
2026 ഫുട്‌ബോൾ ലോകകപ്പിൽ ബ്രസീൽ ടീമിൽ ഇടംനേടിയെന്നറിഞ്ഞ് ബോധരഹിതനായി വീണ് ഗോൾകീപ്പർ വെവെർട്ടൺ പെരേര ഡെസിൽ. ബ്രസീലിയൻ ഫുട്‌ബോൾ ക്ലബായ ഗ്രമിയോയുടെ ഗോൾകീപ്പറാണ് 28കാരനായ വെവർട്ടൺ. അദ്ദേഹം ബോധരഹിതനായി വീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. വെവെർട്ടണിന്റെ വീട്ടിലെ സ്വീകരണമുറിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് വൈറലാകുന്നത്. വെവർട്ടണും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമാണ് ദൃശ്യങ്ങളിലുള്ളത്.
എല്ലാവരും 2026ലെ വേൾഡ് കപ്പ് മത്സരത്തിലേക്ക് തിരഞ്ഞെടുത്ത ബ്രസീലിയൻ ടീം അംഗങ്ങളുടെ പേരുകൾ പ്രഖ്യാപിക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ ഉത്‌കണ്ഡയോടെ നോക്കിയിരിക്കുകയാണ്. പരിശീലകനായ കാർലോ ആഞ്ചലോട്ടിയാണ് പേരുകൾ പ്രഖ്യാപിക്കുന്നത്. ബ്രസീലിയൻ ടീമിലേക്ക് തിരഞ്ഞെടുത്ത ഗോൾകീപ്പർമാരിൽ ഒരാളായി വെവെർട്ടണിന്റെ പേര് പ്രഖ്യാപിച്ചയുടൻതന്നെ അവിടൊരു ആരവം ഉണർന്നു. സോഫയിലിരുന്ന വെവെർട്ടൺ ചാടിയെഴുന്നേറ്റ് സഹോദരനെ ആലിംഗനം ചെയ്‌തെങ്കിലും അതേ നിമിഷംതന്നെ ബോധരഹിതനായി വീഴുകയായിരുന്നു. എന്നാൽ, ഇത് ശ്രദ്ധിക്കാതെ അദ്ദേഹത്തിനുചുറ്റുമായി കുടുംബാംഗങ്ങൾ പരസ്‌പരം ആലിംഗനം ചെയ്യാനും തുള്ളിച്ചാടാനും ബഹളം വയ്‌ക്കാനും തുടങ്ങി. ഏകദേശം ഒരുമിനിറ്റോളം അദ്ദേഹം അനങ്ങാതെ കിടന്നു. പിന്നീട് ബോധം വന്നശേഷം അതേകിടപ്പിൽ കിടന്ന് കരയുന്നതും കാണാം. അതേസമയം, തങ്ങൾക്കൊപ്പമുള്ള ഒരാൾ ബോധംകെട്ടുകിടന്നിട്ടും അതു ശ്രദ്ധിക്കാതെ ആഘോഷം തുടർന്ന കുടുംബാംഗങ്ങൾക്കെതിരെ വലിയ വിമശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ആ നിമിഷത്തിലെ അതിശക്തമായ വികാരത്തിൽ അൽപസമയത്തേക്ക് തനിക്കെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് വെവെർട്ടൺ പിന്നീട് പ്രതികരിച്ചു. താൻ അൽപസമയത്തേക്ക് ബോധംകെട്ടുവീണുപോയെന്നും തനിക്കൊപ്പമുണ്ടായിരുന്ന സഹോദരൻ തന്റെ തലയിലേക്ക് വീഴാത്തതിനാൽ ആഘോഷം ഒരു ദുരന്തമായി മാറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെ വെവെർട്ടൺ തള്ളിക്കളഞ്ഞു. അവർ അതിയായ സന്തോഷത്തിലായിരുന്നെന്നും ആഘോഷങ്ങൾക്കിടയിൽ ഇത്തരം അശ്രദ്ധകൾ സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |