
അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിൽ ഇന്ത്യയ്ക്ക് ചരിത്ര ജയം
അരങ്ങേറ്റത്തിൽ കളിയിലെ താരമായി മാനവ് സുതർ
ന്യൂചണ്ഡീഗഡ്: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിന്റെ മൂന്നാം ദിനം തന്നെ റെക്കാഡ് വിജയം സ്വന്തമാക്കി ഇന്ത്യ. ന്യൂചണ്ഡീഗഡ് വേദിയായ ടെസ്റ്രിൽ ഇന്നിംഗ്‌സിനും 300 റൺസിനുമാണ് ഇന്ത്യയുടെ ജയം. മൂന്നാം ദിനം 113/5 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച അഫ്ഗാനിസ്ഥാൻ 152 റൺസിന് ഓൾ ഔട്ടായി. 412 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി ഫോളോൺ ചെയ്ത അഫ്ഗാൻ പക്ഷേ രണ്ടാം ഇന്നിംഗ്സിൽ വെറും 112 റൺസിന് ഓൾഔട്ടായതോടെയാണ് ഇന്ത്യ ചരിത്ര ജയം കുറിച്ചത്. പരിക്കേറ്റ ഷറഫുദ്ദീൻ അഷ്റഫ് അഫ്‌ഗാനായിൽ രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്യാനെത്തിയില്ല.
സ്കോർ: ഇന്ത്യ 564/8 ഡിക്ലയേർഡ്, അഫ്ഗാൻ 152/10,112/10.
ആറാടി മാനവ്
അരങ്ങേറ്റ മത്സരത്തിൽ തന്നെ മിന്നും പ്രകടനം പുറത്തെടുത്ത ഇന്ത്യൻ സ്പിൻ ഓൾറൗണ്ടർ മാനവ് സുതറാണ് കളിയിലെ താരം (28 റൺസ്, 6/33,1/29).
6 വിക്കറ്ര് വീഴ്ത്തിയ മാനവാണ് അഫ്‌ഗാനെ ഒന്നാം ഇന്നിംഗ്‌സിൽ 152ൽ ഒതുക്കാൻ നിർണായക പങ്കുവഹിച്ചത്. പ്രസിദ്ധ് കൃഷ്ണ 3 വിക്കറ്റ് വീഴ്‌ത്തി. അർദ്ധ സെഞ്ച്വറി നേടിയ റഹ്‌മത്ത ഷായ്ക്ക് (115 പന്തിൽ 60) മാത്രമാണ് അഫ്ഗാൻ ബാറ്റർമാരിൽ പിടിച്ചു നിൽക്കാനായത്.
ഫോളോൺ ചെയ്യാനിറങ്ങിയ അഫ്ഗാനെ 4 വിക്കറ്റ് വീഴ്‌ത്തിയ വാഷിംഗ്‌ടൺ സുന്ദറും 3 വിക്കറ്റ് നേടിയ കുൽദീപ് യാദവും കൂടിയാണ് കുടുക്കിയത്. സിറാജും മാനവും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. സെദിഖുള്ള അടൽ (42), റഹ്മാനുള്ള ഗുർബാസ് (24), റഹ്മത്ത്ഷാ (13) എന്നിവർക്ക് മാത്രമാണ് അഫ്ഗാൻ ബാറ്റർമാരിൽ രണ്ടക്കം കടക്കാനായുള്ളൂ.
നോട്ട് ദ പോയിന്റ്
1- ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണ് അഫ്‌ഗാനെതിരെ നേടിയത് (ഇന്നിംഗ്സിനും 300 റൺസിനും ജയം).
15- എല്ലാ ഫോർമാറ്റിലുമായി അഫ്ഗാനെതിരെ ഇന്ത്യയുടെ തുടർച്ചയായ 15-ാം ജയമാണിത്.
6/33- ടെസ്റ്റ് അരങ്ങേറ്റത്തിൽ ഒരിന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണ് മാനവ് സുതർ അഫ്ഗാന്റെ ഒന്നാം ഇന്നിംഗ്സിൽ പുറത്തെടുത്തത്.
9-അരങ്ങേറ്റ ടെസ്റ്റിൽ മാൻ ഓഫ്ദ മാച്ചാകുന്ന 9-ാമത്തെ ഇന്ത്യൻ താരമാണ് മാനവ്
ഇന്ത്യയ്ക്ക് ജയം
സോഫിയ ഗാർഡൻസ്: വനിതാ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹട്വന്റി-20 മത്സരത്തിൽ ഇന്ത്യ 26 റൺസിന് വെസ്റ്റിൻഡീസിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 179 റൺസെടുത്തു. മറുപടിക്കിറങ്ങിയ വിൻഡീസിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 153 റൺസേ നേടാനായുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |