SignIn
Kerala Kaumudi Online
Thursday, 10 September 2026 1.35 PM IST

'വസ്ത്രം മുതൽ ശരീരഭാരം വരെ അയാൾ തീരുമാനിക്കും; അവസാനം നന്ദി പറയണം, പുതിയ പെൺകുട്ടികളെ എത്തിക്കാൻ ആവശ്യപ്പെടും'

epstein-and-ghislaine-
ജെഫ്രി എപ്‌സ്റ്റീൻ,​ യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ജെഫ്രി എപ്‌സ്റ്റീനെ സഹായിച്ച കേസിലെ പ്രതി ഘിസ്‌ലെയ്ൻ മാക്‌സ്‌വെൽ

വാഷിംഗ്ടൺ: അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്‌സ്റ്റീൻ യുവതികളെ ലൈംഗിക അടിമകളാക്കി വച്ചിരുന്ന സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി യുവതി. ഇരുപത്തിരണ്ടാം വയസിൽ റഷ്യയിൽ നിന്നും ന്യൂയോർക്കിൽ എത്തിയപ്പോൾ എപ്സ്റ്റീന്റെ കെണിയിൽ അകപ്പെട്ടുപോയ ജൂലിയ മോൽചനോവ എന്ന യുവതിയാണ് താൻ അനുഭവിച്ച ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

എപ്‌സ്റ്റീൻ യുവതികളെ എങ്ങനെയാണ് നിയന്ത്രിച്ചിരുന്നതെന്നും പീഡനം മറച്ചുവയ്ക്കാൻ ‘അസിസ്റ്റന്റ്’ എന്ന പദം ഉപയോഗിച്ചിരുന്നതായും അവർ വെളിപ്പെടുത്തി. എപ്‌സ്റ്റീന്റെ ആഡംബര വീടുകളിലും ഫ്ളാറ്റുകളിലും നടക്കുന്ന ക്രൂര കൃത്യങ്ങളെ മറച്ചുവയ്ക്കുന്നതിനായാണ് ഈ പദം ഉപയോഗിച്ചിരുന്നത്. വീട്ടിലേക്ക് ആരെങ്കിലും എത്തിയാൽ തന്നെ എപ്‌സ്റ്റീന്റെ അസിസ്റ്റന്റാണെന്ന് പരിചയപ്പെടുത്തിയിരുന്നതെന്ന് ജൂലിയ വ്യക്തമാക്കി. യഥാർഥത്തിൽ അവിടെ താൻ നേരിട്ടിരുന്നത് പീഡനമായിരുന്നുവെന്നും അവർ പറഞ്ഞു.

എപ്സ്റ്റീൻ വിരിച്ച വലയിലേക്ക്

22-ാം വയസിലാണ് താൻ റഷ്യയിൽനിന്ന് ന്യൂയോർക്കിലെത്തുന്നത്. അപ്പോഴാണ് എപ്‌സ്റ്റീനെ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് തനിക്ക് ഇംഗ്ലീഷ് ഭാഷ അറിയില്ലായിരുന്നു. തെരുവിൽവച്ച് പരിചയപ്പെട്ട എപ്‌സ്റ്റീൻ സൗഹൃദപരമായാണ് പെരുമാറിയതെന്നും അതിനാൽ ആദ്യഘട്ടത്തിൽ സംശയം തോന്നിയില്ലെന്നും ജൂലിയ പറഞ്ഞു. അടുത്ത ദിവസം പ്രഭാതഭക്ഷണത്തിന് ക്ഷണിച്ച എപ്‌സ്റ്റീൻ ജൂലിയയുടെ ജീവിതത്തെക്കുറിച്ചും താൽപര്യങ്ങളെക്കുറിച്ചും ചോദിച്ചു.

ഡിസൈനിംഗിലും ഫാഷനിലും താൽപര്യമുണ്ടെന്നും താൻ ഒരു മോശം ബന്ധത്തിലായിരുന്നുവെന്നും മനസിലാക്കിയ എപ്‌സ്റ്റീൻ ഫാഷൻ മേഖലയിൽ തനിക്ക് ബന്ധങ്ങളുണ്ടെന്നും ന്യൂയോർക്കിലെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രവേശനം നേടാൻ സഹായിക്കാമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ അത് നടന്നില്ലെന്നും താൻ റഷ്യയിലേക്ക് മടങ്ങിയെന്നും ജൂലിയ വ്യക്തമാക്കി.

എന്നാൽ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സന്ദർശിക്കാൻ അവസരമൊരുക്കാമെന്ന് പറഞ്ഞ് എപ്‌സ്റ്റീൻ വീണ്ടും തന്നെ ന്യൂയോർക്കിലേക്ക് ക്ഷണിച്ചു. പാരീസിൽവെച്ച് എപ്‌സ്റ്റീനെ വീണ്ടും കണ്ടതോടെയാണ് കാര്യങ്ങൾ മാറിയത്. അവിടെ കാമുകനുമായി തർക്കമുണ്ടായതിനെ തുടർന്ന് ജൂലിയ എപ്‌സ്റ്റീനെ ബന്ധപ്പെട്ടു. റഷ്യയിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് ഏർപ്പെടുത്താമെന്ന് എപ്‌സ്റ്റീൻ വാഗ്ദാനം ചെയ്തു. തുടർന്ന് ന്യൂയോർക്കിലെ മറ്റ് യുവതികൾ താമസിച്ചിരുന്ന ഒരു അപ്പാർട്ട്മെന്റിലേക്ക് തന്നെ മാറ്റുകയായിരുന്നുവെന്ന് ജൂലിയ പറഞ്ഞു.

ഈ കാലയളവിലാണ് പീഡനം ആരംഭിച്ചതെന്നും അവർ വെളിപ്പെടുത്തി.എപ്‌സ്റ്റീൻ വളരെ തന്ത്രശാലിയാണെന്നും വളരെ വിദഗ്ദ്ധമായാണ് ആളുകളെ നിയന്ത്രിച്ചിരുന്നതെന്നും ജൂലിയ പറഞ്ഞു. ലൈംഗികാതിക്രമത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ ഇരകളുടെ മേൽ നിയന്ത്രണം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. യുവതികളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും എപ്‌സ്റ്റീൻ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ക്രെഡിറ്റ് കാർഡുകൾ നൽകിയിരുന്നെങ്കിലും ഓരോ ചെലവിനും വിശദീകരണം നൽകേണ്ടിവന്നു. വാങ്ങിയ സാധനങ്ങളുടെ ബില്ലുകളുടെ ചിത്രങ്ങൾ സൂക്ഷിക്കാനും ആവശ്യപ്പെട്ടിരുന്നു.

ഫോണുകളും ലാപ്‌ടോപ്പുകളും നൽകിയിരുന്നെങ്കിലും അവ എപ്‌സ്റ്റീന്റെ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരുന്നതായും ജൂലിയ പറഞ്ഞു. എന്ത് വസ്ത്രം ധരിക്കണം, മുടി എങ്ങനെ ക്രമീകരിക്കണം, ശരീരഭാരം എത്രയായിരിക്കണം എന്നതുവരെ അദ്ദേഹം നിയന്ത്രിച്ചിരുന്നതായി അവർ വെളിപ്പെടുത്തി. എപ്‌സ്റ്റീൻ തങ്ങൾക്കായി എന്തെങ്കിലും ചെയ്താൽ അതിന് നന്ദി പറഞ്ഞുകൊണ്ട് സന്ദേശമയക്കാനും യുവതികളോട് ആവശ്യപ്പെട്ടിരുന്നു. ബ്രോഡ്‌വേ ഷോ കാണാൻ കൊണ്ടുപോയാൽ അതിനും നന്ദി അറിയിക്കണം. ഇത് ചെയ്യാൻ വിസമ്മതിച്ചാൽ എപ്‌സ്റ്റീൻ ദേഷ്യപ്പെടുകയും അലറുകയും ചെയ്യുമായിരുന്നുവെന്ന് ജൂലിയ പറഞ്ഞു.

