ഡബ്ലിൻ: അയർലൻഡിനെതിരായ പരമ്പര നാണംകെട്ട തോൽവിയിൽ അവസാനിക്കുമെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും നായകൻ ശ്രേയസ് അയ്യരും സങ്കൽപ്പിച്ചിട്ടുപോലുമുണ്ടാകില്ല. ആദ്യ മത്സരത്തിൽ 34 റൺസിന് തോറ്റ ഇന്ത്യ, രണ്ടാം മത്സരത്തിൽ ഒരു റൺസിന്റെ ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇന്ത്യൻ ഓപ്പണർമാരുടെ മോശം ഫോമാണ് പരമ്പര കൈവിട്ടുപോകാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ രണ്ട് മത്സരങ്ങളിൽ നിന്ന് 5, 0 എന്നിങ്ങനെയായിരുന്നു സ്‌കോർ. ഓപ്പണറായ അഭിഷേക് ശർമ്മ ആദ്യ മത്സരത്തിൽ 49 റൺസടിച്ചെങ്കിലും രണ്ടാം മത്സരത്തിൽ പൂജ്യത്തിന് പുറത്തായി. എന്നാൽ, നിലവിലെ തോൽവിയിൽ നിന്നും പാഠം ഉൾക്കൊണ്ട് തിരിച്ചുവരാൻ ഇന്ത്യക്ക് മുന്നിൽ അധികം സമയമില്ല. ജൂലായ് ഒന്ന് മുതൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയ്ക്കാണ് അടുത്തതായി ടീം ഇറങ്ങുന്നത്.
ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ യുവ വിസ്മയം വൈഭവ് സൂര്യവംശിയെ ആദ്യ മത്സരം മുതൽ തന്നെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെടുന്നത്. ' ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവെയാണ് ഗവാസ്‌കർ തന്റെ നിലപാട് വ്യക്തമാക്കിയത്.
'കഴിഞ്ഞ ഒരു മാസമായി ഞാൻ പറയുന്ന കാര്യമാണിത്. നിലവിൽ മികച്ച ഫോമിലുള്ള വൈഭവിനെ അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളിലും കളിപ്പിക്കാമായിരുന്നു. ഒരു മത്സരത്തിൽ അഭിഷേക് ശർമ്മയ്‌ക്കൊപ്പവും, അടുത്ത മത്സരത്തിൽ സഞ്ജുവിനൊപ്പവും വൈഭവിനെ ഓപ്പണറാക്കാമായിരുന്നു. വൈഭവ് വന്നാൽ കളി ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ചിലപ്പോൾ പരാജയപ്പെട്ടേക്കാം. എങ്കിലും യുവാക്കളെ പരീക്ഷിക്കാൻ ഇതിലും നല്ലൊരു അവസരം വേറെ ലഭിക്കില്ലായിരുന്നു.
അയർലൻഡിനോടേറ്റ ഞെട്ടിക്കുന്ന തോൽവി ടീമിനെ സമ്മർദ്ദത്തിലാക്കുമെങ്കിലും, വൈഭവിന്റെ അരങ്ങേറ്റം വൈകിപ്പിക്കരുത്. ബാറ്റിംഗിൽ ഫോമിലല്ലാത്ത മദ്ധ്യനിരയിലുള്ള താരങ്ങളെ മാറ്റി നിർത്തി വൈഭവിനെ മൂന്നാം നമ്പരിൽ കളിപ്പിക്കുക. കഴിഞ്ഞ ഒന്നര വർഷമായി മികച്ച തുടക്കം നൽകിയ അഭിഷേകിനെയും സഞ്ജുവിനെയും രണ്ട് മത്സരങ്ങളിലെ പരാജയത്തിന്റെ പേരിൽ ടീമിൽ നിന്ന് മാറ്റുന്നത് ശരിയല്ല. വൈഭവ് മൂന്നാം നമ്പറിലും, ഇഷാൻ കിഷൻ നാലാമതും, ശ്രേയസ് അയ്യർ അഞ്ചാതും ഇങ്ങനെയായിരിക്കണം മദ്ധ്യനിര. ഇന്ത്യ അയർലൻഡിനോട് തോറ്റതിനാൽ ഇംഗ്ലണ്ട് കൂടുതൽ ആത്മവിശ്വാസത്തിലായിരിക്കും. അവരുടെ ആത്മവിശ്വാസത്തെ മുതലെടുക്കാനും അവരെ ഞെട്ടിക്കാനും ജൂലായ് ഒന്നിന് വൈഭവ് കളിച്ചേ തീരൂ,'- ഗവാസ്‌കർ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |