SignIn
Kerala Kaumudi Online
Tuesday, 02 June 2026 3.51 PM IST

ഇനി പിങ്ക് പന്തും! ഒക്ടോബർ ഒന്ന് മുതൽ ക്രിക്കറ്റിൽ പുതിയ മാറ്റങ്ങൾ

icc

അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ വൻ പരിഷ്കാരങ്ങൾക്ക് അനുമതി നൽകി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. വെളിച്ചക്കുറവ് മൂലം ടെസ്റ്റ് മത്സരങ്ങൾ നേരത്തെ അവസാനിപ്പിക്കുന്നത് ഒഴിവാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ പിങ്ക് ബോൾ ഉപയോഗിക്കുന്നതിന് ഐസിസി വാർഷിക ബോർഡ് യോഗം അംഗീകാരം നൽകി. ഇരു ടീമുകളുടെയും മുൻകൂർ സമ്മതത്തോടെ പുതിയ മാറ്റം നടപ്പിലാക്കാമെന്നാണ് യോഗം തീരുമാനിച്ചത്.

പുതിയ നിയമ പ്രകാരം സാധാരണ രീതിയിൽ ചുവന്ന പന്തിൽ തന്നെയാണ് മത്സരം ആരംഭിക്കുക. എന്നാൽ പകൽ വെളിച്ചം കുറയുകയും ഓവറുകൾ പൂർത്തിയാക്കാൻ ബാക്കിയുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഫ്ലഡ്‌ലൈറ്റുകൾ തെളിയിച്ച് പിങ്ക് പന്തിലേക്ക് മത്സരം മാറ്റാം. പിങ്ക് പന്തിന് സ്വിംഗും സീം മൂവ്‌മെന്റും കൂടുതലായതിനാൽ മത്സരത്തിന്റെ ഗതി തന്നെ മാറ്റിയേക്കാവുന്ന ഈ നിയമത്തോട് ഇന്ത്യൻ ടീം ഉൾപ്പെടെയുള്ളവർ എങ്ങനെ പ്രതികരിക്കുമെന്നത് ശ്രദ്ധേയമാണ്.

കൂടാതെ ട്വന്റി 20 ക്രിക്കറ്റിലെ സ്ട്രാറ്റജിക് ടൈം ഔട്ടിന് സമാനമായി ടെസ്റ്റ് മത്സരങ്ങളിലെ ഔദ്യോഗിക ഡ്രിങ്ക്സ് ബ്രേക്ക് സമയത്ത് ഹെഡ് കോച്ചുമാർക്കോ അവർ നിർദേശിക്കുന്ന പ്രതിനിധികൾക്കോ മൈതാനത്തിറങ്ങി ടീമുമായി കാര്യങ്ങൾ ചർച്ച ചെയ്യാൻ അനുമതി നൽകാനും തീരുമാനമായി. ട്വന്റി 20 മത്സരങ്ങളിൽ 15 മിനിറ്റ് ഇടവേള നിർബന്ധമാക്കാനും ബാറ്റ്സ്മാൻമാർ കളി പുനഃരാരംഭിക്കുമ്പോൾ ഉടൻ തന്നെ ക്രീസിൽ സജ്ജരാകണമെന്നും പുതിയ നിർദേശത്തിലുണ്ട്.

വൈറ്റ് ബോൾ ക്രിക്കറ്റിൽ ലെഗ് സൈഡിലേക്ക് പോകുന്ന പന്തുകൾ കർശനമായി വൈഡ് വിളിക്കുന്ന നിയമം വിജയകരമായ പരീക്ഷണത്തിന് ശേഷം ഇനി മുതൽ സ്ഥിരമായി നടപ്പിലാക്കാനും ഐസിസി തീരുമാനിച്ചു. നിയമവിരുദ്ധമായി കൈമടക്കി എറിയുന്ന ബൗളർമാരുടെ ബൗളിംഗ് ആക്ഷൻ കണ്ടെത്തുന്നത് കൂടുതൽ കൃത്യമാക്കാൻ ഓൺ-ഫീൽഡ് അമ്പയർമാർക്ക് ഇനി മുതൽ ഹോക്ക്-ഐ സാങ്കേതികവിദ്യയുടെ വിവരങ്ങൾ കൂടി പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ അനുമതിയുണ്ടാകും.

ഭരണപരമായ വീഴ്ചകളും അംഗത്വ ബാധ്യതകൾ ലംഘിച്ചതുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങളെ തുടർന്ന് ക്രിക്കറ്റ് കാനഡയെ ഐസിസി അടിയന്തിരമായി സസ്പെൻഡ് ചെയ്തു. എന്നാൽ കാനഡയിലെ കളിക്കാരുടെ ഭാവിയെ ബാധിക്കാതിരിക്കാൻ കാനഡ ദേശീയ ടീമിന് ഐസിസി ടൂർണമെന്റുകളിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഐസിസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഇവർക്കുള്ള ഫണ്ടിംഗ് അനുവദിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, ICC BOARD, RULE CHANGE, CRICKET, PINK BALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360