
മെഡൽ നേടുന്ന കായിക താരങ്ങൾക്ക്
സ്വർണം - 50 ലക്ഷം
വെള്ളി - 30 ലക്ഷം
വെങ്കലം - 20 ലക്ഷം
മെഡൽ നേടുന്ന കായിക താരങ്ങളുടെ പരിശീലകർക്ക്
സ്വർണം - 5 ലക്ഷം
വെള്ളി - 3 ലക്ഷം
വെങ്കലം - 2 ലക്ഷം
ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ മലയാളിതാരങ്ങൾക്കും മുൻകൂറായി ഒരുലക്ഷം
തിരുവനന്തപുരം : അന്താരാഷ്ട്ര കായികമേളകളിൽ മെഡൽ നേടി വന്നാലും സർക്കാരിന്റെ പാരിതോഷികം ലഭിക്കാൻ മന്ത്രിസഭാ യോഗത്തിന്റെ സമയവും സൗകര്യവും നോക്കുന്ന രീതിക്ക് വിട. ഈ മാസം 19ന് ജപ്പാനിലെ അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന മലയാളി കായികതാരങ്ങൾക്ക് ഇപ്പോഴേ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുകയാണ് കേരള സർക്കാർ. അതും കഴിഞ്ഞ തവണ ഏഷ്യൻ ഗെയിസ് മെഡലിസ്റ്റുകൾക്ക് നൽകിയ പാരിതോഷികത്തിന്റെ ഇരട്ടിയോളം !.
ഇന്നലെ കായിക വകുപ്പിന്റെ ഓപ്പറേഷൻ 'കളരി"യുമായി ബന്ധപ്പെട്ട് നടത്തിയ കായിക സംഘടനകളുടെ യോഗത്തിൽ കായികമന്ത്രി ഒ.ജെ ജനീഷാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപയാണ് പാരിതോഷികം. വെള്ളി നേടുന്നവർക്ക് 30 ലക്ഷം രൂപയും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയും നൽകും.ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാമലയാളികൾക്കും പരിശീലനത്തിനും മറ്റുമായി ഒരു ലക്ഷം രൂപ മുൻകൂറായി നൽകുമെന്നും മന്ത്രി പറഞ്ഞു.കായിക താരങ്ങൾക്ക് മാത്രമല്ല പരിശീലകർക്കുമുണ്ട് പാരിതോഷികം. സ്വർണം നേടുന്ന താരങ്ങളുടെ കോച്ചുമാർക്ക് അഞ്ച് ലക്ഷം രൂപ നൽകും. വെള്ളി നേടുന്നവരുടെ പരിശീലകർക്ക് 3 ലക്ഷം രൂപയും വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് 2 ലക്ഷം രൂപ വീതവും നൽകും.
കഴിഞ്ഞ തവണ 25 ലക്ഷം
2023ൽ ഹ്വാംഗ്ചോയിൽ നടന്ന ഏഷ്യൻ ഗെയിംസിലെ മലയാളി സ്വർണമെഡലിസ്റ്റുകൾക്ക് 25 ലക്ഷം രൂപയാണ് കേരള സർക്കാർ സമ്മാനിച്ചത്. വെള്ളി മെഡലിസ്റ്റുകൾക്ക് 19 ലക്ഷം രൂപയും വെങ്കലമെഡലിസ്റ്റുകൾക്ക് 12.5 ലക്ഷം രൂപയുമായിരുന്നു സമ്മാനം. അത്‌ലറ്റുകളായ മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, ഹോക്കി താരം പി.ആർ ശ്രീജേഷ്, വനിതാ ക്രിക്കറ്റർ മിന്നുമണി എന്നിവർക്കായിരുന്നു ഹ്വാംഗ്ചോയിൽ സ്വർണം. ബാഡ്മിന്റൺ താരങ്ങളായ എച്ച്.എസ് പ്രണോയ്‌യും എം.ആർ അർജുനും അത്‌ലറ്റുകളായ മുഹമ്മദ് അഫ്സൽ, ശ്രീശങ്കർ,ആൻസി സോജൻ എന്നിവർ വെള്ളി നേടിയിരുന്നു.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയപ്പോൾ തന്നെ പല സംസ്ഥാനങ്ങളും കാഷ് അവാർഡും ജോലി വാഗ്ദാനങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേരള സർക്കാർ 2023 ഒക്ടോബർ എട്ടിന് ഗെയിംസ് കഴിഞ്ഞിട്ടും ഒക്ടോബർ 19നുള്ള മന്ത്രിസഭായോഗത്തിലാണ് തുക പ്രഖ്യാപിച്ചത്. ഇത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഏഷ്യൻ ഗെയിംസിൽ മാത്രമല്ല അന്താരാഷ്ട്ര കായികമേളകളിലും മെഡൽ നേടിയ മറ്റ് ഇന്ത്യൻ താരങ്ങൾക്ക് അവരുടെ സംസ്ഥാനങ്ങൾ വലിയ പാരിതോഷികങ്ങൾ ഉടനടി പ്രഖ്യാപിക്കുകയും അത് നൽകുകയും ചെയ്യുമ്പോൾ കേരളം വച്ചുതാമസിപ്പിക്കുകയും താരതമ്യേന കുറഞ്ഞതുക നൽകുകയും ചെയ്തിരുന്ന രീതിക്കാണ് മാറ്റം വരുന്നത്.
കോമൺവെൽത്ത് ഗെയിംസ്
ജേതാക്കൾക്ക് വർദ്ധന
കഴിഞ്ഞമാസം ഗ്ളാസ്ഗോയിൽ കോമൺവെൽത്ത് ഗെയിംസ് സമാപിച്ചയുടൻ കേരള സർക്കാർ മെഡലിസ്റ്റുകളായ മലയാളികൾക്ക് കേരള സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള തുക അപര്യാപ്തമെന്ന് വിലയിരുത്തി സമ്മാനത്തുകയിൽ വൻ വർദ്ധനവാണ് സർക്കാർ വരുത്തിയത്. സ്വർണ ജേതാക്കൾ ഉണ്ടായിരുന്നില്ലെങ്കിലും സ്വർണത്തിന് 40 ലക്ഷം നൽകാൻ നിയമഭേദഗതി വരുത്തി.വെള്ളിമെഡലുകൾ നേടിയ ശ്രീശങ്കർ മുരളിക്കും മുഹമ്മദ് ബാസിലിനും 20 ലക്ഷം രൂപ വീതവും പരിശീലകർക്ക് 2 ലക്ഷം രൂപ വീതവുമാണ് പ്രഖ്യാപിച്ചത്.
19ന് തുടങ്ങും ഏഷ്യൻ ഗെയിംസ്
ജപ്പാനിലെ അയ്ച്ചി-നഗോയയിൽ ഈമാസം 19 മുതൽ ഒക്‌ടോബർ നാലുവരെയാണ് ഇരുപതാമത് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ഇത് മൂന്നാം തവണയാണ് ജപ്പാൻ ഏഷ്യൻ ഗെയിംസിനു വേദിയാവുന്നത്. 1958-ൽ ടോക്യോയും 1994-ൽ ഹിരോഷിമയും വേദിയായി.
മെഡൽ നേടി ദിവസങ്ങൾ കഴിഞ്ഞാലും സമ്മാനം പ്രഖ്യാപിക്കാത്തതുകൊണ്ട് കേരളത്തിൽ നിന്ന് കായികതാരങ്ങൾ അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു എന്നത് നമുക്ക് നാണക്കേടായിരുന്നു. അതുകൊണ്ടാണ് ഈ ഏഷ്യൻ ഗെയിംസിൽ മറ്റ് പല സംസ്ഥാനങ്ങളും പ്രഖ്യാപിക്കുന്നതിന് മുമ്പ് നമ്മൾ പാരിതോഷികം പ്രഖ്യാപിച്ചത്. കായികതാരങ്ങൾക്കും പരിശീലകർക്കും എല്ലാവിധ പിന്തുണയും നൽകുന്ന സർക്കാരാണിത്.
- ഒ.ജെ ജനീഷ്, കായിക മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |