SignIn
Kerala Kaumudi Online
Wednesday, 08 July 2026 3.51 AM IST

കരയല്ലേ, കരളേ...

cristiano

ലോകകപ്പ് വേദിയിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കണ്ണീരോടെ മടക്കം

കഴിഞ്ഞരാത്രി ഡാലസിന്റെ കളിമൈതാനത്ത് ഇംഗ്ളണ്ടുകാരനായ റഫറി ആന്റണി ടെയ്ലർ മുഴക്കിയത് വെറുമൊരു ലോകകപ്പ് മത്സരത്തിന്റെ ഫൈനൽ വിസിലായിരുന്നില്ല. രണ്ടുപതിറ്റാണ്ടിലേറെ ലോക ഫുട്ബാൾ അടക്കിവാണ രാജാവിന്റെ കിരീടധാരണത്തിനുള്ള അവസാന അങ്കത്തിന്റെ സങ്കടത്തിൽ കുതിർന്ന അന്ത്യകാഹളമായിരുന്നു. ആറ് ലോകകപ്പുകൾ കളിച്ചിട്ടും ഒരിക്കൽപ്പോലും ആ കനകകിരീടം കയ്യിലേന്താൻ കഴിയാതെപോയ ആ പറങ്കിപ്പടത്തലവൻ അണപൊട്ടിവന്ന കണ്ണീരടക്കാനാകാതെ പതിയെ മൈതാനമദ്ധ്യത്തുനിന്ന് മടങ്ങിപ്പോയി. ഇനിയൊരു ലോകകപ്പിനില്ലെ ന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന ക്രിസ്റ്റ്യാനോയുടെ മടക്കയാത്രയിൽ ഗാലറിയും ലോകമെമ്പാടുമുള്ള ആരാധകരും ഒരുവേള പൊട്ടിക്കരഞ്ഞുപോയി.

19-ാം വയസിൽ രാജ്യത്തിന്റെ കുപ്പായമണിയുകയും ഇക്കാലംകൊണ്ട് അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുകയും ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയും ചെയ്ത താരമായി. തുടർച്ചയായ ആറ് ലോകകപ്പുക ളിൽ ഗോളടിച്ച ഏക പ്രതിഭ. ക്ളബ് ഫുട്ബാളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും റയൽ മാഡ്രിഡിന്റേയും യുവന്റസിന്റേ യുമൊക്കെ കളിമുറ്റങ്ങളിൽ തീപ്പൊരി പാറിച്ചു. സൗദിയിൽ ഒരു ഫുട്ബാൾ ലീഗുണ്ടെന്ന് ലോകത്തെ അറിയിച്ചത് അവിടേക്കുള്ള ക്രിസ്റ്റ്യാനോയുടെ വരവായിരുന്നെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.

