അഹമ്മദാബാദ്: രണ്ട് തലയും നാല് കണ്ണുകളുമുള്ള അപൂർവ ഇനം പാമ്പിനെ ഗുജറാത്തിൽ നിന്ന് കണ്ടെത്തി. ദാഹോദ് ജില്ലയിലെ ധൻപൂർ താലൂക്കിലെ അഗസ്വാനി ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്നാണ് ഏകദേശം ആറ് ഇഞ്ച് നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് ദാഹോദ് പ്രകൃതി മിത്ര മണ്ഡൽ പ്രവർത്തകർ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.
പ്രവർത്തകർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വിഷമില്ലാത്ത വുൾഫ് സ്നേക്ക് ആണെന്ന് തിരിച്ചറിയുകയായിരുന്നു. എന്നാൽ പാമ്പിന്റെ ശരീരത്തിൽ രണ്ട് തലകളും നാല് കണ്ണുകളും കണ്ടതിനെത്തുടർന്ന് നാട്ടുകാർ അത്ഭുതപ്പെടുകയായിരുന്നു. ബൈസെഫലി എന്നറിയപ്പെടുന്ന അപൂർവ ജനിതക വൈകല്യമാണ് ഇതിന് കാരണമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
രണ്ട് തലകളും സ്വതന്ത്രമായി പ്രവർത്തിക്കുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. രണ്ട് തലകളിലും പ്രത്യേകം കണ്ണുകളുണ്ട്. ഓരോ തലയ്ക്കും സ്വന്തം തലച്ചോറും നാഡീവ്യവസ്ഥാ ഘടനകളും ഉള്ളതായാണ് കരുതപ്പെടുന്നത്. എന്നാൽ രണ്ട് തലകളും എത്രത്തോളം സ്വതന്ത്രമായി പ്രവർത്തിക്കുന്നു എന്നത് വ്യത്യാസപ്പെടാമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
ഒരു ഭ്രൂണം വളരുന്ന ഘട്ടത്തിൽ വേർപെടാതെ പോകുമ്പോഴോ ഭ്രൂണത്തിന്റെ രൂപീകരണത്തിൽ അസാധാരണത സംഭവിക്കുമ്പോഴോ ഉണ്ടാകാവുന്ന അവസ്ഥയാണ് ബൈസെഫലി. രണ്ട് തലകൾ ഒരേ ശരീരത്തിൽ വികസിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.
സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, മത്സ്യങ്ങൾ തുടങ്ങിയ വിവിധ ജീവികളിൽ ഇത്തരം അപൂർവ വൈകല്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാമ്പുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രധാന വികസന വൈകല്യങ്ങളിൽ ഒന്നാണ് ബൈസെഫലി. എന്നാൽ പൊതുവെ പാമ്പുകളിൽ ഇത് സാധാരണയായി കാണപ്പെടുന്ന അവസ്ഥയല്ല.
ഇന്ത്യയിൽ രണ്ട് തലയുള്ള പാമ്പുകളുടെ വളരെ കുറച്ച് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് ദാഹോദ് പ്രകൃതി മിത്ര മണ്ഡലിന്റെ അവകാശവാദം. ഇതിൽ രണ്ട് മൂർഖൻ പാമ്പുകളും മൂന്ന് വുൾഫ് സ്നേക്കുകളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. ഗുജറാത്തിൽ ഇത്തരത്തിലുള്ള പാമ്പിനെ കണ്ടെത്തുന്ന ആദ്യ സംഭവമാണിതെന്നും സംഘം പറയുന്നു.
A rare non-venomous two-headed, four-eyed wolf snake, approximately six inches long, was discovered in a farm in Agaswani village, Dahod district, Gujarat. Activists from Dahod Prakriti Mitra Mandal safely rescued the serpent. Experts attributed the condition to bicephaly, a rare genetic disorder. This marks the first such finding in Gujarat, with few similar cases reported across India.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |