
മുംബയ്: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലിൽ ജസ്‌പ്രീത് ബുംറയ്ക്ക് പകരം ഇടം നേടി ജമ്മുകാശ്മീർ പേസർ ആക്വിബ് നബി. 29കാരനായ ആക്വിബിന് ഇതാദ്യമായാണ് ഇന്ത്യൻ സീനിയർ ടീമിലേക്ക് വിളിയെത്തുന്നത്. ഇന്ത്യൻ ടീമിലെത്തുന്ന മൂന്നാമത്തെ മാത്രം ജമ്മു കശ്മീർ താരമാണ് ആഖിബ്. കഴിഞ്ഞ രണ്ട് രഞ്ജി സീസണുകളിൽ ജമ്മു കാശ്മീരിനുവേണ്ടി കാഴ്ചവച്ച മികച്ച പ്രകടനമാണ് ആക്വിബിനെ സെലക്ടർമാരുടെ റഡാറിലെത്തിച്ചത്.
കഴിഞ്ഞ രണ്ട് രഞ്ജി സീസണിൽ നിന്നായി ആക്വിബ് എറിഞ്ഞിട്ടത് 104 വിക്കറ്റുകൾ. കഴിഞ്ഞ സീസണിൽ മാത്രം 10 മത്സരങ്ങളിൽ നിന്ന് 60 വിക്കറ്റും 215 റൺസും. ജമ്മു കശ്മീരിനെ ചരിത്രത്തിലാദ്യമായി രഞ്ജി ജേതാക്കളാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 54 റൺസ് വഴങ്ങി അഞ്ചു വിക്കറ്റാണ് കർണാടകയ്ക്കെതിരായ ഫൈനലിൽ വീഴ്ത്തിയത്. കെ.എൽ. രാഹുൽ ഉൾപ്പെടെ കർണാടകയുടെ ആദ്യ അഞ്ചു ബാറ്റർമാരിൽ നാലുപേരെയും പുറത്താക്കിയ ആക്വിബ് പ്ളേയർ ഒഫ് ദ ടൂർണമെന്റുമായി. അടുത്തിടെ ഇന്ത്യ എ ടീമിൽ കളിച്ചു.
ടെസ്റ്റ് കളിക്കാൻ ഫിറ്റ്നെസ് പോരെന്ന ബി.സി.സി.ഐ മെഡിക്കൽ സംഘത്തിന്റെ ഉപദേശപ്രകാരമാണ് ബുംറ ലങ്കയ്ക്ക് എതിരായ പരമ്പരയിൽ നിന്ന് പിന്മാറിയത്.ഇക്കഴിഞ്ഞ ഇംഗ്ളണ്ട് പര്യടനത്തിലെ രണ്ടാം ഏകദിനത്തിൽ ഫീൽഡിംഗിനിടെ താരത്തിന് പരിക്കേറ്റിരുന്നു. അവസാന ഏകദിനത്തിൽ കളിച്ചിരുന്നില്ല. ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, ആകാശ്ദീപ് എന്നിവർ പരിക്കിന്റെ പിടിയിലായതോടെയാണ് സെലക്ടർമാർ ആക്വിബിന് അവസരം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |