
ടെഹ്റാൻ: നിർണായക സൈനിക നീക്കവുമായി ഇറാൻ. ചാബഹാറിൽ നിന്ന് ഒമാൻ ഉൾക്കടലിലേക്കും അറേബ്യൻ കടലിലേക്കും വ്യാപിക്കുന്ന 'നിയന്ത്രിത സമുദ്ര മേഖല" സ്ഥാപിക്കാനാണ് നീക്കം. ഹോർമുസ് കടലിടുക്ക് എന്ന തങ്ങളുടെ പരമ്പരാഗത പ്രവർത്തന മേഖലയ്ക്ക് പുറത്തേക്ക് ഐ.ആർ.ജി.സി സ്വാധീനം വ്യാപിപ്പിക്കുന്നു എന്നതിന്റെ സൂചനയാണിത്. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയാണ് പുതിയ നിയന്ത്രിത മേഖല സ്ഥാപിക്കുന്നതെന്നും ഇത് ഉടൻ നിലവിൽ വരുമെന്നും ഐ.ആർ.ജി.സി നേവി കമാൻഡർ അലിറേസ തങ്സിരി പറഞ്ഞു.
നിലവിൽ പേർഷ്യൻ ഗൾഫിലെയും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലെയും സുരക്ഷാ ചുമതല ഐ.ആർ.ജി.സിയ്ക്കാണ്. അതേസമയം, ഒമാൻ ഉൾക്കടലിലും രാജ്യാന്തര സമുദ്രപാതകളിലും ഇറാന്റെ ഔദ്യോഗിക നാവികസേനയായ 'അർതേഷ്' പട്രോളിംഗ് നടത്തുന്നത്. എന്നാൽ പുതിയ നിയന്ത്രിത മേഖല വരുന്നതോടെ, ഐ.ആർ.ജി.സിയുടെ പ്രവർത്തന പരിധി അറേബ്യൻ കടലിലേക്ക് കൂടി വ്യാപിക്കും. ഈ നീക്കം ഇറാന്റെ സൈനിക ശക്തി പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്. മുൻപ് പലതവണ പേർഷ്യൻ ഗൾഫിൽ വച്ച് അമേരിക്കൻ നാവികസേനയുമായും മറ്റ് വിദേശ കപ്പലുകളുമായും ഐ.ആർ.ജി.സി നേർക്കുനേർ വന്നിട്ടുണ്ട്. പുതിയ മേഖല സ്ഥാപിക്കുന്നതോടെ ഇത്തരം ഏറ്റുമുട്ടലുകൾക്ക് വേദിയാകും.
ഇറാഖ് തീരത്ത് എണ്ണക്കപ്പലിന് നേരെ അടുത്തിടെയുണ്ടായ ആക്രമണമടക്കം ഗൾഫ് മേഖലയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിലാണ് ഇറാന്റെ പുതിയ പ്രഖ്യാപനം. ലോകത്തിലെ എണ്ണ വിതരണത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ഇറാന് മേഖലയിൽ വലിയ മേൽക്കൈ നൽകുന്നുണ്ട്. ഇതിനുപുറമെ അറേബ്യൻ കടലിലും തങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്. പുതിയ നിയന്ത്രിത മേഖലയുടെ സ്വഭാവം എന്തായിരിക്കുമെന്നോ, മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് ഇവിടെ പ്രവേശിക്കാൻ എന്ത് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നോ വ്യക്തമല്ല.
ആണവകേന്ദ്ര നിർമ്മാണം
വേഗത്തിൽ
ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രമായ 'പിക്ക് ആക്സ് മൗണ്ടനിൽ' നിർമ്മാണം അതിവേഗം പുരോഗമിക്കുന്നതായി റിപ്പോർട്ട്. നിർമ്മാണ പുരോഗതി സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ആറു വർഷത്തെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ച ശേഷം സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് (സി.എസ്.ഐ.എസ്) തയ്യാറാക്കിയ പഠനത്തിലാണ് 2026ൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങളിൽ വൻ വർദ്ധനവുണ്ടായതായി കണ്ടെത്തിയത്.ടെഹ്റാനിൽ നിന്ന് ഏകദേശം 140 മൈൽ തെക്കുള്ള നതാൻസ് ആണവ സമുച്ചയത്തിന് സമീപമുള്ള ഗ്രാനൈറ്റ് പർവതത്തിനടിയിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇറാന്റെ ഭാവി ആണവ പദ്ധതികൾക്ക് സുരക്ഷിത താവളമായി ഉപയോഗിക്കാൻ സാദ്ധ്യതയുള്ള ഇടമെന്ന നിലയിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികൾ ഈ പ്രദേശത്തെ നിരന്തരം നിരീക്ഷിച്ചു വരികയാണ്.
ഹൂതികൾക്കെതിരെ
ആക്രമണത്തിന് പാക്
സൗദി അറേബ്യൻ പ്രദേശത്തിന് നേരെ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മക്ക പ്രതിരോധ കരാർ പ്രാബല്യത്തിൽ വരുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. തുർക്കി, പാകിസ്ഥാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ കരാറാണ് മക്ക ഉടമ്പടി. ഇതിൽ ഏതെങ്കിലും ഒരു രാജ്യത്തിനെതിരായ ആക്രമണം മൂന്ന് രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും. കഴിഞ്ഞ ദിവസം ഹൂതികൾ സൗദിക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാൻ ഹൂതികൾക്കുനേരെ ആക്രമണം നടത്തിയേക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതു ശരിവച്ചുകൊണ്ടാണിപ്പോൾ പാക് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |