SignIn
Kerala Kaumudi Online
Sunday, 17 May 2026 1.33 AM IST

കൂറ്റൻ സ്കോറിൽ ഗുജറാത്തിനെ തകർത്ത് കൊൽക്കത്ത; നരെയ്നും അലനും തിളങ്ങി, കെകെആറിന് വൻ വിജയം

-sunil-narine

അഹമ്മദാബാദ്: ഐപിഎൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 29 റൺസിന് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കൊൽക്കത്ത മുന്നോട്ടുവച്ച 248 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് നിശ്ചിത ഓവറിൽ 218 റൺസെടുക്കാനേ സാധിച്ചുള്ളൂ. നായകൻ ശുഭ്മാൻ ഗില്ലും ജോസ് ബട്‌ലറും പൊരുതി നോക്കിയെങ്കിലും കൊൽക്കത്ത ഉയർത്തിയ റൺമല മറികടക്കാൻ ടൈറ്റൻസിന് കഴിഞ്ഞില്ല.


ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ റൺസ് വാരിക്കൂട്ടുകയായിരുന്നു. ഫിൻ അലൻ, അംഗ്രിഷ് രഘുവംശി, കാമറൂൺ ഗ്രീൻ എന്നിവരുടെ തകർപ്പൻ അർദ്ധസെഞ്ച്വറികളാണ് കെകെആറിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 35 പന്തിൽ 93 റൺസ് കൂട്ടിച്ചേർത്ത ഫിൻ അലനാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. 44 പന്തിൽ 82 റൺസുമായി അംഗ്രിഷ് രഘുവംശി അലന് മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ 28 പന്തിൽ 52 റൺസോടെ കാമറൂൺ ഗ്രീൻ സ്‌കോറിന്റെ വേഗത കൂട്ടി. ഗുജറാത്ത് ബൗളർമാരിൽ മുഹമ്മദ് സിറാജും സായ് കിഷോറും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും ഇരുവരും കൂടുതൽ റൺസ് വഴങ്ങി.


കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസിനായി മുൻനിര ബാറ്റർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 49 പന്തിൽ നിന്ന് 7 സിക്സറുകളും 5 ഫോറുകളുമടക്കം 85 റൺസ് കൂട്ടിച്ചേർത്ത ക്യാപ്ടൻ ഗിൽ മുന്നിൽ നിന്ന് നയിച്ചു. ഗില്ലിന് മികച്ച പിന്തുണ നൽകിയ ജോസ് ബട്‌ലർ 35 പന്തിൽ 2 സിക്‌സറും 5 ഫോറുമടക്കം 57 റൺസ് നേടി പുറത്തായി. മദ്ധ്യനിരയിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച സായ് സുദർശൻ 26 പന്തിൽ നിന്ന് 2 സിക്സറും 6 ഫോറുമടക്കം 46 റൺസെടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.


കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി സുനിൽ നരെയ്ൻ ഗുജറാത്തിന്റെ റൺവേഗതയ്ക്ക് ബ്രേക്കിട്ടു. കെകെആറിനായി നരെയ്ൻ രണ്ട് നിർണായക വിക്കറ്റുകളാണ് നേടിയത്. വിജയത്തിന് തൊട്ടരികിൽ എത്തിയെങ്കിലും കൊൽക്കത്ത ബൗളർമാർക്ക് മുന്നിൽ ടൈറ്റൻസ് അടിപതറുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, KKR, KKR VS GT, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360