SignIn
Kerala Kaumudi Online
Tuesday, 15 September 2026 9.57 AM IST

ആദ്യ ഒളിമ്പിക്സിലെ ആദ്യ ത്രോ തന്നെ പെർഫെക്ട് ഓ കെ, ഫൈനലിൽ സ്വർണത്തിൽ കുറഞ്ഞൊന്നും നീരജിന് നോട്ടമില്ല

neeraj

ടോക്യോ: പ്രായം വെറും 23 വയസ്. എന്നാൽ ടോക്യോ ഒളിമ്പിക്സിൽ ഏതെങ്കിലും ഇന്ത്യക്കാരൻ അത്ലറ്റിക്സിൽ മെഡൽ നേടുമെന്ന് നൂറ് ശതമാനം ഉറപ്പ് ആർക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ അത് ഈ 23കാരൻ മാത്രമായിരുന്നു. തന്റെ ആദ്യ ഒളിമ്പിക്സിനെത്തിയ നീരജ് ചോപ്ര ഒളിമ്പിക്സ് തുടങ്ങുന്നതിനു മുമ്പ് തന്നെ താരമായിരുന്നു. കൃത്യമായി പറഞ്ഞാൽ 2016ൽ ലോക ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ, തന്റെ 18ാമത്തെ വയസിൽ 86.48 മീറ്റർ എറിഞ്ഞ് ലോക റെക്കാഡോടു കൂടി സ്വർണം നേടിയ അന്ന് മുതൽ. അന്ന് തുടങ്ങിയതാണ് നീരജിനെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ സ്വപ്നങ്ങൾ.

ആ പ്രതീക്ഷകൾക്കു ഒരു തരത്തിലുമുള്ള കോട്ടവും തട്ടാതെയാണ് നീരജ് തന്റെ ആദ്യ ഒളിമ്പിക്സിന് ഇറങ്ങിയത്. ഒരു തുടക്കകാരന്റെ യാതൊരു സമ്മർദ്ദവുമില്ലാതെ വളരെ അനായാസമായിട്ടാണ് തന്റെ ആദ്യ ശ്രമത്തിൽ തന്നെ 86.65 മീറ്റർ എറിഞ്ഞിട്ട് നീരജ് കളം വിട്ടത്. 83.50 മീറ്റർ എറിയുന്നവർക്ക് ഓട്ടോമാറ്റിക്ക് ക്വാളിഫിക്കേഷൻ കിട്ടുമെന്നതിനാൽ തന്നെ നീരജിന് പിന്നെ അവിടെ നിൽക്കേണ്ട കാര്യവുമുണ്ടായിരുന്നില്ല.

എന്നാൽ ഇതിലെ എടുത്തുപറയേണ്ട വസ്തുത, ഗ്രൂപ്പ് എ ക്വാളിഫിക്കേഷൻ റൗണ്ടിൽ ഏറ്റവും കൂടുതൽ ദൂരം ജാവലിൻ പായിച്ചതും ഹരിയാനയിലെ ഒരു സാധാരണ കർഷകന്റെ മകനായ നീരജ് ആയിരുന്നു. അതിലുപരിയായി നീരജിനെ കൂടാതെ സ്വർണം നേടാൻ ഏറ്റവും കൂടുതൽ സാദ്ധ്യത കല്പിക്കുന്ന ജർമനിയുടെ മുൻ ലോക ചാമ്പ്യനായ ജൊഹാനസ് വെറ്റർ പിന്നിട്ട ദൂരം എന്നത് 85.64 മാത്രമാണ്.

നീരജിന് ഇതിലും കൂടുതൽ ദൂരത്തിൽ ജാവലിൻ പായിക്കാൻ സാധിക്കുമെന്നത് ഇന്ത്യയുടെ മെഡൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. നീരജിന്റെ ഏറ്റവും മികച്ച ഏഴാമത്തെ ദൂരം മാത്രമാണ് യോഗ്യതാ റൗണ്ടിൽ കണ്ടെത്തിയത്. സീസണിലെ മൂന്നാമത്തെ മികച്ച പ്രകടനവും. അതിനാൽ തന്നെ യോഗ്യതാ റൗണ്ടിനെക്കാളും മികച്ച പ്രകടനം നീരജിന് ഫൈനൽ റൗണ്ടിൽ പുറത്തെടുക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല. "ഇതെന്റെ ആദ്യ ഒളിമ്പിക്സാണ്. ശാരീരികമായി വളരെയേറെ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെങ്കിലും മാനസിക തയ്യാറെടുപ്പും ഇത്തരം മത്സരങ്ങളിൽ ആത്യാവശ്യമാണ്. ഫൈനലിൽ ഇതിലും മികച്ച ദൂരം കണ്ടെത്താനാണ് എന്റെ ശ്രമം. എനിക്ക് അതിന് സാധിക്കുമെന്ന പൂർണ ഉറപ്പും എനിക്കുണ്ട്," യോഗ്യതാ റൗണ്ടിനു ശേഷം നീരജ് മാദ്ധ്യമങ്ങളോടായി പറഞ്ഞു. ഒരു പക്ഷേ ടോക്യോ ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ഏക മെഡലായിരിക്കും നീരജിന്റേത്. അത് സ്വർണം തന്നെയാകും എന്ന് പ്രതീക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, NEERAJ CHOPRA, JAVELIN THROW, TOKYO2020, OLYMPICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360