
പാരീസ്: ഹിന്ദു സംഘടനയായ ബി.എ.പി.എസ് സംഘത്തിന്റെ സന്ദർശനത്തിനിടെ വനിതാ ജീവനക്കാരെ മാറ്റി നിറുത്തിയതിൽ തുടർന്നുണ്ടായ വിവാദത്തിൽ അടച്ചിട്ട പാരീസിലെ ഈഫൽ ടവർ വീണ്ടും തുറന്നു. ജീവനക്കാരുടെ യൂണിയൻ നടത്തിയ സമരത്തെ തുടർന്നാണ് തിങ്കളാഴ്ച ടവർ അടച്ചത്.
അഹമ്മദാബാദ് ആസ്ഥാനമായ ബി.എ.പി.എസിലെ (ബോചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ) 100 ഓളം സന്യാസിമാരും ജീവനക്കാരും ശനിയാഴ്ചയാണ് ടവർ സന്ദർശിച്ചത്.
വനിതാ ജീവനക്കാരെ മാറ്റി നിറുത്തണമെന്ന് സംഘം ആവശ്യപ്പെട്ടെന്നും തുടർന്ന് ഇവർ കടന്നു പോയ വഴിയിൽ പുരുഷ ജീവനക്കാരെ നിയോഗിച്ചെന്നുമാണ് ടവർ അധികൃതരുടെ വിശദീകരണം. തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കാട്ടി വനിതാ ജീവനക്കാർ പണിമുടക്കിയതോടെ തിങ്കളാഴ്ച ഈഫൽ ടവർ താത്കാലികമായി അടച്ചിരുന്നു. പാരിസിൽ ഹിന്ദു ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ടെത്തിയതാണ് സംഘം.
വിവാദത്തെ തുടർന്ന് ബി.എ.പി.എസ് വിശദീകരണവും ഖേദപ്രകടനവുമായി രംഗത്തെത്തി. ജീവനക്കാരുടെയും സന്ദർശകരുടെയും ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി ഈഫിൽ ടവർ മാനേജ്മെന്റുമായി ഏകോപനം നടത്തിയിരുന്നുവെന്നും, അതിന് ഒരിക്കലും ലിംഗവിവേചനവുമായി ബന്ധപ്പെട്ട ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സംഘടന വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |