
നെയ്റോബി: തെക്കൻ കെനിയയിലെ അംബോസലി നാഷണൽ പാർക്കിന് സമീപം 15 ആനകൾ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി വന്യജീവി ഉദ്യോഗസ്ഥർ രംഗത്ത്. സയനൈഡ് വിഷബാധയാകാം ആനകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികളിൽ നിന്നാകാം ഈ വിഷം വന്നതെന്ന് അധികൃതർ പറഞ്ഞു.
ആനകൾ വളരെ വീര്യമേറിയ കീടനാശിനികൾ കലർന്ന തക്കാളികൾ കഴിച്ചതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയെന്ന് കെനിയ വൈൽഡ് ലൈഫ് സർവീസ് വക്താവ് പറഞ്ഞു. സമീപത്തെ കൃഷിയിടങ്ങളിൽ വളരുന്ന വിളയാത്ത തക്കാളി ചെടികളിലേക്ക് ആനകൾ ആകർഷിക്കപ്പെട്ടിരിക്കാനാണ് സാദ്ധ്യതയെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അതേ സമയം, പാർക്കിനോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ തക്കാളിയിൽ വിഷം കലർത്തിയതിന് പിന്നിൽ ആരാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ആനകളെ കൊല്ലാൻ ബോധപൂർവ്വം വിഷംകലർത്തിയതാണോ എന്നതിലും വ്യക്തതയില്ല. മുൻകാലങ്ങളിൽ ആനകൾ തങ്ങളുടെ വിളകൾ തിന്നുതീർക്കുന്നത് തടയാൻ കർഷകർ അവയെ മനഃപൂർവം വിഷം കൊടുത്ത് കൊന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഉത്തരവാദികൾ ശിക്ഷിക്കപ്പെടണമെന്ന് പരിസ്ഥിതി സംഘടനകൾ വ്യക്തമാക്കി.
ടാൻസാനിയൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന, വന്യജീവികൾക്ക് പേരുകേട്ട വലിയ മേഖലയാണ് അംബോസലി പാർക്കും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെടുന്ന അംബോസലി ഇക്കോ സിസ്റ്റം. നായാട്ടുകാരെ തുരത്തിയ ഈമേഖലയിൽ, ആനകൾ കൂട്ടമായി ചരിയുന്നത് പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമാണ്. 2025 ലെ കണക്കനുസരിച്ച് രണ്ടായിരത്തിലധികം ആനകളാണ് അംബോസലി ഇക്കോ സിസ്റ്റത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |