മുംബയ്: ക്രിക്കറ്റ് ലോകത്ത് റെക്കോർഡുകൾക്ക് പുതിയ നിർവചനങ്ങൾ നൽകിയ ഇന്ത്യൻ ഇതിഹാസതാരം വിരാട് കൊഹ്‌ലിക്ക് ഇന്ന് 38-ാം പിറന്നാൾ. ബാറ്റിംഗിലെ മികവുകൊണ്ടും അച്ചടക്കമുള്ള ജീവിതശൈലികൊണ്ടുമാണ് കരിയറിൽ തന്റേതായൊരു വ്യക്തിമുദ്ര കൊഹ്‌ലി രൂപപ്പെടുത്തിയെടുത്തത്, ക്രിക്കറ്റിലെ 18 വർഷത്തോളം നീളുന്ന യാത്രയിൽ എണ്ണമറ്റ നേട്ടങ്ങൾക്കൊപ്പം ലോകമെമ്പാടും ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്.
2008ൽ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചുകൊണ്ടാണ് കൊഹ്‌ലി ശ്രദ്ധ നേടുന്നത്. അതേ വർഷം തന്നെ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമായി മാറിയ താരത്തിന്റെ വളർച്ച അതിവേഗമായിരുന്നു. തുടക്കത്തിൽ ആക്രമണോത്സുകമായ ബാറ്റിംഗിലൂടെ ശ്രദ്ധ നേടിയ കൊഹ്‌ലി പിന്നീട് സ്ഥിരതയുടെയും സമ്മർദങ്ങളെ അതിജീവിക്കാനുള്ള കഴിവിന്റെയും പര്യായമായി മാറുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്,
ക്രിക്കറ്റിന്റെ ദൈവം എന്നറിയപ്പെടുന്ന സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡുകൾക്കുപോലും വെല്ലുവിളി ഉയർത്തി മുന്നേറുന്ന കൊഹ്‌ലിയാണ് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി സ്വന്തമാക്കിയ താരം. സച്ചിൻ ടെൻഡുൽക്കറുടെ 49 ഏകദിന സെഞ്ച്വറികളെന്ന റെക്കോർഡ് മറികടന്ന് 55 സെഞ്ച്വറികളുമായി കൊഹ്‌ലി മുന്നിലാണ്. കൂടാതെ, ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് പൂർത്തിയാക്കിയ താരമെന്ന നേട്ടവും കൊഹ്‌ലിക്ക് സ്വന്തമാണ്.
2023ലെ ഏകദിന ലോകകപ്പിൽ 11 മത്സരങ്ങളിൽനിന്ന് 765 റൺസ് നേടിയ കൊഹ്‌ലി ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 86 സെഞ്ച്വറികളുമായി സച്ചിൻ ടെൻഡുൽക്കറുടെ 100 സെഞ്ചുറികളെന്ന റെക്കോർഡിന് പിന്നാലെയാണ് താരം. 2011ലെ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലും 2013ലെ ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ടീമിലും കൊഹ്‌ലി ഭാഗമായിരുന്നു.
2024ലെ ട്വന്റി20 ലോകകപ്പ് വിജയത്തിലും താരം നിർണായക സംഭാവന നൽകി. 2025ലെ ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടത്തിലും കൊഹ്‌ലി ടീമിന്റെ ഭാഗമായിരുന്നു. ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഒന്നാമതുള്ള കൊഹ്‌ലി 2014ലും 2016ലും ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇന്ത്യൻ ടീമിന്റെ നായകനായും കൊഹ്‌ലി തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന് പുതിയൊരു ദിശാബോധം നൽകിയ നായകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ 68 ടെസ്റ്റുകളിൽ 40 വിജയങ്ങളാണ് സ്വന്തമാക്കിയത്. വിദേശ മൈതാനങ്ങളിലെ ടെസ്റ്റ് വിജയങ്ങളും ടീമിന്റെ ഫിറ്റ്നസ് നിലവാരത്തിലുണ്ടായ മാറ്റങ്ങളും കൊഹ്‌ലിയുടെ നായകകാലത്തെ ശ്രദ്ധേയമാക്കി. പ്രായം 38ലെത്തിയെങ്കിലും ബാറ്റിംഗിലെ ആവേശത്തിന് കുറവില്ലെന്ന് കഴിഞ്ഞ ദിവസത്തെ പ്രകടനത്തിലൂടെയും കൊഹ്‌ലി തെളിയിച്ചു.
ഇന്നലെ നടന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 51 പന്തിൽ 74 റൺസാണ് താരം അടിച്ചെടുത്തത്. 13 ബൗണ്ടറികളും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു കൊഹ്‌ലിയുടെ ഇന്നിംഗ്സ്. 2026ൽ ഇതുവരെ കളിച്ച 10 ഏകദിനങ്ങളിൽനിന്ന് 626 റൺസാണ് കൊഹ്‌ലി നേടിയത്. 69.55 ശരാശരിയും 120.61 സ്ട്രൈക്ക് റേറ്റും രണ്ട് സെഞ്ച്വറികളും നാല് അർദ്ധസെഞ്ച്വറികളും ഈ പ്രകടനത്തിന്റെ ഭാഗമാണ്.
ടെസ്റ്റ്, ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റുകളിൽനിന്ന് വിരമിച്ച കൊഹ്‌ലി ഇപ്പോൾ ഏകദിനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2027ലെ ഏകദിന ലോകകപ്പാണ് താരത്തിന് മുന്നിലുള്ള പ്രധാന ലക്ഷ്യങ്ങളിലൊന്ന്. റെക്കോർഡുകൾ തകർക്കാനും പുതിയ നേട്ടങ്ങൾ സ്വന്തമാക്കാനും ഇനിയും അവസരങ്ങളുണ്ടെന്ന് തെളിയിച്ചുകൊണ്ടാണ് കൊഹ്‌ലി മുന്നേറുന്നത്.
Indian cricket legend Virat Kohli celebrates his 38th birthday, marking a stellar career of redefining records. He has surpassed Sachin Tendulkar's ODI century tally and holds the record for the fastest to 10,000 ODI runs. Having retired from Test and T20 internationals, Kohli is now focused on ODI cricket, aiming for the 2027 World Cup following impressive recent performances.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |