SignIn
Kerala Kaumudi Online
Sunday, 13 September 2026 12.36 PM IST

ബൈഡനുമേൽ രാജിക്കും സമ്മർദ്ദം

READ ENGLISH VERSION
pic

വാഷിംഗ്ടൺ: സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറിയ ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് പദവി രാജി വച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസിനു ചുമതല കൈമാറണമെന്ന ആവശ്യമുയർത്തി ഡെമോക്രാറ്റിക്ക് പാർട്ടിയിലെഒരു വിഭാഗം സമ്മർദ്ദം ശക്തമാക്കി. നവംബർ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് പദവിയിലിരുന്ന് മത്സരിച്ചാൽ അത് കമല ഹാരിസിന്റെ ജയ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് ഇക്കൂട്ടരുടെ വാദം.എന്നാൽ വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ബൈഡൻ. മത്സരത്തിൽ നിന്ന് ഭീഷണിപ്പെടുത്തിയാണ് ബൈഡനെ മാറ്റിയതെന്ന് നേരത്തെ ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. അനുകൂലിച്ചിരുന്ന ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രബല വിഭാഗം നിർണായക ഘട്ടത്തിൽ തന്നെ തിരിഞ്ഞുകുത്തിയതിൽ ബൈഡൻ അസ്വസ്ഥനാണ്. പാർട്ടിയിലെ അടുപ്പക്കാരോട് തന്റെ അമർഷം ബൈഡൻ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബൈഡനെ കൂടുതൽ ചൊടിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നു കരുതുന്നവർ പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന വാദത്തെ പിന്തുണച്ചിട്ടില്ല.പ്രസിഡൻഷ്യൽ ഡിബേറ്റിലെ മോശം പ്രകടനമാണ് ബൈഡന് വിനയായത്.

അതിനിടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ കമല ഹാരിസ് പ്രസിഡന്റിനെപ്പോലെ നിലപാടുകൾ പറഞ്ഞു തുടങ്ങിയെന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങളുടെ നിരീക്ഷണം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ഗാസയിലെ കുരുതി അവസാനിപ്പിക്കണമെന്ന് കടുപ്പിച്ചു പറഞ്ഞ കമലയുടെ നിലപാട് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

കമലയ്ക്ക് കാര്യങ്ങൾ

എളുപ്പമല്ല

ബൈഡനേക്കാൾ ജയ സാദ്ധ്യത കൽപ്പിക്കപ്പെടുന്നുണ്ടെങ്കിലും കമല ജയിച്ചു കയറാൻ ഏറെ പ്രയാസപ്പെടേണ്ടി വരും. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായി മാറുന്ന ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റ്സുകളിൽ എത്രമാത്രം ജയിക്കാനാകുമെന്നതിനെ ആശ്രയിച്ചിരിക്കും ഇത്. മിഷിഗൺ, പെൻസിൽവാനിയ,വിസ്ക്കോൻസിൻ തുടങ്ങിയ ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ട്രംപിനെ മറികടക്കാൻ കമലയ്ക്ക് കഴിയുമോയെന്നതാണ് പ്രധാന ചോദ്യം. വൈസ് പ്രസിഡന്റെന്ന നിലയിൽ ജനങ്ങൾക്കിടയിൽ വലിയ സ്ഥാനം നേടിയെടുക്കാൻ കമലയ്ക് കഴിഞ്ഞിട്ടില്ലെന്നുംവിമർശനമുണ്ട്.യുവജനങ്ങൾക്കിടയിലും അവർക്ക് വലിയ പിന്തുണ ലഭിച്ചിട്ടില്ല .കറുത്ത വർഗക്കാർ ആവേശഭരിതരായി കമലയ്ക്ക് അനുകൂലമായി വോട്ട് ചെയ്തേക്കാമെങ്കിലും അതിനെ വെളുത്ത വർഗക്കാർ (വൈറ്റ്സ്) എങ്ങനെ നോക്കിക്കാണുമെന്ന ആശങ്കയും നിലവിലുണ്ട്. ഇപ്പോൾ നടക്കുന്ന ചില സർവേകളിൽ ട്രംപിനൊപ്പം എത്തുന്നുണ്ടെങ്കിലും ബൈഡന് 2020 ൽ ലഭിച്ച പിന്തുണ ഇനിയും കമലയക്ക് നേടാനായിട്ടില്ല. ഈ ഘട്ടത്തിൽ അമേരിക്കയെ നയിക്കാൻ യോഗ്യൻ ട്രംപ് തന്നെയാണെന്നാണ് റിപ്പബ്ളിക്കൻസ് പ്രചാരണത്തിൽ ഉയർത്തിക്കാട്ടുന്നത്.

ഷാപിരോയ്ക്ക് സാദ്ധ്യത

ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ വോട്ട് ചാഞ്ചാട്ടമുള്ള സംസ്ഥാനമായ പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിരോയ്ക്കാണ് കൂടുതൽ സാദ്ധ്യത കൽപ്പിക്കപ്പെടുന്നത്.മിനസോട്ട ഗവർണർ ടിം വാൽസ്, അരിസോണ സെനറ്റർ മാർക്ക് കെല്ലി എന്നിവരുടെ പേരുകളും പരിഗണിക്കപ്പെടുന്നുണ്ട്.തീരുമാനം ഉടൻ ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360