തലശ്ശേരി : 70-ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ വനിതാ ടീമും പത്തനംതിട്ട പുരുഷ ടീമും ഫൈനലിൽ പ്രവേശിച്ചു. ഇന്നലെ ഒന്നാം സെമിഫൈനൽ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ഇരു ടീമുകളും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
വനിതകളുടെ ആദ്യ സെമിഫൈനലിൽ കോട്ടയത്തെ 87–41 എന്ന സ്കോറിനാണ് ആലപ്പുഴ പരാജയപ്പെടുത്തിയത്. ഫൈനലിൽ തിരുവനന്തപുരം - കണ്ണൂർ മത്സരത്തിലെ വിജയികളെയാകും ആലപ്പുഴ നേരിടുക.
പുരുഷന്മാരുടെ ആദ്യ സെമിഫൈനലിൽ തിരുവനന്തപുരത്തെ 84–56 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് പത്തനംതിട്ട ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ കൃത്യമായ ലീഡ് നിലനിർത്താൻ പത്തനംതിട്ടയ്ക്ക് സാധിച്ചു.
പത്തനംതിട്ടയ്ക്കായി ജോഷ്വ സുനിൽ ഉമ്മൻ 20 പോയിന്റും, ഷിറാസ് മുഹമ്മദ് 19 പോയിന്റും, സെജിൻ മാത്യു 17 പോയിന്റും നേടി. തിരുവനന്തപുരത്തിനു വേണ്ടി സച്ചു സന്തോഷ് 19 പോയിന്റുകൾ നേടി. കണ്ണൂരും എറണാകുളവും തമ്മിൽ നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയികളാകും ഫൈനലിൽ പത്തനംതിട്ടയുടെ എതിരാളികൾ.
ഫൈനൽ, ലൂസേഴ്‌സ് ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |