SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.37 AM IST

നഖ്‌വി വീണ്ടും വില്ലനായി, കപ്പ് കയ്യിലേന്താതെ ഇന്ത്യ

asiacup

ദുബായ് : കഴിഞ്ഞ വർഷം പുരുഷ ഏഷ്യാകപ്പിലായിരുന്നെങ്കിൽ ഇത്തവണ വനിതാ ഏഷ്യാകപ്പിൽ വിജയികൾക്കുള്ള ട്രോഫി ഏറ്റുവാങ്ങാതെ ഇന്ത്യ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവനായ പാക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൗൺട്രോൾ ബോർഡ് വീണ്ടും നിലപാട് സ്വീകരിക്കുകയായിരുന്നു.

കഴിഞ്ഞരാത്രി ശ്രീലങ്കയെ ഫൈനലിൽ 72 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ ഏഷ്യാകപ്പ് ജേതാക്കളായത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറിൽ 183/5 എന്ന സ്കോർ ഉയർത്തിയതിന് ശേഷം ലങ്കയെ 111 റൺസിൽ ആൾഔട്ടാക്കുകയായിരുന്നു.അർദ്ധസെഞ്ച്വറികൾ നേടിയ ഓപ്പണേഴ്സ് സ്മൃതി മാന്ഥനയും (59), ഷെഫാലി വെർമ്മയും (68) നാലുവിക്കറ്റുകൾ വീഴ്ത്തിയ ശ്രീചരണിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയും ചേർന്നാണ് ഇന്ത്യയ്ക്ക് കിരീട വിജയമൊരുക്കിയത്.

കഴിഞ്ഞ വർഷം പുരുഷ കിരീടം നേടിയശേഷം സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നഖ്‌വിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങില്ലെന്ന് നിലപാടെടുത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിലായിരുന്നു ഈ നിലപാട്. തുടർന്ന് ട്രോഫി നൽകാൻ നിന്ന നഖ്‌വി ട്രോഫിയുമായി സ്റ്റേഡിയത്തിൽ നിന്ന് മടങ്ങി. ആ ട്രോഫി ഇതുവരെ ഇന്ത്യയ്ക്ക് നൽകാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തയ്യാറായിട്ടില്ല. ഇന്നലെയും നഖ്‌വിയാണ് സമ്മാനം നൽകാൻ പോഡിയത്തിൽ നിന്നത്. നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങില്ലെന്നും പകരം മറ്റാരെങ്കിലും നൽകണമെന്നും ഗ്രൗണ്ടിലുണ്ടായിരുന്ന ബി.സി.സി.ഐ ഭാരവാഹികൾ ആവശ്യപ്പെട്ടു. നഖ്‌വി ഇത് നിരസിച്ചതോടെ ഇന്ത്യൻ താരങ്ങളോട് ഡഗ്ഔട്ടിലേക്ക് മടങ്ങാൻ ബി.സി.സി.ഐ ഭാരവാഹികൾ ആവശ്യപ്പെട്ടു. അവർ അനുസരിക്കുകയും ചെയ്തു. നഖ്‍വിയാണ് രണ്ടാം സ്ഥാനക്കാരായ ശ്രീലങ്കയ്ക്ക് റണ്ണർ അപ്പ് ചെക്ക് നൽകിയത്. എന്നാൽ ഇന്ത്യൻ ടീം എത്താതിരുന്നതോടെ കുറച്ചുനേരം കാത്തുനിന്നശേഷം സമ്മാനദാനച്ചടങ്ങ് അവസാനിപ്പിച്ചു. ഇന്ത്യൻ ടീം ശക്തമായ നിലപാട് എടുത്തതുകാരണം ഒരു മണിക്കൂറോളമാണ് സമ്മാനദാനച്ചടങ്ങ് വൈകിയത്. ഇന്ത്യൻ പുരുഷ ടീമിന് പിന്തുണയർപ്പിച്ചാണ് വനിതാ ടീമും ട്രോഫി നഖ്‌വിയുടെ കയ്യിൽനിന്ന് വങ്ങാതിരുന്നതെന്ന് സംഭവസ്ഥത്തുണ്ടായിരുന്ന ബി.സി.സി.ഐ സെക്രട്ടറി ദേവ്‌ജിത്ത് സൈക്കിയ പറഞ്ഞു. നഖ്‌വി ലങ്കൻ താരങ്ങൾക്ക് ചെക്ക് നൽകുന്ന സമയത്ത് ഡ്രെസിംഗ് റൂമിനരികിൽ സൈക്കിയയും ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ളയും ചേർന്ന് ഇന്ത്യൻ താരങ്ങൾക്ക് ബി.സി.സി.ഐയുടെ മെഡലുകൾ സമ്മാനിക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIACUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360