SignIn
Kerala Kaumudi Online
Sunday, 08 November 2026 9.00 AM IST

കണ്ണൂരിനെ തകർത്ത് തൃശൂരിന്റെ മാജിക്ക്

football
തൃശൂർ കോർപറേഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് ഫുട്ബാൾ മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയും കണ്ണൂർ വാരിയേഴ്‌സ് എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്

തൃശൂർ: സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് തൃശൂർ മാജിക് എഫ്.സി. ജയത്തോടെ ഏഴു പോയിന്റുള്ള തൃശൂർ പട്ടികയിൽ അഞ്ചാംസ്ഥാനത്തെത്തി. തുല്യ പോയിന്റാണെങ്കിലും ഗോൾ വ്യത്യാസത്തിൽ കണ്ണൂർ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്സരത്തിന്റെ തുടക്കംമുതൽ മികച്ച തന്ത്രങ്ങളുമായാണ് തൃശൂർ കളിക്കളത്തിലിറങ്ങിയത്. ഇടതു വിംഗിലൂടെ അൻഷിച്ചും വലതുഭാഗത്ത് സിലാജിത് സന്ത്രയും നടത്തിയ മുന്നേറ്റങ്ങൾ നൈജീരിയൻ താരം വലന്റൈൻ എകേജിയുബയ്ക്ക് നിരന്തരം അവസരങ്ങളൊരുക്കി. ഏഴാം മിനിറ്റിൽ തൃശൂർ അക്കൗണ്ട് തുറന്നു. ബോക്‌സിലേക്ക് മുന്നേറിയ വലന്റൈന്റെ ഹെഡ്ഡർ തടയാൻ ശ്രമിച്ച കണ്ണൂർ ഗോൾകീപ്പർ ഹജ്മലിന് പിഴച്ചു. ലഭിച്ച റീബൗണ്ട് പന്ത് കൃത്യമായി വലയിലെത്തിച്ച് വലന്റൈൻ തൃശൂരിന് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിൽ (45+6) തൃശൂർ ലീഡ് ഇരട്ടിയാക്കി. വലന്റൈൻ നൽകിയ പാസിൽ നിന്ന് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് സിലാജിത് സന്ത്ര തൊടുത്ത ഷോട്ട് എതിർതാരത്തിന്റെ കാലിൽ തട്ടി വലയിലേക്ക് കയറുകയായിരുന്നു. രണ്ടാം പകുതിയിലും തൃശൂരിന്റെ കോട്ട തകർക്കാൻ കണ്ണൂരിനായില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഒരു നീക്കം ഗോൾപോസ്റ്റിൽ തട്ടിത്തെറിച്ചത് കണ്ണൂരിന് തിരിച്ചടിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360