ചില അവസരങ്ങളിൽ മുറിയിൽനിന്ന് പുറത്തിറങ്ങരുതെന്ന് യുവതികൾക്ക് നിർദേശം നൽകിയിരുന്നു. ഒരിക്കൽ 24 മണിക്കൂറോളം ഒരു മുറിയിൽനിന്ന് പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്നും അവർ പറഞ്ഞു. എപ്‌സ്റ്റീന്റെ നിയന്ത്രണത്തിലുള്ള ഒരു ദ്വീപിൽ രണ്ടോ മൂന്നോ ദിവസം കഴിയേണ്ടിവന്ന അനുഭവവും ജൂലിയ പങ്കുവച്ചു. സുഹൃത്തുക്കളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും യുവതികളെ അകറ്റിനിർത്തുകയും തങ്ങൾ നേരിടുന്ന അതിക്രമങ്ങൾ ആരോടും തുറന്നുപറയാതിരിക്കാൻ യുവതികളെ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും ജൂലിയ വ്യക്തമാക്കി.

പുതിയ പെൺകുട്ടികളെ എപ്‌സ്റ്റീന്റെ അടുത്തേക്ക് എത്തിക്കാൻ ചുറ്റുമുള്ളവരെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും ജൂലിയ പറഞ്ഞു. എന്നാൽ താൻ ആരെയും അദ്ദേഹത്തിന് പരിചയപ്പെടുത്തിയിട്ടില്ലെന്നും അതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഈ കാലയളവിൽ താൻ പലപ്പോഴും വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നും തെറാപ്പിസ്റ്റിനെ കാണാൻ അനുവദിക്കണമെന്ന് എപ്‌സ്റ്റീനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരസിക്കുകയാണ് ചെയ്തതെന്നും അവർ പറഞ്ഞു.

2019ന്റെ തുടക്കത്തിൽ ക്രെഡിറ്റ് മോണിറ്ററിംഗ് ആപ്പ് പരിശോധിക്കുന്നതിനിടെയാണ് തന്റെ പേരിൽ എടുത്തിട്ടുള്ള ചില ക്രെഡിറ്റ് കാർഡുകളെയും ഇടപാടുകളെയും കുറിച്ച് മോൽചനോവ അറിയുന്നത്. താൻ ഉപയോഗിക്കാത്ത അക്കൗണ്ടുകളായിരുന്നു അവ. പിന്നീട് തന്റെ പേരിൽ എപ്‌സ്റ്റീൻ ഒരു സ്ഥാപനം രൂപീകരിച്ചിരുന്നതായും അവർ മനസിലാക്കി.

എപ്‌സ്റ്റീന്റെ സ്വാധീനവും അധികാരവും കാരണം അധികൃതരിൽനിന്ന് സഹായം തേടുന്നതിനെക്കുറിച്ച് പോലും ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ജൂലിയ പറഞ്ഞു. രാഷ്ട്രീയക്കാരുമായും മറ്റ് സ്വാധീനമുള്ള വ്യക്തികളുമായും ബന്ധമുള്ള ശക്തനായ വ്യക്തിയായിരുന്നു എപ്‌സ്റ്റീൻ. അധികൃതരെ സമീപിച്ചാൽ തന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് ഭയപ്പെട്ടിരുന്നതായും ജൂലിയ വെളിപ്പെടുത്തി. വർഷങ്ങൾക്കുശേഷം എപ്സ്റ്റീൻ തങ്ങളെ എങ്ങനെ നിയന്ത്രിച്ചിരുന്നുവെന്നും ആ നിയന്ത്രണത്തിൽനിന്ന് പുറത്തുകടക്കാനാകാതെ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും പങ്കുവയ്ക്കുകയായിരുന്നു അവർ.

English Summary

Julia Molchanova, a Russian woman, has revealed new details of the severe physical and psychological abuse she suffered under Jeffrey Epstein. She recounted how Epstein manipulated and controlled her and other young women, using the term "assistant" to conceal sexual exploitation in his homes. Molchanova feared seeking help due to Epstein's powerful connections and widespread influence.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JEFFREY EPSTEIN, GHISLAINE MAXWELL, EPSTEIN SURVIVORS, SEXUAL ABUSE ALLEGATIONS, EPSTEIN CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360