കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോർ. ദേവ്ദത്ത് പടിക്കലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തു. നിലവിൽ ധ്രുവ് ജുറേലും (7) സാരാംശ് ജയിനുമാണ്(4) ക്രീസിൽ. 168 പന്തിൽ 117 റൺസെടുത്ത പടിക്കൽ തുടർച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടി. ടെസ്റ്റ് കരിയറിലെ നാലാം മത്സരത്തിൽ പടിക്കൽ നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയാണിത്. 90 പന്തിലാണ് താരം അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്.
സമ്മർദ്ദങ്ങൾക്കിടയിലും നിർഭയമായാണ് പടിക്കൽ ബാറ്റുവീശിയത്. യശസ്വി ജയ്സ്വാളും (45) ക്യാപ്ടൻ ശുഭ്മൻ ഗില്ലും (50) അർദ്ധസെഞ്ച്വറിയിലേക്ക് നീങ്ങിയെങ്കിലും വലിയ സ്‌കോറിലേക്ക് എത്താനായില്ല. മൂന്നാം വിക്കറ്റിൽ പടിക്കലിനൊപ്പം ഇരുവരും ചേർന്ന് 120 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. റിഷഭ് പന്തിന് പരിക്കേറ്റതും ഇന്ത്യയെ പ്രതിസന്ധിയിലാക്കി. പേസർ ലഹിരു കുമാരയുടെ പന്ത് കൈത്തണ്ടയിൽ പതിച്ചതിനെ തുടർന്ന് മൂന്ന് റൺസെടുത്ത പന്ത് റിട്ടയേർഡ് ഹർട്ടായി മടങ്ങി. ശ്രീലങ്കൻ ബൗളർമാരുടെ നിരന്തരമായ സമ്മർദ്ദത്തിനൊപ്പം കൊളംബോയിലെ കനത്ത ചൂടും ഈർപ്പവും അതിജീവിച്ചാണ് പടിക്കൽ സെഞ്ച്വറിയിലേക്ക് എത്തിയത്.
ജയസൂര്യയെ തുടർച്ചയായി നേരിട്ട പടിക്കൽ ബൗണ്ടറിയിലൂടെയാണ് 99ലെത്തിയത്. രണ്ട് പന്തുകൾക്ക് ശേഷം സിംഗിളെടുത്ത് സെഞ്ച്വറി പൂർത്തിയാക്കുകയായിരുന്നു .പിന്നീട് നുവൻതയുടെ പന്തിൽ പ്രതിരോധം തകർന്നതോടെ പടിക്കൽ ബൗൾഡായി. പുറത്താകുമ്പോഴേക്കും ഇന്ത്യയെ സുരക്ഷിതമായ നിലയിലെത്തിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.
കെ.എൽ. രാഹുലിനും മികച്ച തുടക്കം മുതലാക്കാനായില്ല. ജയസൂര്യയെ സിക്സിന് പറത്തിയ രാഹുൽ പിന്നീട് കുമാരയുടെ പന്തിൽ കൂടാരം കയറി. ജയ്സ്വാളും മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാൽ മിഡിൽ സ്റ്റമ്പ് തെറിപ്പിച്ച് ജയ്സ്വാളിനെ അസിത പുറത്താക്കി. വിക്കറ്റിന് പിന്നാലെ ജയ്സ്വാളും അസിതയും തമ്മിൽ വാക്കുതർക്കമുണ്ടായതും ശ്രദ്ധേയമായി.
ലങ്കൻ താരങ്ങൾ എന്തോ പറഞ്ഞതാണ് ജയ്സ്വാളിനെ ചൊടിപ്പിച്ചതെന്നാണ് വിവരം. അസിതയും ജയ്സ്വാളും പരസ്പരം തല മുട്ടിക്കുകയും ചെയ്തു. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഡിക്ക്വെല്ലയുമായി ജയ്സ്വാൾ നടത്തിയ സ്ലെഡ്ജിംഗിന്റെ തുടർച്ചയായാണ് അസിത താരത്തിന് 'സെൻഡ് ഓഫ്' നൽകിയത്. എന്നാൽ ശ്രീലങ്കൻ ക്യാപ്ടൻ ധനഞ്ജയ ഡി സിൽവ ഇടപെട്ടതോടെ രംഗം ശാന്തമായി.
ക്യാപ്ടൻ ശുഭ്മൻ ഗിൽ അർദ്ധസെഞ്ച്വറി നേടിയെങ്കിലും അധികനേരം ക്രീസിൽ തുടർന്നില്ല. ജയസൂര്യയ്‌ക്കെതിരെ മനോഹരമായ ഷോർട്ട് ആം പുൾ ഉൾപ്പെടെ മികച്ച ഷോട്ടുകൾ കളിച്ച ഗിൽ അസിതയുടെ പന്തിൽ എഡ്ജായി ഡിക്ക്വെല്ലയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. പടിക്കലിനൊപ്പം നാലാം വിക്കറ്റിൽ 74 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റു. കുമാരയുടെ പന്ത് കൈത്തണ്ടയിൽ പതിച്ചതിനെ തുടർന്നാണ് താരത്തിന് പരിക്കേറ്റത്. അധികനേരം പിടിച്ചു നിൽക്കാനാകാതെ ജഡേജയും അസിതയുടെ പന്തിൽ ബൗൾഡായി.
India finished Day 1 of the second Test against Sri Lanka with 300/5, primarily driven by Devdutt Padikkal's magnificent 117. Captain Shubman Gill (50) and Yashasvi Jaiswal (45) provided support. Despite injuries to Rishabh Pant and Ravindra Jadeja, India maintained control. Dhruv Jurel (7) and Saransh Jain (4) remained unbeaten at stumps in Colombo.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |