SignIn
Kerala Kaumudi Online
Friday, 18 September 2026 12.17 AM IST

കാര്യവട്ടം ഇന്ത്യ-വിൻഡീസ് ഏകദിനം ടിക്കറ്റ് വിൽപ്പന തുടങ്ങി

cricket-ticket

ടീമുകൾ 23ന് എത്തും, മൂന്ന് ദിവസം പരിശീലനം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ഫിനസ് ​ഗ്രൂപ്പ് എം.ഡിയും കെ.സി.എൽ ചാമ്പ്യന്മാരായ തൃശൂർ ടൈറ്റൻസ് ടീം ഉടമയുമായ സജാദ് സേട്ടിന് ടിക്കറ്റ് കൈമാറി ആദ്യ വിൽപ്പന നിർവഹിച്ചു. ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത്.വി. നായർ, സെക്രട്ടറി വിനോദ്.എസ് .കുമാർ എന്നിവർ പങ്കെടുത്തു.

മത്സരത്തിനുള്ള ടീമുകൾ ഈമാസം 23ന് തന്നെ തിരുവനന്തപുരത്ത് എത്തുന്നുണ്ട്. 24, 25,26 തീയതികളിൽ ഇരുടീമുകളും ഗ്രീൻഫീൽഡിൽ പരിശീലനം നടത്തും. 27 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം തുടങ്ങുന്നത്. 30-ന് ഗുവാഹത്തിയിലാണ് രണ്ടാം ഏകദിനം. മൂന്നാം മത്സരം ഒക്ടോബർ 3-ന് മൊഹാലിയിൽ.

ഗ്യാലറിക്ക് 650രൂപ

ഗാലറി ടിക്കറ്റുകൾക്ക് 650 രൂപയാണ് നിരക്ക്. പവലിയൻ ടിക്കറ്റിന് 1250 രൂപയും, പവലിയൻ എ, ജെ എന്നിവയ്ക്ക് 1800 രൂപയും 2000 രൂപയുമാണ് വില. എലൈറ്റ് പവലിയൻ ടിക്കറ്റുകൾക്ക് 2500 രൂപയും കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾക്ക് 5000 രൂപയുമാണ് നിരക്ക്. എല്ലാവിധ ടാക്സുകളും ഉൾപ്പെടുത്തിയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്ക് ടിക്കറ്റ് നിർബന്ധമാണ്.ടിക്കറ്റ് ജീനി (Ticketgenie.in) എന്ന പ്ലാറ്റ്ഫോമിലൂടെ കാണികൾക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഔദ്യോ​ഗിക പ്ലാറ്റ്ഫോമിലൂടെ മാത്രം ടിക്കറ്റ് വാങ്ങണമെന്ന് കെസിഎ അഭ്യർത്ഥിച്ചു.ഒരാൾക്ക് പരമാവധി ആറ് ടിക്കറ്റുകൾ വാങ്ങാം.

വിദ്യാർത്ഥികൾക്ക് 300 രൂപ

സ്കൂൾ‌-കോളജ് വിദ്യാർത്ഥികൾക്ക് ടാക്സ് ഉൾപ്പെടെ 300 രൂപയാണ് നിരക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകൾക്ക് മാത്രമാണ് ആനുകൂല്യം . സ്ഥാപനങ്ങൾ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റർഹെഡിലുള്ള അപേക്ഷ generalconvener@keralacricket.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷയോടൊപ്പം വിദ്യാർത്ഥികളുടെ മുഴുവൻ പേരും സ്കൂൾ/കോളേജ് ഐഡി കാർഡ് നമ്പറും സമർപ്പിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് പത്ത് വിദ്യാർത്ഥികളെങ്കിലും ഉണ്ടായിരിക്കണം.15വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്കൊപ്പം ഒരു അധ്യാപകൻ ഉണ്ടായിരിക്കണം. ഓരോ പത്ത് വിദ്യാർത്ഥികൾക്കും ഒരു അധ്യാപകൻ എന്ന ക്രമത്തിൽ 300 രൂപ ടിക്കറ്റിൽ അധ്യാപകർക്കും പ്രവേശനം അനുവദിക്കും.

മൂന്നാം വൺഡേ

കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കുന്ന മൂന്നാമത്തെ പുരുഷ ഏകദിന മത്സരമാണിത്. 2018 നവംബർ ഒന്നിന് നടന്ന സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിനത്തിലും ഇന്ത്യയും വെസ്റ്റ് ഇൻഡീസുമാണ് ഏറ്റുമുട്ടിയത്. എട്ട് വർഷങ്ങൾക്ക് ശേഷമാണ് വിൻഡീസ് ടീം വീണ്ടും തലസ്ഥാനത്ത് എത്തുന്നത്. 2023 ജനുവരിയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു ഇവിടെ നടന്ന രണ്ടാമത്തെ ഏകദിനം. അന്ന് വിരാട് കോഹ്‌ലി പുറത്താകാതെ നേടിയ 166 റൺസിന്റെ മികവിൽ ഇന്ത്യ 390 റൺസ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 73 റൺസിന് പുറത്താക്കി 317 റൺസിന്റെ വിജയം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET TICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360