SignIn
Kerala Kaumudi Online
Saturday, 19 September 2026 9.02 PM IST

ധോണിയോ കൊഹ്‌ലിയോ അല്ല; പന്തെറിയുമ്പോൾ കഷ്ടപ്പെടുത്തിയ ഇന്ത്യൻ ബാറ്ററെക്കുറിച്ച് വെളിപ്പെടുത്തി ഓസീസ് നായകൻ

pat-cummins-
ഓസ്‌ട്രേലിയൻ ക്യാപ്ടൻ പാറ്റ് കമ്മിൻസ്

സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റിൽ പന്തെറിയുമ്പോൾ കഷ്ടപ്പെടുത്തിയ ഇന്ത്യൻ ബാറ്റർ ആരാണെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ ക്യാപ്ടൻ പാറ്റ് കമ്മിൻസ്. തന്റെ ഉറക്കം കെടുത്തിയ ബാറ്റർ ചേതേശ്വർ പുജാരയാണെന്നാണ് കമ്മിൻസിന്റെ വെളിപ്പെടുത്തൽ. പ്രൈം വീഡിയോ സ്‌പോർട്സിനായി നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കമ്മിൻസ് ഇക്കാര്യം വ്യക്തമാക്കിയത്.

ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പരകളിൽ ഓസ്‌ട്രേലിയൻ പേസ് ആക്രമണത്തെ അതിജീവിച്ച് നിലയുറപ്പിക്കുന്ന പുജാരയുടെ ബാറ്റിംഗ് ശൈലി എക്കാലത്തും കൗതുകമുണർത്തുന്നതാണ്. 'ഇന്ത്യയിൽ നിന്ന് ഞാൻ പുജാരയെ തിരഞ്ഞെടുക്കും. അദ്ദേഹത്തെ പുറത്താക്കുക ദുഷ്‌കരമാണ്. ആയിരം കടലാസുകൾ കൊണ്ട് മുറിവേൽപ്പിക്കുന്നത് പോലെയാണ് അത്. എത്ര പന്തുകൾ വേണമെങ്കിലും ഡോട്ട് ബോളുകളാക്കാൻ അദ്ദേഹത്തിന് മടിയില്ല. ഒരൊറ്റ അവസരം പോലും അദ്ദേഹം എതിരാളികൾക്ക് നൽകില്ല,'-കമ്മിൻസ് വ്യക്തമാക്കി.

ഓസ്‌ട്രേലിയക്കെതിരെ 25 ടെസ്റ്റുകൾ കളിച്ച പുജാര 49.38 ശരാശരിയിൽ 2,074 റൺസാണ് അടിച്ചുകൂട്ടിയത്. ഇതിൽ 993 റൺസും ഓസ്‌ട്രേലിയൻ മണ്ണിലാണ് പിറന്നത് എന്നതും ശ്രദ്ധേയമാണ്. ഓസീസിൽ മൂന്ന് സെഞ്ച്വറികളും അഞ്ച് അർദ്ധസെഞ്ച്വറികളും നേടിയിട്ടുള്ള പുജാരയുടെ ഉയർന്ന സ്‌കോർ 193 റൺസാണ്. 2018-19, 2020-21 ബോർഡർ ഗാവസ്‌കർ പരമ്പരകളിൽ കമ്മിൻസ്, സ്റ്റാർക്ക്, ഹെയ്‌സൽവുഡ് തുടങ്ങിയ ലോകോത്തര പേസർമാരെ പ്രതിരോധിച്ച പുജാരയുടെ പ്രകടനം ക്രിക്കറ്റ് ലോകം എന്നും ഓർക്കുന്നതാണ്. ഇന്ത്യയ്ക്കായി 103 ടെസ്റ്റ് മത്സരങ്ങൾ കളിച്ച പുജാര, കഴിഞ്ഞ വർഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 43.6 ശരാശരിയിൽ 19 സെഞ്ച്വറികളും 35 അർദ്ധസെഞ്ച്വറികളും അടക്കം 7,195 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.

അതേസമയം പുജാരയ്ക്ക് പുറമെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള കരുത്തരായ എതിരാളികളെക്കുറിച്ചും കമ്മിൻസ് അഭിമുഖത്തിൽ പറഞ്ഞു. ന്യൂസിലൻഡ്മുൻ ക്യാപ്ടൻ ബ്രെണ്ടൻ മക്കല്ലത്തിന്റെ ബാറ്റിംഗ് ശൈലിയെ അനുസ്മരിച്ചുകൊണ്ട്, കിവീസ് നിരയിൽ നിന്ന് മക്കല്ലത്തെയാണ് താരം തന്റെ കടുത്ത എതിരാളിയായി തിരഞ്ഞെടുത്തത്. പാകിസ്ഥാനിൽ നിന്ന് മുൻ സ്പിന്നർ സയീദ് അജ്മലിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഒരുപാട് പ്രത്യേകതയുള്ള ബൗളിംഗാണ് അജ്മലിന്റേതെന്നും ഇതുവരെ അത്തരമൊരു ബൗളറെ താൻ മുമ്പ് കണ്ടിട്ടില്ലെന്നും ഓസീസ് ക്യാപ്ടൻ പറഞ്ഞു. മുൻ ഇംഗ്ലണ്ട് നായകൻ അലിസ്റ്റർ കുക്ക്, ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇതിഹാസ താരം എ.ബി. ഡി വില്ലിയേഴ്സ്, ശ്രീലങ്കയിൽ നിന്ന് തിലകരത്‌നെ ദിൽഷൻ, വെസ്റ്റ് ഇൻഡീസിൽ നിന്ന് ക്രിസ് ഗെയ്ൽ എന്നിവരെയും അദ്ദേഹം തന്റെ കടുത്ത എതിരാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

English Summary

Australia captain Pat Cummins revealed that Cheteshwar Pujara—rather than stars like Virat Kohli, Rohit Sharma, or MS Dhoni—was the hardest Indian batsman he ever had to face.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATCUMMINS, LATESTNEWS, SPORTS, CHETESHWAR PUJARA, AUSTRALIA CRICKET TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360