SignIn
Kerala Kaumudi Online
Monday, 28 September 2026 12.55 AM IST

റെക്കാഡുകൾ വന്നു, പക്ഷേ ശ്രദ്ധ മറ്റൊരു കാര്യത്തിൽ; സെഞ്ച്വറിക്ക് പിന്നാലെ വെളിപ്പെടുത്തി കൊഹ്‌ലി

virat-kohli
വിരാട് കൊഹ്‌ലി

തിരുവനന്തപുരം: വ്യക്തിഗത റെക്കാഡുകളേക്കാൾ ടീമിനായി മികച്ച പ്രകടനം കാഴ്ചവക്കുന്നതിലാണ് ശ്രദ്ധയെന്ന് സ്റ്റാർ ബാറ്റർ വിരാട് കൊഹ്‌ലി. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറി നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷം കരിയറിലെ നാഴികക്കല്ലുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദിനത്തിൽ 15,000 റൺസ് പൂർത്തിയാക്കുന്ന ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ താരമെന്ന നേട്ടമാണ് കൊഹ്‌ലി സ്വന്തമാക്കിയത്. സച്ചിൻ ടെൻഡുൽക്കറിന് പിന്നാലെയാണ് താരം ഈ നേട്ടത്തിലെത്തുന്നത്. മത്സരത്തിൽ 88 പന്തിൽ പുറത്താകാതെ 139 റൺസെടുത്ത കൊഹ്‌ലി ഒൻപത് സിക്സും 10 ഫോറും കൂട്ടിച്ചേർത്തു. ഏകദിനത്തിലെ 55-ാം സെഞ്ച്വറിയും ഇതോടെ കൊഹ്‌ലി സ്വന്തമാക്കി.


വിൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 41.4 ഓവറിൽ മറികടന്നു. കൊഹ്ലിയുടെയും ശുഭ്മാൻ ഗില്ലിന്റെയും മികവിലായിരുന്നു ഇന്ത്യയുടെ വിജയം. വ്യക്തിഗത നേട്ടങ്ങൾക്കായി കളിക്കുന്ന ശീലം തനിക്കില്ലെന്ന് മത്സരശേഷം കൊഹ്‌ലി പറഞ്ഞു. കളിയിലെ സാഹചര്യം മനസിലാക്കി ടീമിനായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുകയാണ് പ്രധാനമെന്നും അതിനിടെയുണ്ടാകുന്ന നേട്ടങ്ങൾ വന്നുചേരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

'നീണ്ട കാലം ക്രിക്കറ്റിൽ തുടരാനും ഇത്രയും നേട്ടങ്ങൾ സ്വന്തമാക്കാനും കഴിഞ്ഞതിൽ ദൈവത്തോട് നന്ദിയുണ്ട്. കഠിനാധ്വാനത്തോടൊപ്പം എനിക്ക് ലഭിച്ച അവസരങ്ങളെയും വിലമതിക്കുന്നു. കരിയറിന്റെ ഈ ഘട്ടത്തിൽ കൂടുതൽ ആക്രമണോത്സുകമായി ബാറ്റ് ചെയ്യുക എന്നതാണ് ഞാൻ നേരിടുന്ന പുതിയ വെല്ലുവിളി. മത്സരത്തിന്റെ ഓരോ നിമിഷവും ഉണർവോടെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രധാനം.

കളിയുടെ പുതിയൊരു പതിപ്പ് സ്വയം കണ്ടെത്താൻ ശ്രമിക്കുന്നത് ആവേശകരമാണ്. ഇന്ത്യയ്ക്കായാലും ഐ.പി.എല്ലിലായാലും അത് ടീമിന് ഗുണം ചെയ്യും. സ്വതന്ത്രമായ മനസോടെ കളിക്കാൻ ഇത് എന്നെ സഹായിച്ചിട്ടുണ്ട്. ശാരീരികക്ഷമത ബാറ്റിംഗിലും നിർണായകമാണ്. ശരീരം നന്നായി സൂക്ഷിച്ചാൽ മത്സരത്തെക്കുറിച്ച് വ്യക്തമായി ചിന്തിക്കാനും ആഗ്രഹിക്കുന്ന രീതിയിൽ കളി ആസൂത്രണം ചെയ്യാനും കഴിയും.

അവസാന 15 ഓവറുകളിൽ ബൗണ്ടറികൾക്കിടയിൽ വേഗത്തിൽ ഓടാനും ഫീൽഡിംഗിൽ കൂടുതൽ ഉണർവോടെ നിൽക്കുന്നതടക്കം എല്ലാറ്റിലും മികവ് പുലർത്തുകയാണ് ലക്ഷ്യ‌ം. അവസരം ലഭിക്കുമ്പോൾ സമ്മർദ്ദത്തോടെ സമീപിക്കുന്നതിന് പകരം സ്വാഭാവിക ശൈലിയിൽ പോസിറ്റീവായി കളിക്കാനാണ് ആഗ്രഹിക്കുന്നത്. ആക്രമണോത്സുകതയോടെ കളിക്കുമ്പോഴും അനാവശ്യ റിസ്‌ക് എടുക്കാതിരിക്കാൻ അനുഭവസമ്പത്തുള്ള താരമെന്ന നിലയിൽ ശ്രദ്ധിക്കും'.- കൊഹ്‌ലി കൂട്ടിച്ചേർത്തു.

English Summary

Virat Kohli said his focus remains on contributing to the team rather than personal milestones after scoring an unbeaten 139 against West Indies in the first ODI. Kohli became only the second batter after Sachin Tendulkar to reach 15,000 ODI runs and recorded his 55th ODI century.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRAT KOHLI, LATESTNEWS, SPORTS, INDVSWI, CRICKET RECORDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360