കീവ്: യുക്രെയിനിലെ ചോർണോമോസ്‌ക് തുറമുഖത്ത് ചരക്കുകപ്പലിൽ 13 ഇന്ത്യൻ നാവികരുൾപ്പെടെ 15പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. എം വി അമിർ 1 എന്ന കപ്പലിലാണ് ജീവനക്കാർ കുടുങ്ങിക്കിടക്കുന്നത്. കരിങ്കടലിൽ മിസൈൽ, ഡ്രോൺ ആക്രമണം തുടരുന്നതിനാൽ ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിലാണ് നാവികർ അകപ്പെട്ടിരിക്കുന്നത്.
ഭീതിജനകവും ജീവന് ഭീഷണിയുള്ളതുമായ സാഹചര്യത്തിലാണ് നാവികരുള്ളതെന്ന് നാവികരുടെ സംഘടനയായ ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. ഏത് സമയത്തും ആക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് കപ്പലിലെ നാവികരെന്നും അവർ കൂട്ടിച്ചേർത്തു. ആവർത്തിച്ചുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ കപ്പലിന് സമീപം നടക്കുന്നുണ്ട്. ഏത് നിമിഷവും ആക്രമിക്കപ്പെടാമെന്ന സാഹചര്യത്തിലാണ് നാവികർ. ബന്ധപ്പെട്ട അധികൃതരും കപ്പൽ ഉടമകളും ഇന്ത്യൻ സർക്കാരും അടിയന്തര നടപടി സ്വീകരിക്കണമെന്നും പോസ്റ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഇക്കാര്യം വിദേശകാര്യമന്ത്രാലയമോ കപ്പൽ കമ്പനിയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യുക്രെയിന്റെ തെക്കൻ തീരങ്ങളിൽ കപ്പലുകൾക്ക് നേരെ സമാനമായ രീതിയിൽ ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച കരിങ്കടലിലുണ്ടയ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ യുക്രെയിൻ അംബാസഡർ ഒലെക്‌സാൻഡർ പോളിഷ്‌ചുക്കിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്‌തിരുന്നു.
Fifteen crew members, including 13 Indian sailors, are reportedly stranded aboard the cargo ship MV Amir 1 at Ukraine's Chornomorsk port amid ongoing missile and drone attacks in the Black Sea. While a sailors' union has urged immediate intervention by Indian authorities, the Indian government and the shipping company have not yet officially confirmed the reports.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |