SignIn
Kerala Kaumudi Online
Sunday, 13 September 2026 12.16 AM IST

ഷാൻഗ്രി ലാ ഉച്ചകോടിക്കിടെ നടന്ന രഹസ്യ കോൺക്ലേവിൽ ലോക ചാര മേധാവികളുടെ യോഗത്തിൽ പങ്കാളിയായി ഇന്ത്യയും

shangri-la-dialogue

സിംഗപൂർ: ഏഷ്യയിലെ പ്രധാന സുരക്ഷാ പ്രതിരോധ ഉച്ചകോടിയായ 'ഷാൻഗ്രി ലാ ഡയലോഗി'നോടനുബന്ധിച്ച് ലോകത്തിലെ പ്രധാന രഹസ്യാന്വേഷണ ഏജൻസികളുടെ രണ്ട് ഡസനോളം വരുന്ന മുതിർന്ന ഉദ്യോഗസ്ഥർ സിംഗപൂരിൽ രഹസ്യ യോഗം ചേർന്നു. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സിംഗപൂർ സർക്കാരാണ് യോഗം സംഘടിപ്പിച്ചത്. യോഗവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

യു എസ്, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ സന്നിഹിതരായിരുന്നു. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോ മേധാവി സാമന്ത് ഗോയൽ ആണ് രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. അതേസമയം, യോഗത്തിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് സിംഗപൂരിലെ യു എസ് എംബസി പ്രതികരിച്ചു. ഇന്ത്യ, ചൈനീസ് സർക്കാരുകളും ഇതേക്കുറിച്ച് പ്രതികരിച്ചില്ല. ഇത്തരം യോഗങ്ങൾ വളലെ അപൂർമായാണ് നടക്കുന്നത്. മാത്രമല്ല, ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിടാറുമില്ല. ഇതാദ്യമാണ് രഹസ്യ യോഗത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്.

റഷ്യ- യുക്രെയിൻ യുദ്ധം, അന്തർ ദേശീയ കുറ്റകൃത്യങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തുവെന്നാണ് വിവരം. എന്നാൽ യോഗത്തിൽ റഷ്യയെ പ്രതിനിധീകരിച്ച് ആരും പങ്കെടുത്തില്ല. യുക്രെയിൻ ഉപ പ്രതിരോധ മന്ത്രി യോഗത്തിനുണ്ടായിരുന്നു രഹസ്യാന്വേഷണ ഏജൻസികളുടെ യോഗത്തിൽ പങ്കെടുത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഷാൻഗ്രി ലാ യോഗത്തിൽ 49 രാജ്യങ്ങളിൽ നിന്നുള്ള 600 പ്രതിനിധികൾ പങ്കെടുത്തു. മൂന്ന് ദിവസത്തെ പ്ളീനറി സമ്മേളനങ്ങളും ഉഭയകക്ഷി, ബഹുമുഖ യോഗങ്ങളും ഇവിടെ നടന്നു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് മുഖ്യ പ്രഭാഷണം നടത്തി. യു എസ് പ്രതിരോധ സെക്രട്ടറി, ചൈനീസ് പ്രതിരോധ മന്ത്രി, ജപ്പാൻ, കാനഡ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, SHANGRI LA, INTELLIGENCE AGENCIES, SECRET MEETING, SINGAPORE, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360