SignIn
Kerala Kaumudi Online
Thursday, 05 November 2026 8.05 AM IST

പ്യാരി പി.എസ്.ജി,​ മാഞ്ചസ്റ്റർ ത്രില്ലർ

s

ലണ്ടൻ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ പാരീസ് എസ്.ജി തകർപ്പൻ ജയം നേടിയപ്പോൾ ഗംഭീര തിരിച്ചുവരവിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡും ജയിച്ചു കയറി. ബാഴ്സ‌ലോണ,​ ബയേൺമ്യൂണിക്ക്,​ഇന്റർ മിലാൻ,​ തുടങ്ങിയ ടീമുകളും ജയിച്ചു.

സീസണിൽ തോൽവി അറിയാതെ കുതിക്കുന്ന പി.എസ്.ജി വിയ്യാറയലിനെ മറുപടിയില്ലാത്ത 6 ഗോളുകൾക്ക് തകർത്താണ് തുടർച്ചയായ നാലാം ജയം നേടിയത്. 8 മിനിട്ടുകൾക്കിടെ 4 ഗോളുകൾ നേടി വിയ്യാറയലിനെ ഞെട്ടിച്ച പി.എസ്.ജി കളി തുടങ്ങി 17 മിനിട്ടായപ്പോഴെ 4-0ത്തിന് മുന്നിലെത്തി. 9-ാം മിനിട്ടിൽ ജാവോ നെവാസിലൂടെ പി.എസ്.ജി ഗോളടി തുടങ്ങി. പിന്നാലെ ഡിസൈർ ഡ്യൂ (12-ാം മിനിട്ട്)​,​ സെന്നി മയുലു (13-ാം മിനിട്ട്)​,​ ഫാബിയാൻ റൂയിസ് (17-ാം മിനിട്ട്)​ എന്നിവരും വലകുലുക്കുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം 50-ാം മിനിട്ടിൽ റൂയിസ് ടീമിന്റെ അഞ്ചാം ഗോളും തന്റെ രണ്ടാം ഗോളും നേടി. ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ 17കാരൻ ഡേവിഡ് ബോലി 78-ാം മിനിട്ടിൽ പി.എസ്.ജിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോർഡിൽ എ.എസ് റോമയ്ക്ക് എതിരെ ആദ്യ പകുതിയിൽ 0-2ന് പിന്നിലായ ശേഷം രണ്ടാം പകുതിയിൽ 3 ഗോൾ തിരിച്ചടിച്ചാണ് നാടകീയ ജയം നേടിയത് (3-2)​. മത്യാസ് സോൾ (11)​,​ ഡോണെല്ലി മലെൻ (17)​ എന്നിവരാണ് റോമയ്ക്കായി ലക്ഷ്യം കണ്ടത്,​ 58ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസിലൂടെ ആദ്യ ഗോൾ നേടിയ യുണൈറ്റഡ് മത്യാസ് കുഞ്ഞ്യ 83,​86 മിനിട്ടുകളിൽ നേടിയ ഗോളുകളിലൂടെയാണ് ജയിച്ചത്. രണ്ടാം പകുതിയുടെ അധിക സമയത്ത് മത്യാസ് കുഞ്ഞ്യ രണ്ടാം മഞ്ഞക്കാർഡും ചുവപ്പും കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് യുണൈറ്റഡ് മത്സരം പൂർത്തിയാക്കിയത്.

എല്ലാ മത്സരങ്ങളിലുമായി അവസാനം കളിച്ച 10 മത്സരങ്ങളിൽ യുണൈറ്രഡിന്റെ ആദ്യജയമാണിത്. മറ്റ് മത്സരങ്ങളിൽ ബാഴ്‌സലോണ 3-0ത്തിന് ആസ്റ്റൺ വില്ലയേയും ബയേൺ മ്യൂണിക്ക് 2-0ത്തിന് അത്‌ലറ്റിക്കോ മാഡ്രിഡിനേയും ഇന്റർമിലാൻ 3-0ത്തിന് ഫെയനൂർദിനെയും ഗലതസരെ 2-0ത്തിന് സ്റ്രുഗാർട്ടിനേയും കീഴടക്കി,​

പി.എസ്.ജി വിശേഷം

1-യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ ഏറ്റവും വേഗത്തിൽ നാല് ഗോളുകൾ നേടുന്ന ടീമായി പി.എസ്.ജി. വിയ്യാറയലിനെതിരായ മത്സരം തുടങ്ങി 16 മിനിട്ട് 2 സെക്കൻഡിനുള്ളിലാണ് പി.എസ്.ജി നാല് ഗോളുകൾ നേടിയത്.

ഡൈനാമോ സാഗ്രബിനെതിരെ 20 മിനിട്ടിൽ നാല് ഗോളുകൾ നേടിയ റയൽമാഡ്രിഡിന്റെ (2011)​ പേരിലുണ്ടായിരുന്ന റെക്കാഡാണ് പി.എസ്.ജി തിരുത്തിയത്.

ഈ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി പി.എസ്.ജിയുടെ തുടർച്ചയായ പത്താം ജയമായിരുന്നു ഇത്.

ചാമ്പ്യൻസ് ലീഗിൽ ഇത്തവണ 4 മത്സരങ്ങളിൽ നിന്ന് പി.എസ്.ജി 20 ഗോളുകൾ നേടിക്കഴിഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ സ്വന്തം മൈതാനത്ത് ഒരു സ്പാനിഷ് ടീമിന്റെ ഏറ്റവും വലിയ തോൽവിയാണ് വിയ്യാറയലിന്റേത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360