
പ്രോട്ടോക്കോൾ മാറ്റിവച്ച് ട്രംപും ഭാര്യയും
വ്യാപാര 'വെടിനിറുത്തൽ" നീട്ടി
വാഷിംഗ്ടൺ: 100 അടി നീളമുള്ള കൂറ്റൻ റെഡ് കാർപ്പറ്റ്. 21 ഗൺ സല്യൂട്ട്. യു.എസ് എയർ ഫോഴ്സ് ബാൻഡിന്റെ മാർച്ചിംഗ്. അമേരിക്കൻ വ്യോമസേനയുടെ പടക്കുതിരയായ ബി - 1 ബോംബറുകളുടെ പ്രകടനം. ഔദ്യോഗിക സന്ദർശനത്തിനായി യു.എസിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിനെയും ഭാര്യ പെംഗ് ലിയുവാനെയും കാത്തിരുന്നത് രാജകീയ സ്വീകരണം.
ചൈനയെ മുഖ്യ എതിരാളിയായി കണ്ട് ആവർത്തിച്ച് ഭീഷണികൾ മുഴക്കുന്നയാളാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ട്രംപും ഭാര്യ മെലാനിയയും പ്രോട്ടോക്കോൾ ലംഘിച്ച് മേരിലാൻഡിലെ ആൻഡ്രൂസ് സൈനിക ബേസിലെത്തി ഷീയെ നേരിട്ട് വരവേറ്റു. 1962ന് ശേഷം ആദ്യമായാണ് യു.എസിൽ സിറ്റിംഗ് പ്രസിഡന്റ് മറ്റൊരു രാഷ്ട്രത്തലവനെ നേരിട്ടെത്തി സ്വീകരിക്കുന്നത്. ചൈനയിൽ നിന്ന് യു.എസിലേക്കുള്ള സ്വതന്ത്റമായ അപൂർവ ധാതു കയറ്റുമതി തുടരുകയാണ് ട്രംപിന്റെ ലക്ഷ്യം. ഇതിനായി ചൈനയുമായുള്ള വ്യാപാര 'വെടിനിറുത്തൽ " 2027 ജനുവരി 10 വരെ നീട്ടി. 2025ൽ ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാര യുദ്ധം കൊടുമുടിയിൽ എത്തിയതോടെ പരസ്പരം 100 ശതമാനത്തിലേറെ തീരുവ ചുമത്തിയിരുന്നു. പിന്നീട് തത്കാലത്തേക്ക് കുറയ്ക്കാൻ 2025 മേയിൽ തീരുമാനിച്ചു. ഈ തീരുമാനമാണ് നീട്ടിയത്.
# നിയന്ത്രണം
ചൈനയുടെ കരങ്ങളിൽ
ടെക്, സൈനിക മേഖലകളിൽ അപൂർവ ധാതുക്കൾ നിർണായകം. ഇതിന്റെ ഏകദേശം 90 ശതമാനവും ഖനന ഉത്പാദനത്തിന്റെ 70 ശതമാനത്തോളവും ചൈനീസ് നിയന്ത്രണത്തിൽ
2025ൽ യു.എസ് തീരുവയ്ക്ക് തിരിച്ചടിയായി ചൈന അപൂർവ ധാതു കയറ്റുമതി നിയന്ത്രിച്ചത് യു.എസിലെയും യൂറോപ്പിലെയും വാഹന നിർമ്മാതാക്കളെ പ്രതിസന്ധിയിലാഴ്ത്തി
യു.എസ് തീരുവ കുറച്ചതോടെയാണ് കയറ്റുമതി നിയന്ത്രണമില്ലാതെ തുടരാൻ ചൈന സമ്മതിച്ചത്
ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനും ധാതു വിതരണ ശൃംഖലകളിലേക്ക് സുസ്ഥിര പ്രവേശനം ഉറപ്പാക്കാനുമുള്ള ദീർഘകാല കരാറാണ് ട്രംപിന്റെ മനസിൽ. ഷീയുമായി വൈറ്റ് ഹൗസിൽ നടത്തുന്ന ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കും
എ.ഐ, ഇറാൻ യുദ്ധം, റഷ്യ-യുക്രെയിൻ സംഘർഷം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും. വൈറ്റ് ഹൗസിലെ അത്താഴ വിരുന്നിൽ പ്രമുഖ ടെക്, എ.ഐ മേധാവിമാരും പങ്കെടുക്കും
# ഔദ്യോഗിക സന്ദർശനം
2015ന് ശേഷം
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ ഷീ യു.എസിലെത്തിയത്. മേയിൽ ചൈന സന്ദർശിച്ച ട്രംപ് ഷീയെ ക്ഷണിച്ചിരുന്നു. 2015ന് ശേഷമുള്ള ഷീയുടെ ആദ്യ ഔദ്യോഗിക യു.എസ് സന്ദർശനമാണിത്. 2023ൽ ആപെക് ഉച്ചകോടിക്കായി എത്തിയിരുന്നു. കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിൽ നടന്ന അപെക് ഉച്ചകോടിക്കിടെ ട്രംപും ഷീയും കൂടിക്കാഴ്ച നടത്തിയിരുന്നു.
ചൈനയും യു.എസും പരസ്പരം മത്സരിക്കാതെ പങ്കാളികളാകണം.
- ഷീ ജിൻപിംഗ്,
പ്രസിഡന്റ്, ചൈന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |