രണപ്പെടുത്തിയെന്ന്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാബിൽ സംഘടിപ്പിച്ച പൊതുറാലിയിൽ,​ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിനു പിന്നാലെയുണ്ടായ സിഖ് വിരുദ്ധ കലാപത്തെയും അമിത് ഷാ ആയുധമാക്കി. 1984 നവംബർ ഒന്നിന് നിരവധി സിഖുകാർ ഡൽഹിയിൽ കൊല്ലപ്പെട്ടു. നവംബർ ഒന്ന് ആയിരുന്ന ഇന്നലെ ഡൽഹിയിലെ രാംലീല മൈതാനിയിൽ റാലി നടത്തി സിഖ് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയിരിക്കുകയാണ് കോൺഗ്രസ്. ആയിരക്കണക്കിനു പേരെയാണ് ജീവനോടെ ചുട്ടുകൊന്നത്. 'വൻമരം വീഴുമ്പോൾ ഭൂമി കുലുങ്ങുമെന്നാണ്' അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രതികരിച്ചത്.

കോൺഗ്രസ് നേതാക്കൾക്ക് മാത്രമേ ഇത്രയും ക്രൂരമായി പറയാൻ സാധിക്കുകയുള്ളു. രാജീവിന്റെ മകൻ രാഹുൽ അതേദിവസം റാലി സംഘടിപ്പിച്ചത് ഇരകളുടെ മുറിവിൽ ഉപ്പു പുരട്ടുന്നതിന് തുല്യമാണ്. ഇതിനു പിന്നിൽ വിദേശത്തുനിന്നുള്ള നിർദ്ദേശമുണ്ട്. രാജ്യവും പഞ്ചാബും ഒരിക്കലുമിത് മറക്കില്ല. മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ,കലാപകാരികൾക്കെതിരായ കേസുകളിൽ സമഗ്ര അന്വേഷണം നടത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകി. പ്രതികളായ കോൺഗ്രസിലെ പ്രമുഖ നേതാക്കളെ ജയിലിലടച്ചു. ഒരു രാഷ്ട്രീയ പാർട്ടി ഇത്തരത്തിൽ കലാപങ്ങൾ ആളിക്കത്തിക്കുന്നത് ഇന്ത്യ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHAH, RAHULGANDHI, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360