SignIn
Kerala Kaumudi Online
Friday, 18 September 2026 7.00 PM IST

ഷീ റഷ്യയിൽ, യുക്രെയിൻ ചർച്ചയ്ക്ക് തയ്യാറെന്ന് പുട്ടിൻ

russia

മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രത്യേക ക്ഷണപ്രകാരം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഷീ റഷ്യയിലെത്തി. ഇന്നലെ പുട്ടിനൊപ്പം അനൗദ്യോഗിക സംഭാഷണത്തിൽ പങ്കെടുത്തു. ഷീയുടെ വരവിന്റെ ലക്ഷ്യമറിയാൻ അദ്ദേഹം പുട്ടിനുമായി ഇന്ന് നടത്തുന്ന ഔദ്യോഗിക ചർച്ചയിലേക്കാണ് പാശ്ചാത്യ ലോകം ഉറ്റുനോക്കുന്നത്.

സുപ്രധാനമായ ഉഭയകക്ഷി കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിടുമെന്ന് അറിയിച്ചിട്ടുണ്ട്. യുക്രെയിൻ സംഘർഷം പരിഹരിക്കാൻ ചൈന മുന്നോട്ട് വച്ച പന്ത്രണ്ട് നിർദ്ദേശങ്ങളോട് കൂടിയ സമാധാന പദ്ധതിയും മുഖ്യ അജൻഡയാകും. ചൈനയുടെ യുക്രെയിൻ പദ്ധതിയെ പറ്റി ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പുട്ടിൻ ഇന്നലെ ഷീയോട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദവും ഉഭയകക്ഷി സഹകരണവുമാണ് ഇന്നലത്തെ സംഭാഷണത്തിൽ മുഖ്യവിഷയമായത്. അടുത്ത വർഷം നടക്കുന്ന റഷ്യൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പുട്ടിന് ഷീ പിന്തുണയറിയിച്ചു.

സംഘർഷം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ച ചൈന കഴിഞ്ഞ മാസമാണ് സമാധാന പദ്ധതി മുന്നോട്ടുവച്ചത്. എന്നാൽ, ഇത് റഷ്യൻ താത്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നതാണെന്ന് കാട്ടി പാശ്ചാത്യ രാജ്യങ്ങൾ തള്ളിയിരുന്നു. യുക്രെയിൻ മണ്ണിൽ നിന്നുള്ള റഷ്യൻ സൈന്യത്തിന്റെ പൂർണ പിൻമാറ്റത്തിൽ കുറഞ്ഞ പരിഹാര മാർഗങ്ങളില്ലെന്നാണ് യുക്രെയിന്റെ പക്ഷം.

റഷ്യൻ സന്ദർശനത്തിന് ശേഷം ഷീ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി വെർച്വൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചനയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

 എരിതീയിൽ എണ്ണ ഒഴിക്കുന്നത് നിറുത്തൂ !

റഷ്യക്ക് തങ്ങൾ ആയുധങ്ങൾ നൽകാൻ ഒരുങ്ങുന്നെന്ന റിപ്പോർട്ട് ചൈന വീണ്ടും തള്ളി. യുക്രെയിനിലെ യുദ്ധ ഭൂമിയിലേക്ക് ആയുധങ്ങൾ നൽകുന്നത് യു.എസ് ആണെന്നും യു.എസ് എരിതീയിൽ എണ്ണ ഒഴിക്കുന്നത് അവസാനിപ്പിച്ച് സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ ക്രിയാത്മകമായി പ്രവർത്തിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. യുക്രെയിനിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ പുട്ടിനെതിരെ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെയും ചൈന വിമർശിച്ചു.

നടപടി രാഷ്ട്രീയവത്കരണവും ഇരട്ടത്താപ്പുമാണെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇത്തരം നടപടികൾ ഒഴിവാക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാംഗ് വെൻബിൻ പറഞ്ഞു. കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾക്കുള്ളിൽ മാത്രമേ കോടതിയ്ക്ക് അധികാര പരിധി പ്രയോഗിക്കാൻ കഴിയൂ.

റഷ്യ കോടതിയുമായി കരാർ ഏർപ്പെട്ടിട്ടില്ലാത്തതിനാൽ പുട്ടിനെ അറസ്റ്റ് ചെയ്യാനാകില്ല. അതേ സമയം,​ പുട്ടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ കരീം അഹ്‌മ്മദ് ഖാനും മറ്റ് ജഡ്ജിമാർക്കും എതിരെ ക്രിമിനൽ കേസെടുത്തെന്ന് റഷ്യയുടെ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അറിയിച്ചു.

 മിഡിൽഈസ്റ്റിൽ ക്ലിക്കായ ചൈനീസ് മദ്ധ്യസ്ഥത

ഷീയുടെ റഷ്യാ സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യം യുക്രെയിനിലെ മദ്ധ്യസ്ഥതയാണെന്ന് ഉറപ്പായിട്ടില്ല. എന്നാൽ, പരസ്പരം ശത്രുക്കളായിരുന്ന ഇറാനും സൗദ്യ അറേബ്യയ്ക്കുമിടെയിൽ മദ്ധ്യസ്ഥതയിലൂടെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഷീ റഷ്യയിലെത്തിയിരിക്കുന്നത്.

2016ൽ ടെഹ്‌റാനിലെ തങ്ങളുടെ നയതന്ത്ര ഓഫീസുകൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കാൻ സൗദി തീരുമാനിച്ചത്. ഈ മാസം ആദ്യം ബീജിംഗിൽ ചൈനയുടെ മദ്ധ്യസ്ഥതയിൽ ഇരുരാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികൾ നടത്തിയ ചർച്ചയിൽ രണ്ട് മാസത്തിനുള്ളിൽ ഇരുവരുടെയും എംബസികളും നയതന്ത്ര ഓഫീസുകളും തുറക്കാൻ ധാരണയിലെത്തി.

ഷിയാ ഭൂരിപക്ഷമുള്ള ഇറാനും സുന്നി മുസ്ലിം ഭൂരിപക്ഷമുള്ള സൗദിയും മിഡിൽഈസ്റ്റിലെ പല സംഘർഷ മേഖലകളിലും എതിർ ചേരികളിലാണ്. യെമനിൽ ഹൂതി വിമതർക്ക് ഇറാൻ പിന്തുണ നൽകുമ്പോൾ സൗദി ഇതിനെതിരെയുള്ള സഖ്യസേനയുടെ ഭാഗമാണ്. ഇരുരാജ്യങ്ങളുടെയും പുതിയ നീക്കം മിഡിൽഈസ്റ്റ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ലഘൂകരിക്കാൻ സഹായിച്ചേക്കും. അതേ സമയം,​ ചൈന അറബ് മേഖലയിലേക്ക് സ്വാധീനം വർദ്ധിപ്പിക്കുന്നത് യു.എസിനും തിരിച്ചടിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360