30കൾ പിന്നിടുമ്പോൾ തന്നെ പലരും കളിനിറുത്തുന്ന ഫുട്ബാളിൽ 41-ാം വയസിലും ടീമിന്റെ നെടുംതൂണായി നിലനിൽക്കുകയെന്നത് ചെറിയകാര്യമല്ല. ഫുട്ബാളിനോട് ക്രിസ്റ്റ്യാനോ കാട്ടുന്ന ഈ ആത്മാർത്ഥതയയ്ക്ക് പിന്തുണ നൽകാൻ പോർച്ചുഗൽ ടീമിൽ പലർക്കും കഴിഞ്ഞില്ലെന്നത് ഒരു യാഥാർത്ഥ്യമായിരിക്കാം. നാലുകൊല്ലം മുമ്പ് മെസിക്കുവേണ്ടി ഒരു ലോകകപ്പ് നേടാൻ അർജന്റീന ടീം ഒറ്റക്കെട്ടായി നടത്തിയതുപോലൊരു പ്രയത്നം പറങ്കികളുടെ ഭാഗത്തുനിന്ന് ഇക്കുറി ഉണ്ടായിരുന്നെങ്കിൽ വിധി ഒരുപക്ഷേ മറ്റൊന്നായേനെ. മറ്റാരെങ്കിലുമായിരുന്നെങ്കിൽ പലകുറി വിരമിക്കുമായിരുന്ന സാഹചര്യങ്ങളിൽ അപാരമായ മനക്കരുത്തോടെ ഒറ്റയാനെപ്പോലെ പൊരുതിനിന്ന ക്രിസ്റ്റ്യാനോ അലറിമറിയുന്ന അലയാഴിയിൽ അസാമാന്യ മനക്കരുത്തോടെ പുതിയ തീരങ്ങൾ തേടിയ പറങ്കിപ്പാരമ്പര്യം കൈവിട്ടിട്ടേയില്ല. പോർച്ചുഗലിലെ മെദീരയെന്ന കൊച്ചുപട്ടണത്തിൽ പട്ടിണിയോട് പടവെട്ടി വളർന്ന പയ്യൻ കാൽപ്പന്തുകളിയിലെ തന്റെ അസാമാന്യമികവുകൊണ്ട് മാത്രമല്ല ഉന്നതമായ ജീവിതമൂല്യങ്ങൾകൊണ്ടുകൂടിയാണ് ലോകം കീഴടക്കിയത്. തന്റെ ശരീരത്തിന് ദോഷം വരാതിരിക്കാൻ എയ്റേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കി ശുദ്ധമായ പച്ചവെള്ളം മാത്രം കുടിക്കുന്ന, കോടികളുടെ പരസ്യക്കരാറുകൾ വേണ്ടെന്നുവച്ച് പച്ചവെള്ളത്തിന്റെ മഹത്വം പരസ്യമായി വിളിച്ചുപറയുന്ന, മദ്യപിക്കാത്ത, പുകവലിക്കാത്ത, എന്തിന് പതിവായി രക്തദാനം നടത്താനായി ശരീരത്തിൽ ടാറ്റൂപോലും പതിപ്പിക്കാത്ത,വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം ഓർമ്മിപ്പിക്കുന്ന, കടന്നുവന്ന ദാരിദ്രകാലത്തെ ഒരിക്കലും മറക്കാത്ത ക്രിസ്റ്റ്യാനോയല്ലാതെ ആരാണ് യുവതലമുറയ്ക്ക് റോൾ മോഡലാവേണ്ടത് ?. അസാമാന്യശക്തിയും കൃത്യതയുമുള്ള ഷോട്ടുകൾകൊണ്ട് ഫുട്ബാൾ ലോകത്ത് തന്റെ പേരെഴുതിച്ചേർത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരിക്കലും നേടാനാകാത്ത സ്വപ്നമായി ലോകകപ്പ് ഇനിയുമുണ്ടാകും. ഗാന്ധിജിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനവും ടോൾസ്റ്റോയിക്ക് സാഹിത്യ നോബലും ജോണി ഡെപ്പിന് ഓസ്കാറും വൈക്കം മുഹമ്മദ് ബഷീറിന് ജ്ഞാനപീഠവും ലഭിക്കാത്തത് അവരുടെ മഹത്വത്തിന് ഒരു കുറവും വരുത്തിയിട്ടില്ല. അതുപോലെ ലോകകപ്പ് ഇല്ലെങ്കിലും ക്രിസ്റ്റ്യാനോയുടെ മഹത്വം എക്കാലവും നിലനിൽക്കും.

ഡാലസിലെ മൈതാനത്ത് കരഞ്ഞുകലങ്ങിയ മുഖവുമായി ക്രിസ്റ്റ്യാനോ നിൽക്കുമ്പോൾ ഓരോ ആരാധകനും പറയാൻ ആഗ്രഹിച്ചത് ഇതായിരിക്കും, കരളിന്റെ കരളേ കരയരുത്. പൊയ്പ്പോയ കാലത്ത് നിങ്ങൾ തീർത്ത വിസ്മയങ്ങളെക്കുറി ച്ചോ ർത്ത് അഭിമാനത്തോടെ തലയുയർത്തി നടന്നുനീങ്ങുക. നിങ്ങളല്ല കരയേണ്ടത്. ഇനിയൊരു ലോകകപ്പിൽ ക്രിസ്റ്റ്യാനോയെ കാണാൻ കഴിയില്ലെന്നോർത്ത് ഞങ്ങൾ കരഞ്ഞുകൊള്ളാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRISTIANO RONALD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360