SignIn
Kerala Kaumudi Online
Thursday, 05 November 2026 8.05 AM IST

രഞ്ജി:കേരളത്തിന് ഫോളോ ഓൺ

അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് ഫോളോ ഓൺ. ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 534 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒന്നാം ഇന്നിംഗ്സിൽ 279 റൺസിന് ഓൾഔട്ടായി.

തുടർന്ന് ഫോളോ ഓൺ ചെയ്ത കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റിന് 41 റൺസെന്ന നിലയിലാണ്.

മുൻനിര തകർന്നടിഞ്ഞ മത്സരത്തിൽ മധ്യനിര ബാറ്റർമാർ നടത്തിയ ചെറുത്തുനിൽപ്പാണ് വലിയ നാണക്കേടിൽ നിന്ന് കേരളത്തെ കരകയറ്റിയത്. മൂന്ന് വിക്കറ്റിന് 74 റൺസെന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിന് വേണ്ടി വിഷ്‌ണു വിനോദി (66), ആദിത്യസർവാതെ (58), മുഹമ്മദ് അസ്ഹ‌റുദ്ദീൻ (57), സച്ചിൻ ബേബി (42) എന്നിവർ പൊരുതി നോക്കിയെങ്കിലും ഫോളോ ഓൺ ഒഴിവാക്കാനായില്ല. 2 റൺസിനിടെയാണ് കേരളത്തിന് അവസാന 4 വിക്കറ്റുകൾ നഷ്ടമായത്.

ഗുജറാത്തിന് വേണ്ടി അർസാൻ നഗ്വാസ്വെല്ല നാലും ചിന്തൻ ഗജ മൂന്നും സിദ്ധാർത്ഥ് ദേശായി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ഫോളോ ഓൺ ചെയ്‌ത കേരളത്തിന് രോഹൻ കുന്നുമ്മലിന്റെ (7) വിക്കറ്റ് നഷ്ടമായി.അഭിഷേക് നായരും (24) സച്ചിൻ ബേബിയും (0)ആണ് കളിനിറുത്തുമ്പോൾ ക്രീസിൽ.

കേരളം ഇന്നിംഗ്സ് തോൽവിയിലേക്ക്

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ തമിഴ്നാടിനെതിരെ കേരളത്തിന് ബാറ്റിംഗ് തകർച്ച. ആദ്യ ഇന്നിങ്സിൽ 46 റൺസിന് ഓൾഔട്ടായ കേരളം രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റിന് 99 റൺസെന്ന നിലയിലാണ്. മൂന്ന് വിക്കറ്റുകൾ ശേഷിക്കെ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ കേരളത്തിന് 170 റൺസ് കൂടി വേണം. നേരത്തെ തമിഴ്നാടിന്റെ ആദ്യ ഇന്നിംഗ്സ് 315 റൺസിന് അവസാനിച്ചിരുന്നു.

കേരളത്തിന് തോൽവി

ലഖ്‌നൗ: ദേശീയ സീനിയർ വനിതാ ട്വന്റി-20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ ഗുജറാത്ത്എട്ട് വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് പത്ത് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360