SignIn
Kerala Kaumudi Online
Tuesday, 26 May 2026 8.37 PM IST

'ഡിയർ  വെെഭവ്'; തകർപ്പൻ പ്രകടനത്തിന് പിന്നാലെ 15കാരന് കൊഹ്‌ലിയുടെ വക സർപ്രെെസ്

virat-kohli

ഗോഹട്ടി : രാജസ്ഥാൻ റോയൽസിലെ വൈഭവ് സൂര്യവംശിയെന്ന 15കാരന്റെ അപാര വൈഭവത്തിനാണ് ഇന്നലെ ഗോഹട്ടി സാക്ഷ്യം വഹിച്ചത്. വെറും 26 പന്തുകളിൽ ഏഴ് സിക്സുകളും എട്ടുഫോറുകളും വാരിവിതറി 78 റൺസടിച്ച് വൈഭവ് കൊളുത്തിവിട്ട റൺ വെട്ടിക്കെട്ടിൽ കരിഞ്ഞുവീണത് സാക്ഷാൽ വിരാട് കൊഹ്‌ലി ഉൾപ്പെടുന്ന നിലവിലെ ചാമ്പ്യന്മാരായ ആർസിബിയാണ്. നൽകിയ 202 റൺസിന്റെ ലക്ഷ്യം 12 പന്തുകളുംആറ് വിക്കറ്റുകളും ബാക്കിനിൽക്കേ മറികടന്ന രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമതായി തുടരുകയാണ്.

ഇപ്പോഴിതാ വെെഭവിനെ പ്രശംസിച്ച് വിരാട് കൊഹ്‌ലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്നലത്തെ മത്സരം കഴിഞ്ഞതിന് പിന്നാലെ കൊഹ്‌ലിയുടെ ഓട്ടോഗ്രാഫ് വെെഭവിനെ തേടിയെത്തി. തൊപ്പിയിൽ 'ഡിയർ വെെഭവ്, വെൽഡൺ' എന്നായിരുന്നു കൊഹ്‌ലി കുറിച്ചത്. രാജസ്ഥാൻ റോയൽസിന്റെ തൊപ്പിയിലാണ് താരം കെെയൊപ്പ് സമ്മാനിച്ചത്. വെെഭവിന്റെ കളി കാണാൻ തന്നെ ഭംഗിയാണെന്നും തുടർന്നും മികച്ച പ്രകടനം നിലനിർത്താൻ കഴിയട്ടെ എന്നും മുംബയ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

cap

അതേസമയം, ഇന്നലെ രണ്ടാം ഓവറിൽ യശസ്വി ജയ്സ്വാളിനെ(13) നഷ്ടമായശേഷം രാജസ്ഥാനുവേണ്ടി വൈഭവും ധ്രുവ് ജുറേലും ചേർന്ന് കത്തിക്കയറുകയായിരുന്നു. ഒൻപതാം ഓവറിന്റെ ആദ്യ പന്തിൽ ക്രുനാൽ പാണ്ഡ്യ വൈഭവിനെ വിരാടിന്റെ കൈകളിൽ എത്തിക്കുമ്പോൾ ടീം സ്കോർ 129/2ലെത്തിയിരുന്നു. തുടർന്ന് ഹെറ്റ്മേയറെയും (0), ക്യാപ്ടൻ റിയാൻ പരാഗിനെയും (3) പെട്ടെന്ന് നഷ്ടമായെങ്കിലും അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജയെക്കൂട്ടി ജുറേൽ ലക്ഷ്യത്തിലേക്ക് മുന്നേറി.

മഴമൂലം വൈകിത്തുടങ്ങിയ ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ടപ്പെട്ട ആർസിബി ബാറ്റിംഗിനിറങ്ങി നിശ്ചിത 20 ഓവറിൽ 201/8 എന്ന സ്കോർ ഉയർത്തുകയായിരുന്നു. ഫിൽ സാൾട്ട് (0), ദേവ്ദത്ത് പടിക്കൽ (14), വിരാട് കൊഹ്‌ലി (32), ക്രുനാൽ പാണ്ഡ്യ (1),ജിതേഷ് ശർമ്മ (1) എന്നിവർ പുറത്തായി ആദ്യ പത്തോവറിൽ അഞ്ചുവിക്കറ്റ് നഷ്‌ടത്തിൽ 89 റൺസ് എന്ന നിലയിയിരുന്ന ആർ.സി.ബിയെ നായകൻ രജത് പാട്ടീദാറിന്റെ (63) അർദ്ധസെഞ്ച്വറിയാണ് 200 കടത്തിയത്. 40 പന്തുകളിൽ നാലുവീതം ഫോറും സിക്സുമടിച്ച രജതിന് പിന്തുണയായി റൊമാരിയോ ഷെപ്പേഡും(22) വെങ്കിടേഷ് അയ്യരു(29 നോട്ടൗട്ട്)മുണ്ടായിരുന്നു.ടിം ഡേവിഡ് 13 റൺസിന് പുറത്തായി.

ഏഴരയ്ക്ക് തുടങ്ങേണ്ടിയിരുന്ന മത്സരം 8.40നാണ് ആരംഭിച്ചതെങ്കിലും ഓവറുകൾ കുറച്ചിരുന്നില്ല. ബാറ്റിംഗിനെത്തിയ ആർ.സി.ബിക്ക് ആദ്യ പന്തിൽതന്നെ പ്രഹരമേറ്റു.ജൊഫ്ര ആർച്ചറുടെ ബൗൺസ് ചെയ്ത പന്ത് ഫിൽ സാൾട്ടിന്റെ (0) ബാറ്റിൽ തട്ടി ഉയർന്നുപൊങ്ങി കീപ്പർ ജുറേലിന്റെ കയ്യിലെത്തി. തുടർന്ന് ദേവ്ദത്ത് പടിക്കലും (14) വിരാട് കൊഹ്‌ലിയും (32) ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും മൂന്നാം ഓവറിൽ ആർച്ചർ തന്നെ ദേവ്ദത്തിനെ ഹെറ്റ്മേയറുടെ കയ്യിലെത്തിച്ചു.അഞ്ചാം ഓവറിൽ വിരാടിനെ ബൗൾഡാക്കുകയും ഏഴാം ഓവറിൽ ക്രുനാൽ പാണ്ഡ്യയെ (1) ഹെറ്റ്മേയറുടെ കയ്യിലെത്തിക്കുകയും ചെയ്ത് രവി ബിഷ്ണോയ് ഇരട്ടപ്രഹരമേൽപ്പിച്ചു.ഒൻപതാം ഓവറിൽ ബ്രിജേഷ് ശർമ്മ ജിതേഷ് ശർമ്മയെ (1) എൽ.ബിയിൽ കുരുക്കിയതോടെ ആർ.സി.ബി 76/5 എന്ന നിലയിലായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, VIRAT KOHLI, CAP, VAIBHAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360