സിംഗപ്പൂർ: പ്രധാനമന്ത്രിയുൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ശമ്പളം വർദ്ധിപ്പിക്കാൻ നീക്കം തുടങ്ങി സിംഗപ്പൂർ. പ്രധാനമന്ത്രി ലോറൻസ് വോങ് ആണ് ഇക്കാര്യം പാർലമന്റിൽ അവതരിപ്പിച്ചത്. ഇതോടെ അദ്ദേഹത്തിന്റെ ശമ്പളം 60 ശതമാനം വർദ്ധിച്ച് മൂന്ന് ദശലക്ഷം സിംഗപ്പൂർ ഡോളറാകും (ഏകദേശം 27 കോടി ഇന്ത്യൻ രൂപ). പുതിയ ശമ്പള വർദ്ധന സിംഗപ്പൂരിലെ രാഷ്ട്രീയ നേതാക്കളും സാധാരണ പൗരന്മാരും തമ്മിലുള്ള അന്തരം കൂടുതൽ വർദ്ധിപ്പിക്കും. പൊതുപദവികളിലേക്ക് കാര്യപ്രാപ്തിയുള്ളവർ കടന്നുവരാനും മികച്ച ഭരണനിർവ്വഹണം ഉറപ്പാക്കാനും ശമ്പള വർദ്ധന അനിവാര്യമാണെന്ന് സർക്കാർ വാദിക്കുന്നു.
നിലവിൽ പ്രധാനമന്ത്രി ലോറൻസ് വോങിന്റെ ശമ്പളം 2.2 ദശലക്ഷം സിംഗപ്പൂർ ഡോളറാണ് (16.5 കോടി ഇന്ത്യൻ രൂപ). ഉപപ്രധാനമന്ത്രിയുടെ അടിസ്ഥാന ശമ്പളം 1.87 ദശലക്ഷം ഡോളറിൽ (14.02 കോടി രൂപ) നിന്ന് 3.06 ദശലക്ഷമായി (22.94 കോടി) ഉയരും. മറ്റ് കാബിനറ്റ് മന്ത്രിമാർക്ക് അവരുടെ ഉത്തരവാദിത്തങ്ങൾക്ക് അനുസരിച്ച് 1.80 ദശലക്ഷം (13.5 കോടി രൂപ) മുതൽ 2.88 ദശലക്ഷം ഡോളർ (21.59 കോടി രൂപ) വരെ ലഭിക്കും.
എന്നാൽ പുതിയ ശമ്പളത്തിൽ മുഴുവൻ തുകയും മന്ത്രിമാർക്ക് ലഭിക്കില്ല. ഒക്ടോബർ ഒമ്പത് മുതൽ 9 ശതമാനം വർദ്ധന ലഭിക്കും. പിന്നീടുള്ള ശമ്പള വർദ്ധന വ്യക്തിഗത പ്രകടനത്തെയും ഉത്തരവാദിത്തങ്ങളെയും ആശ്രയിച്ചിരിക്കും. തനിക്ക് ലഭിക്കുന്ന ശമ്പളത്തിൽ നിന്നുള്ള മുഴുവൻ വർദ്ധനയും ഭരണകാലത്ത് അനുയോജ്യമായ നല്ലകാര്യങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 15 വർഷം മുമ്പാണ് സിംഗപ്പൂരിൽ മന്ത്രിമാരുടെ ശമ്പളം അവസാനമായി പരിഷ്‌കരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |