
മോസ്കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തിൽ ശക്തമായ ഡ്രോൺ ആക്രമണം നടത്തി യുക്രെയിൻ. ഒരാൾ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേറ്റു. ഊർജ്ജ, സാമ്പത്തിക, ഡിജിറ്റൽ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. റഷ്യയിലെ ഏറ്റവും വലിയ എണ്ണ സംഭരണ, കയറ്റുമതി കേന്ദ്രങ്ങളിൽ ഒന്നായ സെന്റ് പീറ്റേഴ്സ്ബർഗ് ഓയിൽ ടെർമിനലിൽ തീപിടിത്തമുണ്ടായി.
റഷ്യയിലെ ടെക് ഭീമൻമാരിൽ ഒന്നായ വി.കെയുടെ ഡേറ്റ സെന്ററും രാജ്യത്തെ രണ്ടാമത്തെ വലിയ ഓൺലൈൻ മാർക്കറ്റ് പ്ലേസായ ഓസോണിന്റെ സംഭരണ ശാലയും ആക്രമിക്കപ്പെട്ടു. ആക്രമണത്തിൽ 12 അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾക്കും രണ്ട് വീടുകൾക്കും നാശനഷ്ടമുണ്ടായെന്ന് സെന്റ് പീറ്റേഴ്സ്ബർഗ് ഗവർണർ അലക്സാണ്ടർ ബെഗ്ലോവ് പറഞ്ഞു.
വൈദ്യുതി വിതരണം തടസപ്പെട്ടു. സെന്റ് പീറ്റേഴ്സ്ബർഗിലെ പുൽകോവോ വിമാനത്താവളത്തിന്റെ പ്രവർത്തനം ഏഴ് മണിക്കൂറിലേറെ നിറുത്തിവച്ചു. രാജ്യമെമ്പാടുമായി 1,015 യുക്രെയിൻ ഡ്രോണുകളെ തകർത്തെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |