
തിരുവനന്തപുരം: ഒരുകാലത്ത് ഇന്ത്യൻ ടീമിൽ സച്ചിനും അസറും നിറഞ്ഞുനിന്നതുപോലെ ഇന്നലെ കാര്യവട്ടം ഗ്രീൻഫീൽഡിൽ ഒഡിഷയ്ക്ക് എതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യദിനം കേരളത്തിനായി കസറിയത് സച്ചിനും അസറുമാണ്; സച്ചിൻ ബേബിയും മുഹമ്മദ് അസറുദ്ദീനും. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ കേരളം 13 ഓവർ പിന്നിട്ടപ്പോൾ 18/3 എന്ന നിലയിലായിരുന്നു. തുടർന്ന് നായകൻ വിഷ്ണു വിനോദും (21) സൽമാൻ നിസാറും (21) കൂടി മടങ്ങിയപ്പോൾ 101/5 എന്നനിലയിലായി. അപ്പോൾ ക്രീസിലൊരുമിച്ച സച്ചിൻ ബേബിയും (112) അസറുദ്ദീനും (72നോട്ടൗട്ട്) ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 141 റൺസാണ് ഇന്നലെ കേരളത്തെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
ആദ്യദിനം സ്റ്റംപെടുക്കുമ്പോൾ 245/6 എന്ന നിലയിലാണ് കേരളം. ഫസ്റ്റ് ക്ളാസ് കരിയറിലെ തന്റെ 16-ാംസെഞ്ച്വറി തികച്ച് സച്ചിൻ ബേബി പുറത്തായെങ്കിലും അർദ്ധസെഞ്ച്വറിയുമായി അസറുദ്ദീൻ കളത്തിലുണ്ട്. മൂന്ന് റൺസുമായി ആദിത്യ സർവാതെയാണ് കൂട്ട്. യുവതാരങ്ങളായ അഭിഷേക് പി.നായരെയും അഭിഷേക് ജെ.നായരെയും ഓപ്പണർമാരായിറക്കിയ കേരളത്തിന് പക്ഷേ തന്ത്രം പാളി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറിയടിച്ച അഭിഷേക് പി.നായരെ (0) ഇന്നലെ റണ്ണെടുക്കാൻ കഴിയും മുന്നേ രാജേഷ് മൊഹന്തി മടക്കി അയച്ചു.
ഫസ്റ്റ് ഡൗണായെത്തിയ ജലജ് സക്സേന അടുത്തഓവറിൽ ഡക്കായി. മൂന്ന് റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ ക്രീസിലെത്തിയ സച്ചിൻ ബേബി അഭിഷേക് ജെ.നായരെ(11)ക്കൂട്ടി പൊരുതിയെങ്കിലും ടീം സ്കോർ 18ലെത്തിയപ്പോൾ ലളിത് യാദവിന് ഇരയായി. തുടർന്ന് നായകൻ വിഷ്ണു വിനോദ് കളത്തിലെത്തി. സച്ചിനും വിഷ്ണവും ചേർന്ന് 58 റൺസിലെത്തിച്ചപ്പോഴാണ് നായകന് മടങ്ങേണ്ടിവന്നത്. പകരമെത്തിയ സൽമാൻ നിസാറിനും 21 റൺസെടുത്ത് മടങ്ങേണ്ടിവന്നു.
തുടർന്ന് ക്രീസിലൊരുമിച്ച മുൻനായകരായ സച്ചിനുംഅസറും അവസാനസെഷൻ വരെ ബാറ്റുചെയ്തു. 235 പന്തുകൾ നേരിട്ട 38കാരനായ സച്ചിൻ 11 ഫോറുകളും ഒരു സിക്സുകളും പായിച്ചശേഷമാണ് സൗമ്യ ലെങ്കയുടെ പന്തിൽ കീപ്പർ ക്യാച്ച് നൽകി മടങ്ങിയത്. 135 പന്തുകൾ നേരിട്ട 32കാരനായ അസർ ആറ് ബൗണ്ടറികൾ പായിച്ചിട്ടുണ്ട്. ഗ്രീൻഫീൽഡിലെ പിച്ചിൽ രണ്ടാം ദിനമായ ഇന്ന് ആവുന്നിടത്തോളം സമയം പിടിച്ചുനിൽക്കുകയാണ് കേരള ബാറ്റർമാരുടെ ലക്ഷ്യം. അസറിനെയും സർവാതെയേയും കൂടാതെ അഭിജിത് പ്രവീൺ, വൈശാഖ്, നിതീഷ് എന്നിവരാണ് കേരളത്തിനായി ബാറ്റുചെയ്യാനുള്ളത്.
നമ്മുടെ സച്ചിനും അസറും
1988 ഡിസംബർ 11ന് സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ മുംബയ്ക്ക് വേണ്ടി ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് സെഞ്ച്വറി നേടിയതിൽ ആവേശംകൊണ്ടാണ് തൊടുപുഴക്കാരനായ ക്രിക്കറ്റ് സ്നേഹി പി.സി ബേബി ഡിസംബർ 18ന് പിറന്ന മകന് സച്ചിനെന്ന് പേരിട്ടത്. ചെറുപ്പത്തിലേ അവനെ ക്രിക്കറ്റ് പരിശീലനത്തിനയച്ചതോടെ കേരളത്തിന് ലഭിച്ചത് എക്കാലത്തേയും മികച്ച ബാറ്ററേയും നായകനേയും. ഫസ്റ്റ് ക്ളാസിലും ലിസ്റ്റ് എയിലും ട്വന്റി-20യിലും നൂറിലേറെ മത്സരങ്ങൾ വീതം കളിച്ച സച്ചിൻ ബേബിക്ക് കീഴിലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തി ചരിത്രം കുറിച്ചത്.
കാസർകോട് തളങ്കര സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീന് ആ പേരുവരാൻ കാരണം മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനോടുള്ള മാതാപിതാക്കളുടെ ആരാധനയാണ്. വിക്കറ്റ് കീപ്പർ ബാറ്ററായ അസറുദ്ദീൻ കേരളത്തിനായി 44 ഫസ്റ്റ് ക്ളാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ഫസ്റ്റ് ക്ളാസിലും ലിസ്റ്റ് എയിലും ട്വന്റി-20യിലും സെഞ്ച്വറിയും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ അസറായിരുന്നു കേരള ക്യാപ്ടൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |