
വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ ഖത്തറിന്റെ നേതൃത്വത്തിൽ ശ്രമം തുടരുന്നതിനിടെ,പരസ്‌പരം പ്രകോപനങ്ങൾ ആവർത്തിച്ച് യു.എസും ഇറാനും. ഹോർമുസ് കടലിടുക്കിൽ വാണിജ്യക്കപ്പലുകൾക്ക് നേരെ ആക്രമണം ശക്തമായതോടെ ഇറാനിലെ ഖേഷം ദ്വീപിൽ യു.എസ് ബോംബിട്ടു. വ്യോമപ്രതിരോധ സംവിധാനം തകർത്തു. ഇന്നലെ പുലർച്ചെ നടന്ന ആക്രമണം ചെറുതും പരിമിതവുമായിരുന്നെന്ന് യു.എസ് സൈന്യം വ്യക്തമാക്കി.
അതേസമയം,ഖേഷം ദ്വീപിന് മുകളിലൂടെ പറന്ന യു.എസിന്റെ എം.ക്യു - 9 റീപ്പർ ഡ്രോണിനെ തകർത്തെന്ന് ഇറാൻ അവകാശപ്പെട്ടു. ഇതുവരെ 260 അമേരിക്കൻ വിമാനങ്ങൾ തകർത്തെന്നാണ് ഇറാന്റെ വാദം. ബാലിസ്റ്റിക് മിസൈലുകൾക്ക് തങ്ങൾക്ക് നിശ്ചയിച്ചിരുന്ന 2,000 കിലോമീറ്റർ പ്രഹരപരിധി നീക്കിയെന്നും ഭൂമിശാസ്ത്രപരമായ അതിരുകൾ വകവയ്ക്കാതെയാകും ഇനി തിരിച്ചടിക്കുകയെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ മിസൈൽ ശേഷികൾ ഉടൻ തെളിയിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് പറഞ്ഞു.
അതേസമയം,യു.എസിന്റെ ആക്രമണം ഭയന്ന് ആണവ കേന്ദ്രങ്ങൾക്ക് സമീപം താമസിക്കുന്ന ജനങ്ങൾക്ക് ഇറാൻ ആരോഗ്യ മന്ത്രാലയം അയഡിൻ ഗുളികകൾ വിതരണം ചെയ്യുന്നെന്ന റിപ്പോർട്ട് പുറത്തുവന്നു. റേഡിയേഷനിൽ നിന്ന് തൈറോയ്ഡ് ഗ്രന്ഥികളെ സംരക്ഷിക്കാനാണിത്.
ഇറാൻ ഒരു ചെറിയ വിമാനവേധ സംവിധാനം നിർമ്മിച്ചു. ഞങ്ങൾ അത് 15 മിനിറ്റുകൊണ്ട് തകർത്തു.
- ഡൊണാൾഡ് ട്രംപ്,
പ്രസിഡന്റ്, യു.എസ്
നാവികൻ കൊല്ലപ്പെട്ടു
ഹോർമുസിൽ എണ്ണടാങ്കറിന് നേരെയുണ്ടായ ഇറാനിയൻ മിസൈലാക്രമണത്തിനിടെ ഫിലിപ്പീൻസ് പൗരനായ നാവികൻ കൊല്ലപ്പെട്ടു. ഗ്രീക്ക് കപ്പലായ വെലോസ് സഫയറാണ് ആക്രമിക്കപ്പെട്ടത്. ആക്രമണം നേരിട്ട മറ്റൊരു കപ്പലിൽ ഇന്നലെ തീപിടിത്തമുണ്ടായി. ആളപായമുണ്ടോ എന്ന് വ്യക്തമല്ല.
2 കോടി ഡോളർ
ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് യു.എസ് പ്രഖ്യാപിച്ച പാരിതോഷികം
# ഉപാധികളിൽ വിട്ടുവീഴ്‌ചയില്ല
ഖത്തർ ആവിഷ്കരിച്ച സമാധാന നിർദ്ദേശവുമായി ബന്ധപ്പെട്ട് നയതന്ത്ര ചർച്ചകൾ തുടരുന്നുണ്ടെങ്കിലും പുരോഗതിയില്ല
ഹോർമുസ് തുറക്കാനും ആണവ കേന്ദ്രങ്ങളിലെ പരിശോധനയ്ക്ക് ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയെ അനുവദിക്കാനും ഇറാൻ തയ്യാറാകണമെന്ന് വ്യവസ്ഥ. ആക്രമണങ്ങൾ അവസാനിപ്പിക്കുന്ന യു.എസ്, ഇറാന്റെ മരവിപ്പിച്ച ഏതാനും ആസ്തികൾ വിട്ടുനൽകണമെന്നും നിർദ്ദേശം
ഇറാനിൽ ആണവ പരിശോധന ആദ്യം നടത്തണമെന്നും അതിന് ശേഷമേ ഉപരോധങ്ങൾ നീക്കുന്നത് ആലോചിക്കൂ എന്നും യു.എസ്. ഉപരോധങ്ങൾ പൂർണമായും നീക്കാതെ വിട്ടുവീഴ്ചകൾക്കില്ലെന്ന് ഇറാനും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |