SignIn
Kerala Kaumudi Online
Sunday, 31 May 2026 11.23 PM IST

രക്ഷകനായി വാഷിംഗ്ടണ്‍ സുന്ദര്‍; ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഭേദപ്പെട്ട സ്‌കോര്‍

ipl-final

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആര്‍സിബിക്ക് 156 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. തകര്‍പ്പന്‍ ഫോമിലുള്ള മുന്‍നിര തകര്‍ന്നപ്പോള്‍ മദ്ധ്യനിരയില്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ടൈറ്റന്‍സിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. ഐപിഎല്ലില്‍ തുടര്‍ച്ചയായി കിരീടം നേടുകയെന്ന നേട്ടത്തിനാണ് ജയിച്ചാല്‍ ആര്‍സിബി അര്‍ഹരാകുക. സിഎസ്‌കെ (2010,2011) മുംബയ് (2019,2020) എന്നീ ടീമുകള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ 10(8) ആണ് ആദ്യം പുറത്തായത്. സായ് സുദര്‍ശനും 12(12) ഫൈനലില്‍ തിളങ്ങാനായില്ല. മൂന്നാമനായി എത്തിയ നിഷാന്ത് സിന്ധു 20(18), വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ 19(23) എന്നിവര്‍ അല്‍പ്പനേരം പിടിച്ചുനിന്നെങ്കിലും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. റണ്‍നിരക്കുയര്‍ത്താന്‍ സ്ഥാനക്കയറ്റം നേടി ക്രീസിലെത്തിയ അര്‍ഷദ് ഖാന്‍ 15(6) റണ്‍സെടുത്ത് മടങ്ങി. ജേസണ്‍ ഹോള്‍ഡര്‍ 7(5), രാഹുല്‍ തെവാത്തിയ 7(5) എന്നിവരും കാര്യമായി ഒന്നും ചെയ്യാനാകാതെ മടങ്ങി.

മികച്ച ബൗളിംഗ് പ്രകടനമാണ് ആര്‍സിബി ബൗളര്‍മാര്‍ പുറത്തെടുത്തത്. ഒരു വശത്ത് വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ നഷ്ടമായിക്കൊണ്ടിരുന്നപ്പോഴും മറുവശത്ത് വാഷിംഗ്ടണ്‍ സുന്ദര്‍ പിടിച്ചുനിന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ താരം 37 പന്തുകളില്‍ 50 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. റാഷിദ് ഖാന്‍ 7(3) റണ്‍സെടുത്തപ്പോള്‍ കാഗിസോ റബാഡ 3*(3) പുറത്താകാതെ നിന്നു. ആര്‍സിബിക്ക് വേണ്ടി റാസിക് ദാര്‍ സലാം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോഷ് ഹേസില്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ വീതവും ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL FINAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360