
മയാമി: യു.എസ് മിഡ്ടേം തിരഞ്ഞെടുപ്പിന് പിന്നാലെ വീണ്ടും കളത്തിൽ നിറഞ്ഞ് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് റോൺ ഡിസാന്റിസ്. 2019 മുതൽ ഫ്ലോറിഡ ഗവർണറായി സേവനം അനുഷ്ഠിക്കുന്ന ഡിസാന്റിസിന്റെ കാലാവധി ജനുവരിയിൽ തീരും. രണ്ട് ടേമുകൾ തികച്ചതിനാൽ അദ്ദേഹത്തിന് വീണ്ടും ഫ്ലോറിഡയിൽ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനായില്ല. എന്നാൽ പാർട്ടിയുടെ ശക്തികേന്ദ്രമായ ഫ്ലോറിഡയെ ഡെമോക്രാറ്റുകൾക്ക് ഡിസാന്റിസ് വിട്ടുകൊടുത്തില്ല. ഡിസാന്റിസിന്റെ പിന്തുണയിൽ മത്സരിച്ച റിപ്പബ്ലിക്കൻ നേതാവ് ബയേൺ ഡൊണാൾഡ്സ് ഗവർണർ തിരഞ്ഞെടുപ്പിൽ വിജയിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണച്ച സ്ഥാനാർത്ഥികൾ രാജ്യത്തിന്റെ പല ഭാഗത്തും പരാജയപ്പെട്ടതിനിടെയാണിത്.
ഡിസാന്റിസ് മുമ്പ് പ്രഖ്യാപിച്ചിരുന്ന വാഗ്ദാനങ്ങൾ വിജയകരമായി പൂർത്തിയാക്കിയതാണ് റിപ്പബ്ലിക്കൻമാരെ ഫ്ലോറിഡയിൽ തുണച്ചത്. പാർട്ടി ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് റിപ്പബ്ലിക്കൻമാർക്കേറ്റ തിരിച്ചടിയെ ചൂണ്ടിക്കാട്ടി ഡിസാന്റിസ് പറയുന്നു. 2028ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡിസാന്റിസ് മത്സരിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമായി.
2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാനുള്ള പോരാട്ടത്തിന് ( പ്രൈമറി ) ഡിസാന്റിസ് രംഗത്തുണ്ടായിരുന്നു. പാർട്ടിയിൽ ട്രംപിന്റെ മുഖ്യ എതിരാളികളിലൊരാളാണ് ഡിസാന്റിസ്. പാർട്ടിയുടെ യുവനിരയിലെ ശക്തനായ നേതാവായ ഡിസാന്റിസ് അഭിപ്രായ സർവേകളിൽ ട്രംപിന് ശക്തമായ വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് പാതിവഴിയിൽ വച്ച് ഡിസാന്റിസ് പ്രൈമറിയിൽ നിന്ന് പിന്മാറിയിരുന്നു. യു.എസ് നേവിയിലെ മുൻ ലെഫ്റ്റനന്റ് കമാൻഡറാണ് ഡിസാന്റിസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |