SignIn
Kerala Kaumudi Online
Saturday, 12 September 2026 1.42 AM IST

ഭാരത് മണ്ഡപത്തിൽ ഉച്ചകോടിക്ക് തുടക്കമായി ബ്രിക്സിലും ഹോർമുസ് തടസം നീക്കണമെന്ന് മോദി യു.എസിനെതിരെ ഇറാൻ പുടിനും കടന്നാക്രമിച്ചു

READ ENGLISH VERSION
messi

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ഭാഗമായി ഉടലെടുത്ത ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.

ആഗോള വ്യാപാരത്തിന് കടൽപ്പാതകൾ സുരക്ഷിതമാകണമെന്ന് മോദി ചൂണ്ടിക്കാട്ടി. അമേരിക്കയും ഇസ്രയേലും ആക്രമിച്ചതിന്റെ സമ്മർദ്ദമാണ് ഹോർമുസിലെ തടസത്തിലേക്ക് നയിച്ചതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്‌കിയാൻ വിശദീകരിച്ചു. യു.എസ് ഉപരോധം വൃത്തികെട്ട തലത്തിലേക്ക് കടന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ രൂക്ഷമായി വിമർശിച്ചു.

ഇതോടെ ബ്രിക്സ് ഉച്ചകോടി പ്രഖ്യാപനം എന്തായിരിക്കുമെന്നതിൽ ആകാംക്ഷയേറി. ഇന്ന് ആരംഭിക്കുന്ന ഉച്ചകോടി നാളെ സമാപിക്കുമ്പോഴാണ് പ്രഖ്യാപനം നടത്തേണ്ടത്.

ഏഴു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് വൈകിട്ട് നിർണായക കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. നാനൂറോളം പ്രതിനിധികളുമായാണ് ഷീ എത്തുന്നത്.

ഇറാനും പശ്ചിമേഷ്യൻ പ്രശ്നത്തിന്റെ പേരിൽ ഇറാന്റെ ആക്രമണം നേരിടുന്ന യു.എ.ഇയും സൗദി അറേബ്യയും അംഗരാജ്യങ്ങളാണെന്നതും ഈ ഉച്ചകോടിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. സൗദി അറേബ്യയിൽ നിന്ന് വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ ഇന്നാണ് എത്തുന്നത്.

റഷ്യയ്ക്ക് മേൽ അമേരിക്ക ഉപരോധങ്ങൾ ഏർപ്പെടുത്തിയെങ്കിലും സുഹൃദ് രാജ്യങ്ങളുമായി വ്യാപാര ബന്ധം വികസിപ്പിക്കാനും മികച്ച സാമ്പത്തിക വളർച്ച നേടാനും സാധിച്ചതായി റഷ്യൻ പ്രസിഡന്റ് പുടിൻ ചൂണ്ടിക്കാട്ടി. യു.എസ് നേതൃത്വം നൽകുന്ന ജി 7 കൂട്ടായ്‌മയെക്കാൾ സാമ്പത്തിക വളർച്ച നേടാൻ ബ്രിക്‌സ് കൂട്ടായ്‌മയ്‌ക്ക് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

പെസസ്‌കിയനെയും

പുടിനെയും കണ്ട് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും ഇറാൻ പ്രസിഡന്റ് പെസസ്‌കിയാനുമായും നടത്തിയ ചർച്ചകളിലും പശ്ചിമേഷ്യൻ സംഘർഷം ചർച്ചയായി. ഹോർമുസ് കടലിടുക്കിൽ തടസം സൃഷ്‌ടിച്ച പ്രതിസന്ധികളും ഇന്ത്യൻ കപ്പൽ ജീവനക്കാർക്കു നേരെയുണ്ടായ ആക്രമണങ്ങളും ചൂണ്ടിക്കാട്ടി. യുക്രെയിൻ പ്രതിസന്ധി സമാധാന മാർഗങ്ങളിലൂടെ പരിഹരിക്കണമെന്ന് പുടിനുമായുള്ള ചർച്ചയിൽ മോദി ആവശ്യപ്പെട്ടു.

ഇന്ത്യ- റഷ്യ: 9.57 ലക്ഷം

കോടി വ്യാപാരം ലക്ഷ്യം

ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 2030 ഓടെ 9.57 ലക്ഷം കോടി ഡോളറിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും തമ്മിലുള്ള ചർച്ചയിൽ ധാരണയായി. റഷ്യൻ വിപണിയിൽ കൂടുതൽ ഇന്ത്യൻ ഉത്പന്നങ്ങളെത്തും.സിവിൽ ആണവോർജ സഹകരണം വിപുലപ്പെടുത്തും.

നിർണായക ധാതുമേഖലയിൽ സഹകരണം വർദ്ധിപ്പിക്കും.

വാർഷിക ഉച്ചകോടിക്കായി മോദി റഷ്യയിൽ പോകും. രണ്ടാഴ്ചയ്ക്കിടെ ഇരു നേതാക്കളുടെയും രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ആഗസ്റ്റ് 31ന് കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെ ഇരുവരും കണ്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360