അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസമായ ലയണൽ മെസിയുടെ കൈയിൽ മിക്കവാറും കാണാറുള്ള ചെറിയ കപ്പും സ്‌ട്രോയും ആരാധകരെ സംബന്ധിച്ച് ഒരു നിഗൂഢതയാണ്. ദക്ഷിണ അമേരിക്കയിലെ പ്രശസ്‌ത പാനീയമായ 'യെർബ മാതെ'യാണ് ആ കപ്പിനുള്ളിലുള്ളത്. ലോകകപ്പ് ഫുട്‌ബാൾ ആവേശത്തിനൊപ്പം വാർത്തകളിൽ ഇടംപിടിക്കുകയാണ് മെസിയുടെ ഈ ഇഷ്‌ടപാനീയവും.
ഇപ്പോൾ ഇന്ത്യൻ വിപണിയിലും യെർബ മാതെ ലഭ്യമാണ്. 'ഐലക്‌സ് പരാഗ്വാരിയെൻസിസ്' എന്ന സസ്യത്തിന്റെ ഉണങ്ങിയ ഇലകളിൽനിന്നാണ് യെർബ മാതെ തയ്യാറാക്കുന്നത്. മണ്ണിന്റെ മണമുള്ള രുചിയും കാപ്പിക്ക് സമാനമായ കഫീൻ ഉന്മേഷവുമാണ് ഇതിന്റെ പ്രധാന സവിശേഷത. യെർബ മാതെയുടെ ചരിത്രം നൂറ്റാണ്ടുകളോളം പിന്നോട്ട് നീളുന്നതാണ്.
യൂറോപ്യൻ അധിനിവേശത്തിന് മുൻപ്‌തന്നെ ദക്ഷിണ അമേരിക്കയിലെ ഗ്വാരനി, ടുപി ഗോത്രവിഭാഗങ്ങൾ ഇത് ഉപയോഗിച്ചിരുന്നു. ദാഹം അകറ്റാനും ആരോഗ്യസംരക്ഷണത്തിനുമായാണ് അവർ ഈ പാനീയം കുടിച്ചിരുന്നത്. പിന്നീട് വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിച്ചതോടെ യെർബ മാതെ പാരാഗ്വേയുടെ പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങളിലൊന്നായി മാറി.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ യെർബ മാതെ ഉൽപാദിപ്പിക്കുന്നത് ബ്രസീലിലാണ്. അർജന്റീനയും പരാഗ്വേയും ഉൽപാദനത്തിൽ പിന്നിലല്ല. ഇതൊരു പാനീയം മാത്രമല്ല, ദക്ഷിണ അമേരിക്കയിലെ ജനങ്ങളുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരേ പാത്രത്തിൽനിന്ന് മാറിമാറി യെർബ മാതെ കുടിക്കുന്നത് അവിടുത്തെ പതിവാണ്.
'കലാബാഷ്' എന്ന പേരിലുള്ള പ്രത്യേക പാത്രത്തിലാണ് ഈ പാനീയം തയ്യാറാക്കുന്നത്. ബോംബിയ എന്ന ലോഹ സ്‌ട്രോ ഉപയോഗിച്ചാണ് ഇത് കുടിക്കേണ്ടത്. ഒരാൾ കുടിച്ച ശേഷം മറ്റേയാൾക്ക് കൈമാറുന്നതാണ് രീതി. അതിഥിക്ക് യെർബ മാതെ നൽകുന്നത് ആദരവിന്റെയും സൗഹൃദത്തിന്റെയും അടയാളമായാണ് കണക്കാക്കുന്നത്. ചൂടോടെ കുടിക്കുന്നതാണ് സാധാരണമെങ്കിലും തണുപ്പിച്ചും യെർബ മാതെ ഉപയോഗിക്കാറുണ്ട്. പഴച്ചാറുകൾ ചേർത്തും ഇവ തയ്യാറാക്കാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |