SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.43 AM IST

നൊവാക്കിന് കണ്ണീരോടെ മടക്കം

novak

യു.എസ് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ നൊവാക്ക് ജോക്കോവിച്ചിന് തോൽവി

അഞ്ചുസെറ്റ് പോരാട്ടത്തിൽ വീഴ്ത്തിയത് അർജന്റീനയുടെ മരിയാനോ നവോനെ

2006ന് ശേഷം ഗ്രാൻസ്ളാമിന്റെ ആദ്യ റൗണ്ടിൽ നൊവാക്ക് പുറത്താകുന്നത് ആദ്യം

ന്യൂയോർക്ക് : തന്റെ 25-ാമത് ഗ്രാൻസ്ളാം കിരീടം തേടിയിറങ്ങിയ സെർബിയൻ ടെന്നിസ് ഇതിഹാസം നൊവാക്ക് ജോക്കോവിച്ചിന് യു.എസ് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി. അർജന്റീന താരം മരിയാനോ നവോനെയാണ് അഞ്ചുസെറ്റ് നീണ്ട മത്സരത്തിൽ നൊവാക്കിനെ അട്ടിമറിച്ചത്. സ്കോർ : 7-6, 5-7, 4-6, 6-2, 6-1. 2006-ന് ശേഷം ഇതാദ്യമായാണ് ജോക്കോവിച്ച് ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ തോറ്റ് പുറത്താകുന്നത്.

2023ൽ ഇതേവേദിയിൽ തന്റെ 24-ാം ഗ്രാൻസ്ളാം കിരീ‌ടം സ്വന്തമാക്കിയശേഷം മേജർ കിരീടങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്ന നൊവാക്ക് മത്സരത്തിനിടെ രണ്ടുമൂന്ന് വട്ടം ഛർദിക്കുകയും തളർന്നുവീഴുകയും ചെയ്തിരുന്നു.ഇത്തവണ ഓസ്ട്രേലിയൻ ഓപ്പണിൽ റണ്ണറപ്പായ ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം റൗണ്ടിലും വിംബിൾഡണിന്റെ സെമിഫൈനലിലുമാണ് തോറ്റ് പുറത്തായത്. ആവേശം നിറഞ്ഞ മത്സരത്തിൽ ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നവോനെ സ്വന്തമാക്കിയിരുന്നു. എന്നാൽ തുടർന്നുള്ള രണ്ട് സെറ്റുകൾ നേടി ജോക്കോവിച്ച് ശക്തമായി തിരിച്ചുവന്നു. പിന്നീട് തകർപ്പൻ ഫോമിലേക്ക് ഉയർന്ന നവോനെ അവസാന രണ്ട് സെറ്റുകൾ 6-2, 6-1 എന്ന സ്‌കോറിന് നേടി മത്സരം സ്വന്തമാക്കുകയായിരുന്നു. നാല് മണിക്കൂറിലധികം നീണ്ടുനിന്ന മാരത്തൺ പോരാട്ടത്തിനിടെ പലതവണ താഴെ വീണ ജോക്കോവിച്ചിന്, അഞ്ചാം സെറ്റിൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയും ചെയ്തു. വളരെ ക്ഷീണിതനായിരുന്നു 39കാരനായ താരം.

2006

ന് ശേഷം ഇതാദ്യമായാണ് ജോക്കോവിച്ച് ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ ഒന്നാം റൗണ്ടിൽ പരാജയപ്പെടുന്നത്. 2006-ലെ ഓസ്ട്രേലിയൻ ഓപ്പണിൽ പോൾ ഗോൾഡ്സ്റ്റീനോടാണ് അദ്ദേഹം ഇതിന് മുൻപ് ഒന്നാം റൗണ്ടിൽ പരാജയപ്പെട്ടത്.

78

ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിൽ തുടർച്ചയായി 78 തവണ ആദ്യ റൗണ്ട് മത്സരങ്ങൾ വിജയിച്ച ജോക്കോവിച്ചിന്റെ അവിശ്വസനീയ റെക്കോഡും ഈ തോൽവിയോടെ അവസാനിച്ചു.

98

യുഎസ് ഓപ്പണിൽ ജിമ്മി കോണേഴ്‌സിന്റെ 98 വിജയങ്ങളെന്ന റെക്കോഡ് മറികടക്കാൻ വെറും നാല് വിജയങ്ങളുടെ ദൂരം മാത്രമേ ജോക്കോവിച്ചിന് മുന്നിൽ ഉണ്ടായിരുന്നുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NOVAK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360