
ന്യൂഡൽഹി: ലോക സാമ്പത്തിക ശക്തിയുടെ കേന്ദ്രം മാറുകയാണെന്നും ബ്രിക്‌സ് കൂട്ടായ്‌മ നിർണായക ശക്തിയാകുമെന്നും ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തിൽ ചർച്ച. യു.എസ് നേതൃത്വം നൽകുന്ന വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7നുമായി താരതമ്യം ചെയ്താണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പിന്നാലെ, അതേ കണക്കുകൾ ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിക്സിന്റെ സാമ്പത്തിക കരുത്ത് ഉയർത്തിക്കാട്ടി. പ്രാദേശിക കറൻസികളിലെ വ്യാപാരം, സ്വന്തം പേയ്‌മെന്റ് സംവിധാനങ്ങളുടെ ഉപയോഗം എന്നിവയ്ക്കായി ഇറാനും ശക്തമായ നിലപാട് സ്വീകരിച്ചതോടെ, ജി-7നെ മറികടന്ന് സമാന്തര ശക്തികേന്ദ്രമാകാനുള്ള ബ്രിക്‌സ് നീക്കം കൂടുതൽ വ്യക്തമായി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലോക ജി.ഡി.പിയുടെ 40 ശതമാനത്തിലേറെ ബ്രിക്സ് രാജ്യങ്ങളിൽ നിന്നാണെന്നും ജി-7ന്റെ വിഹിതം 29 ശതമാനം മാത്രമാണെന്നും പുടിൻ പറഞ്ഞു. പഴയ സാമ്പത്തിക വളർച്ചാ കേന്ദ്രങ്ങളെ പുതിയ വളർച്ചാ ശക്തികൾ മാറ്റിസ്ഥാപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിക്സ് രാജ്യങ്ങൾ ലോക ജനസംഖ്യയുടെ പകുതിയെയും ആഗോള ജിഡിപിയുടെ 40 ശതമാനത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് മോദിയും ചൂണ്ടിക്കാട്ടി.
അമേരിക്കൻ ഉപരോധങ്ങളുടെയും പാശ്ചാത്യ സമ്മർദ്ദങ്ങളുടെയും പശ്ചാത്തലത്തിൽ വ്യാപാര പങ്കാളികളെയും ധനസ്രോതസ്സുകളെയും പേയ്‌മെന്റ് സംവിധാനങ്ങളെയും വൈവിധ്യവത്കരിക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെസ‌്കിയാൻ ആവശ്യപ്പെട്ടു. ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ ദേശീയ കറൻസികളുടെ ഉപയോഗം വർദ്ധിപ്പിക്കണം, കറൻസി മൂല്യത്തിലെ ചാഞ്ചാട്ടം നേരിടാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തണം, പ്രാദേശിക കറൻസികളിൽ ധനസഹായം ലഭ്യമാക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |