
ലോകകപ്പ് ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നുമായി അർജന്റീന അവസാന എട്ടിൽ
രണ്ടുഗോളിന് പിന്നിൽ നിന്ന ശേഷം ഈജിപ്തിനെ 3-2ന് തോൽപ്പിച്ചു
അറ്റ്‌ലാന്റ : തോറ്റുപോയെന്ന് കരുതിയിരുന്നിടത്തുനിന്ന് വെറും 12 മിനിട്ടിന്റെ ഇടവേളയിൽ എണ്ണം പറഞ്ഞ മൂന്നു ഗോളുകൾ തിരിച്ചടിച്ച് വിജയിച്ച് ഇന്നലെ ലയണൽ മെസിയും സംഘവും രചിച്ച വീരചരിതത്തിന് മുന്നിൽ ഈജിപ്തിന്റെ സ്വപ്നങ്ങൾ പിരമിഡിനുള്ളിലായി. നെയ്മറിനും ക്രിസ്റ്റ്യാനോയ്ക്കും പിന്നാലെ മെസിയും മടങ്ങുമോ എന്ന് ഒരുവേള സന്ദേഹിച്ചവർക്ക് മുന്നിലേക്ക് അവതാരപ്പിറവിയുടെ ലക്ഷ്യം നിറവേറ്റായി വിശ്വരൂപം പുറത്തെടുത്ത മെസിക്കുമുന്നിൽ അത്രനേരം പൊട്ടാതെ സൂക്ഷിച്ച ഈജിപ്ഷ്യൻ പ്രതിരോധക്കോട്ട ഞെട്ടറ്റു വീഴുകയായിരുന്നു. ആദ്യ ഗോൾ തിരിച്ചടിക്കാൻ വഴിയൊരുക്കിയും രണ്ടാം ഗോൾ തിരിച്ചടിച്ചും മൂന്നാം ഗോളിന് ആത്മവിശ്വാസം നൽകിയും മെസി കളം നിറഞ്ഞുനിന്നപ്പോഴാണ് അസാദ്ധ്യമായത് സാദ്ധ്യമാക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞത്. ആദ്യ പകുതിയിൽ ഒരു പെനാൽറ്റി പാഴാക്കിയതിന്റെ പ്രായാശ്ചിത്തമെന്നോണമാണ് രണ്ടാം പകുതിയുടെ അവസാന സമയത്ത് മെസി കളിച്ചത്.
അവസാനചിരി അർജന്റീനയുടേതായിരുന്നെങ്കിൽ ആദ്യ ചിരി ഈജിപ്തിന്റേതായിരുന്നു. കളിതുടങ്ങി 15 മിനിട്ട് തികയുന്നതിന് മുന്നേ അർജന്റീനാ വലകുലുക്കിയത് മാത്രമല്ല സാക്ഷാൽ മെസിയെടുത്ത പെനാൽറ്റി തട്ടിക്കളഞ്ഞതും ഫറോവമാരുടെ ആഹ്ളാദം ആകാശത്തോളമുയർത്തി. ഈ ലോകകപ്പിൽ ഇത് രണ്ടാമത്തെ പെനാൽറ്റിയാണ് മെസി പാഴാക്കിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തിരിച്ചടിക്കാൻ അർജന്റീനയ്ക്ക് ലഭിച്ച അവസരങ്ങളും ഗോളാക്കാനായില്ല.ഈജിപ്ഷ്യൻ ഗോളി മുസ്തഫ സുബൈറാണ് അർജന്റീനയ്ക്ക് വലിയ വെല്ലുവിളിയായി മാറിയത്.രണ്ടാം പകുതിയിൽ ഈജിപ്ത് വീണ്ടും വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഗോൾ റദ്ദാക്കി. എന്നാൽ തൊട്ടുപിന്നാലെ സീക്കോ മറ്റൊരു മിന്നൽ കൗണ്ടർ അറ്റാക്കിലൂടെ ഈജിപ്തിന്റെ ലീഡുയർത്തുകതന്നെ ചെയ്തു. ഇതോടെയാണ് മെസിയും കൂട്ടരും സടകുടഞ്ഞെണീറ്റത്.
ഗോളുകൾ വന്നവഴി
15-ാം മിനിട്ടിൽ മറവാൻ അറ്റിയയുടെ പാസിൽ നിന്ന് യാസർ ഇബ്രാഹിമിന്റെ ഫിനിഷ്. ഈജിപ്ത് 1-0ത്തിന് മുന്നിൽ.
67-ാം മിനിട്ടിൽ ഒരു അതിവേഗ കൗണ്ടർ അറ്റാക്കിൽ നിന്ന് സലയും ഹസനും നൽകിയ പാസ് മുഹമ്മദ് സീക്കോ രണ്ടാം ഗോളാക്കി.
79-ാം മിനിട്ടിൽ മെസിയുടെ അസിസ്റ്റിൽ നിന്ന് ക്രിസ്റ്റ്യൻ റൊമേറോ അർജന്റീനയുടെ ആദ്യ തിരിച്ചടി നൽകി.
83-ാം മിനിട്ടിൽ പന്തുമായി ബോക്സിനുള്ളിലേക്ക് കടന്നുകയറി ഡിഫൻഡർമാരെ വെട്ടിയാെഴിഞ്ഞ് മെസിയുടെ സൂപ്പർ ഗോൾ
90+1-ാം മിനിട്ടിൽ പന്തുമായി ഓടിക്കയറിയ ലൗതാരോ മാർട്ടിനെസ് നൽകിയ പാസിൽ നിന്ന് എൻസോയുടെ വിജയഗോൾ.
8
ഈ ലോകകപ്പിലെ മെസിയുടെ ഗോൾ നേട്ടം എട്ടായി. ടോപ് സ്കോറർ പട്ടികയിൽ ഒറ്റയ്ക്ക് മുന്നിൽ.
9
തുടർച്ചയായ ഒൻപതാമത്തെ ലോകകപ്പ് മത്സരത്തിലാണ് മെസി ഗോളടിച്ചത്.
ക്വാർട്ടറിൽ അർജന്റീന നേരിടേണ്ടത് കൊളംബിയ - സ്വിറ്റ്സർലാൻഡ് മത്സരത്തിലെ ജേതാക്കളെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |