SignIn
Kerala Kaumudi Online
Sunday, 08 November 2026 8.32 AM IST

വിജയ മഴ

d

രണ്ടാം ഏകദിനത്തിൽ മഴനിയമ പ്രകാരം ഇന്ത്യയ്ക്ക് 4 റൺസിന്റെ ജയം

വെല്ലിംഗ്‌ടൺ: മഴ കളിച്ച വെല്ലിംഗ്‌ടൺ ഏകദിനത്തിൽ ന്യൂസിലാൻഡിനെതിരെ ഡെക്‌ വർത്ത് ലൂയിസ് നിയമ പ്രകാരം ഇന്ത്യയ്ക്ക് 4 റൺസിന്റെ നാടകീയ ജയം. തുടർച്ചയായ രണ്ടാം ഏകദിനത്തിൽ മഴനിയമ പ്രകാരം വിജയം നേടിയ ഇന്ത്യ 5 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി.

വെല്ലിംഗ്ടണിൽ മഴ കാരണം 47 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലാൻഡ് 41 ഓവറിൽ 134 റൺസിന് ഓൾ ഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 26 ഓവറിൽ 113/7 എന്ന നിലയിലായിരിക്കെ മഴയെത്തുകയും കളി തടരാനാകാത്ത സ്ഥിതിയാവുകയുമായിരുന്നു. ആ സമയത്തെ മത്സര സ്ഥിതി അനുസരിച്ച് മഴ നിയമ പ്രകാരം ഇന്ത്യ 4 റൺസിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയുടെ പ്രധാന വിക്കറ്റുകൾ വീഴ്‌ത്തി ന്യൂസിലാൻഡ് വിജയ പ്രതീക്ഷയിൽ ആയിരുന്ന സമയത്താണ് ആതിഥേയരുടെ വില്ലനായി മഴയെത്തിയത്.

ബ്രാവോ ബ്രാർ

ആദ്യമത്സരത്തിലെ പോലെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്‌ടൻ ശുഭ്‌മാൻ ഗിൽ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്ടന്റെ തീരുമാനം ശരിവച്ച് ഇന്ത്യൻ ബൗളർമാർ നിറഞ്ഞാടിയതോടെ കിവി ബാറ്റിംഗ് നിര പ്രതിസന്ധിയിലാവുകയായിരുന്നു. 10 ഓവറിൽ 2 മെ‌യ്‌ഡനുൾപ്പെടെ 30 റൺസ് നൽകി 4 വിക്കറ്ര് വീഴ്‌ത്തിയ പേസർ ഗുർനൂർ ബ്രാറാണ് ന്യൂസിലാൻഡ് ബാറ്രിംഗദ് നിരയുടെ തകർച്ചയിൽ പ്രധാന പങ്കുവഹിച്ചത്. ആക്വിബ് നബി, അൻഷുൽ കാംബോജ്, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്ര് വീതം വീഴ്‌ത്തി.
104 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പെടെ 54 റൺസ് നേടിയ ഡാരിൽ മിച്ചലിന്റെ ഇന്നിംഗ്സാണ് കിവികളെ നൂറ് കടത്തിയത്. ക്യാപ്ടൻ മിച്ചൽ സാന്റ്നർ (31) ഭേദപ്പെട്ട പ്രകടനം നടത്തി. ഇവരെക്കൂടാതെ ഹെൻറി നിക്കോളാസ് (11) മാത്രമാണ് രണ്ടക്കം കണ്ട ന്യൂസിലാൻഡ് ബാറ്രർ. കിവികൾ അക്കൗണ്ട് തുറക്കുന്നതിന് മുന്നേ രണ്ടാം ഓവറിലെ അവസാന പന്തിൽ ടിം സെയ്‌ഫർട്ടിനെ കാംബോജിന്റെ കൈയിൽ എത്തിച്ച് ആക്വിബ് നബിയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

തിരിച്ചേറ്, ചെറുത്ത് നില്പ്

ഇന്ത്യയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. ഗില്ലിനെ ഗോൾഡൻ ഡക്കാക്കിയ ജേക്കബ് ഡുഫി പിന്നാലെ വിരാട് കൊഹ്‌ലിയേയും (7) മടക്കി. രോഹിത് ശർമ്മ (23) ശ്രേയസ് അയ്യർക്കൊപ്പം (30) കുറച്ച്നേരം പിടിച്ചു നിന്നെങ്കിലും കെയ്ൽ ജാമീസണ് വിക്കറ്റ് നൽകി 9-ാം ഓവറിൽ പുറത്തായി. അക്ഷർ പട്ടേൽ (7) വീണ്ടും നിരാശപ്പെടുത്തി മാത്യു ഫിഷറിന് വിക്കറ്ര് നൽകി മടങ്ങിയതോടെ ഇന്ത്യ 47/4 എന്ന നിലയിലായി. തുടർന്ന് ക്രീസിലൊന്നിച്ച കെ.എൽ രാഹുലും (പുറത്താകാതെ 26) ശ്രേയസും വന തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ ഇരുവരും 39 റൺസ് കൂട്ടിച്ചേർത്തു. ശ്രേയസിനെ പുറത്താക്കി ജാമീസണാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്ന് നമൻ ധിർ (12), കാംബോജ് (1) എന്നിവർ അടുത്തടുത്ത് മടങ്ങി ഇന്ത്യ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് മഴയെത്തിയത്. ന്യൂസിലാൻഡിനായി ജാമീസണും ഡുഫിയും 3 വിക്കറ്ര് വീതം വീഴ്‌ത്തി.

മൂന്നാം മത്സരം 10ന് നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360